മുംബൈയില്‍ ജനിച്ചുവളര്‍ന്ന മോഡേണായ ഒരു പെണ്‍കുട്ടി, മലയാളം വ്യക്തമായി പറയാനറിയാത്ത കുട്ടി ഒരു സുപ്രഭാതത്തില്‍ മലയാളികളുടെ പ്രിയതാരമാകുന്നു. അവളെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുന്നു. കാണുന്നവരെല്ലാം കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നു. വെള്ളിത്തിരയിലെ സ്വപ്നതുല്യമായ തുടക്കം. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ നിമിഷ സജയന് എന്ന മുംബൈ മലയാളി പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. പ്രേക്ഷകമനസില്‍ എക്കാലവും നിറഞ്ഞുനില്ക്കുന്ന ശ്രീജ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നിമിഷ സജയന് മലയാളസിനിമയുടെ പ്രതീക്ഷയാണ്.
എറണാകുളം വാഴക്കാല സ്വദേശിയായ സജയനും കൊല്ലം പുനലൂര്‍ സ്വദേശിയായ ബിന്ദുവും മുംബൈയില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുംബൈയില്‍ എഞ്ചിനീയറായ സജയന്റെ ഇളയമകളാണ് നിമിഷ. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുബൈയില്‍. മുബൈയിലെ കാര്‍മല്‍ കോണ്‍വെന്റ് സ്കൂളില്‍ പഠനം. സ്കൂള്‍ പഠനകാലത്ത് സ്കിറ്റിലും മറ്റും മുഖം കാണിച്ച നിമിഷയ്ക്ക് സിനിമ തലയ്ക്കു പിടിച്ചത് പ്ലസ്ടു പഠനകാലത്താണ്. ഒരു പക്ഷേ കാരണക്കാരന്‍ അച്ഛന് സജയനും.
ദീര്‍ഘകാലം മുബൈയിലായിരുന്നുവെങ്കിലും സജയന് ബോളിവുഡ് സിനിമകളോട് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ മലയാള സിനിമകളെ അകമഴിഞ്ഞു സ്നേഹിച്ചിരുന്നു. ഒട്ടുമിക്ക മലയാള സിനിമകളും മുബൈയില്‍ റിലീസ് ചെയ്യുമ്പോള്‍ കുടുംബത്തോടൊപ്പം കണ്ടു. നാടിനോടും മലയാള സിനിമയോടുമുള്ള സജയന്റെ അഭിനിവേശമാവാം നിമിഷയുടെ ചിന്തകളെ മാറ്റിയത്. ചേച്ചി നീതു എംബിഎ തെരഞ്ഞെടുത്തപ്പോള്‍ നിമിഷ മുംബൈ സുമയ്യ കോളേജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായി. ഒപ്പം മോഡലിങ്ങും. സിനിമാ സ്വപ്നങ്ങള്‍ മനസില്‍ നെയ്തുകൂട്ടിയ സമയത്താണ് ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാരം’ റിലീസായത്. നാട്ടില്‍ എറണാകുളം ലുലുമാളില്‍ ചേച്ചി നീതുവിനൊപ്പം സിനിമ കണ്ടിറങ്ങിയപ്പോള്‍ സംസാരിച്ച വാക്കുകള്‍ അറംപറ്റിയതിന്റെ ‘ഞെട്ടലി’ലാണ് നിമിഷ.
”മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങിയപ്പോഴാണ് ചേച്ചി നീതുവിന്റെ കമന്റ്. മഹേഷിന്റെ പ്രതികാരത്തില്‍ അപര്‍ണ ബാലമുരളി പുതുമുഖമായി വന്ന് ഗംഭീരമാക്കി. നീയും ഇതുപോലെ ദിലീഷേട്ടന്റെ സിനിമയില്‍ തുടങ്ങിയാല്‍ അടിപൊളിയായേനെയെന്ന്. അന്ന് അതൊരു സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ത്രില്ലിലാണിപ്പോള്‍”
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയില്‍ അവസരമുണ്ടെന്നറിഞ്ഞ് ഫോട്ടോകള്‍ അയച്ചുകൊടുക്കുകയായിരുന്നു നിമിഷ. മൂന്നുതവണ ഓഡിഷനുശേഷമാണ് ‘ശ്രീജ’ നിമിഷയെ തേടിയെത്തിയത്. കഴിഞ്ഞ നവംബറില്‍ വളരെ പ്രതീക്ഷയോടെ ഓഡിഷനെത്തിയ നിമിഷ സങ്കടത്തോടെയാണ് മടങ്ങിയത്.
കാഴ്ചയിലും പ്രകടനത്തിലും ഓക്കെ പറഞ്ഞെങ്കിലും നിമിഷയുടെ മലയാളം ദിലീഷിന്റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. മലയാളം നല്ലരീതിയില്‍ പറയാനറിയാത്തതിനാല്‍ മലയാളം നന്നായി പഠിച്ചുവരാന്‍ ദിലീഷ് ഉപദേശിച്ചു. ‘ടെന്‍ഷന്‍ അടിക്കേണ്ട, എനിക്ക് അറിയാവുന്ന മറ്റു സംവിധായകരോട് പറയാം. വേറെയും ട്രൈ ചെയ്യാം’. എന്നൊക്കെ ദിലീഷേട്ടന് പറഞ്ഞപ്പോള്‍ ഞാന്‍ കരയുമെന്ന അവസ്ഥയിലായി. വീട്ടിലെത്തിയ ഉടന്‍ അച്ഛന്റെ നാടായ വാഴക്കാലയിലേക്ക് വണ്ടി കയറി. അവിടെ അമ്മായിയുടെ അടുത്ത് താമസിച്ചാണ് മലയാളം ക്ലിയറാക്കിയത്. അപ്പോഴാണ് വീണ്ടും ഓഡിഷന് വിളിച്ചത്.
ഇത്തവണ ലുക്ക് ടെസ്റ്റായിരുന്നു. ശ്രീജയുടെ കോസ്റ്റ്യൂമൊക്കെ ഇട്ടു നോക്കി. അപ്പോഴും ദിലീഷേട്ടന് ഉറപ്പുപറഞ്ഞില്ല. മൂന്നാമത്തെ ഓഡീഷനാണ് തനിക്ക് ‘ശ്രീജയെ’ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നത്. അന്നാണ് കഥയെക്കുറിച്ച് പറയുന്നതും. ശ്രീജ ആരാണ്, എന്താണ്, എന്താണ് ശ്രീജയുടെ ജീവിതസാഹചര്യം എന്നൊക്കെ. കേട്ടപ്പോള്‍ സന്തോഷം തോന്നി. ഒരു പുതുമുഖനടിയ്ക്ക് ലഭിക്കുന്ന ഭാഗ്യമാണ് ശ്രീജയെപ്പോലൊരു കഥാപാത്രം. ശ്രീജയെ എങ്ങനെ അവതരിപ്പിക്കുമെന്ന ടെന്‍ഷനില്ലായിരുന്നു. കാരണം എന്തുതെറ്റും, കൂളായി പറഞ്ഞുതിരുത്തി ചെയ്യിപ്പിക്കുന്ന ആളാണ് ദിലീഷേട്ടന്.”
”നിമിഷയും ‘ശ്രീജ’യും തമ്മില്‍ ഒരു പാട് അന്തരങ്ങളുണ്ടായിരുന്നു. ശ്രീജ വളരെ പക്വതയാര്‍ന്ന, ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയാണ്. നിമിഷ അങ്ങനെയല്ല. കുറച്ചു മോഡേണാണ്. എടുത്തുചാട്ടമുള്ള സ്വഭാവമാണ്. ‘ശ്രീജ’യുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രം. ‘ശ്രീജ’ നിമിഷയുടെ യഥാര്‍ത്ഥ സ്വഭാവത്തില്‍ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. എന്നാല്‍ സിനിമ കണ്ടിറങ്ങിയതുമുതല് ശ്രീജയോട് വല്ലാത്ത ഒരിഷ്ടമാണ്.”
ഒന്നരമാസത്തെ ഷൂട്ട് കാസര്‍കോഡ് വച്ചായിരുന്നു. ആദ്യമായി കാസര്‍കോഡ് എത്തിയ നിമിഷയ്ക്ക് രസകരമായ അനുഭവങ്ങളാണ് ഷൂട്ടിംഗ് സമ്മാനിച്ചത്. ”ആദ്യമൊക്കെ കാസര്‍കോഡുകാരുടെ മലയാളം കാരണം ഞാന്‍ പുറത്തിറങ്ങില്ലായിരുന്നു. അവരുടെ സംഭാഷണരീതി മനസിലാവില്ല. ഒരുദിവസം എന്നെകാണാന്‍ പുറത്തു കുറെ ചേച്ചിമാര് നിന്നിരുന്നു. ഇറങ്ങിവന്നപ്പോള്‍ അവര്‍ ബയിച്ചോ, ബയിച്ചോ എന്നു ചോദിച്ചു. ഞാന്‍ ഓടി അകത്തുകയറി. സെറ്റിലെ കാസര്‍കോഡുള്ള ഒരു ചേട്ടനാണ് പറഞ്ഞത് കഴിച്ചോ എന്നാണ് അവര്‍ ചോദിച്ചതെന്ന്”.
ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു ഒരു സ്കൂള്‍ ഉണ്ടായിരുന്നു. ഒരുദിവസം കാരവാനില്‍ സുരാജേട്ടന്, അലന്സിയറേട്ടന് എന്നിവര്ക്കൊപ്പമിരിക്കുമ്പോള് സ്കൂള്‍ കുട്ടികളുടെ ബഹളം. അവര്‍ക്ക് സിനിമയിലെ നടിയെ കാണണം. ഞാന്‍ ശ്രീജയുടെ വേഷത്തിലായിരുന്നു. ഇറങ്ങിവന്നു. അവരുടെ ഡയലോഗ്, ഞങ്ങള്‍ക്ക് ഈ ചേച്ചിയെ അല്ല കാണേണ്ടത്. അവര്‍ മനസില്‍ ജീന്‍സും ടോപ്പുമൊക്കെയിട്ട് ഗ്ലാമറസായ ഒരു പെണ്‍കുട്ടിയെയാണ് പ്രതീക്ഷിച്ചത്. സുരാജേട്ടന്റെ ഡയലോഗ് ഉടന്‍, സിനിമ ഇറങ്ങുമ്പോള്‍ നിനക്കൊക്കെ മനസിലാവുമെടേ എന്ന്.”
സുരാജ് വെഞ്ഞാറമൂടിനും ഫഹദ് ഫാസിലിനുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ വ്യത്യസ്ത അനുഭവങ്ങളാണ് നിമിഷയ്ക്കുള്ളത്. സുരാജേട്ടന് ഫ്രണ്ട്ലിയാണ്. എപ്പോഴും കളിയും ചിരിയും തമാശയും. വളരെ കംഫര്‍ട്ടബിളാണ്. ഒപ്പം അഭിനയിക്കാന്‍ ഒരു ടെന്ഷനുമുണ്ടാവില്ല. ഫഹദ് പക്കാ പ്രൊഫഷണലാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന് കൂടിയാണ്. അഭിനയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞുതരും. ശ്രീജയെ മെച്ചപ്പെടുത്താന്‍ എനിക്ക് വളരെ സഹായകമായിരുന്നു ആ ഉപദേശങ്ങള്‍.”
ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ തന്നെ തിരിച്ചറിയുന്നതിലാണ് സന്തോഷമെന്ന് നിമിഷ പറയുന്നു. ”കാണുന്നവര്‍ക്കെല്ലാം ഞാന്‍ ശ്രീജയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.” രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ നിമിഷ എറണാകുളം വെണ്ണലയില്‍ താമസവുമാക്കി. പി. അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ നിഗം നായകനായ ഈഡയില് ഐശ്വര്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് നിമിഷയ്ക്ക്. ഒരു പ്രണയകഥയാണിത്. നിമിഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: