രാജപുരം: പൂക്കയം പാലത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം മാലക്കല്ല്, പൂക്കയം, കരിവേടകം, ബന്തടുക്ക റൂട്ടില്‍ വാഹന ഗതാഗതത്തിന് തടസ്സമാകുന്നു. പാലത്തിനോട് ചേര്‍ന്നുള്ള റോഡിലെ കയറ്റവും വീതി കുറഞ്ഞ വളവുകളും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്നു.
റോഡിലേക്ക് അപകടകരമായി ചരിഞ്ഞ് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും വശങ്ങളിലെ ആഴമേറിയ കുഴികളും കുളങ്ങളും തോടുകളും മൂലം കെഎസ്ആര്‍ടിസിക്ക് സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുന്നില്ല. പ്രദേശത്തെ പഴക്കം ചെന്ന ഈ റോഡ് കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, ബന്തടുക്ക വഴി സുള്ള്യയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
ഈ മേഖലയിലെ വിദ്യാര്‍ത്ഥികളും ആയിരക്കണക്കിന് വരുന്ന പൊതുജനങ്ങളും സ്വകാര്യ ഓട്ടോടാക്സിക്കാരുടെ ഭീമമായ നിരക്കുകള്‍ക്ക് വിധേയമായി യാത്ര ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് ഈ റോഡ് കടന്നു പോകുന്ന കുറ്റിക്കോല്‍, കള്ളാര്‍, പനത്തടി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പെട്ടെന്ന് പരിഹാരമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: