പഴയകാല സഹപ്രവര്‍ത്തകരെ കാണുന്നതും അവരോടൊത്ത് സമയം ചെലവഴിക്കുന്നതും എന്നും സുഖകരമായ അനുഭവമാണ്. എന്നാല്‍ അതിനു തികച്ചും വ്യത്യസ്തമായ അവസ്ഥയില്‍ എത്തിയ ഒരനുഭവവും ഈയിടെയുണ്ടായി. തൊടുപുഴയിലെ ആദ്യകാല സംഘപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന ഗോപകുമാറിന്റെ പത്നി ലത അന്തരിച്ചശേഷം അവരുടെ കോലാനിയിലെ ചന്ദ്രവിലാസില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകന്റെ ഭാര്യാ പിതാവ് ദിവാകരനാണ് പരാമര്‍ശിതനായ വ്യക്തി.
ഗോപകുമാറിന്റെ പത്നി ലത രണ്ടുദിവസം മുന്‍പുമാത്രം അര്‍ബുദ ചികിത്സക്കായി എറണാകുളത്തെ അമൃതാ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സമയത്ത് ഞാനും കുടുംബസഹിതം അവിടെയുണ്ടായിരുന്നു. ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയ്ക്കാണ് ഞാന്‍ അവിടെപ്പോയത്. അതിന്റെ ശസ്ത്രക്രിയയും റേഡിയേഷനും മറ്റുമായി അവിടെ ഒരു മാസത്തിലേറെയായി ഞാനും അവിടെയുണ്ടായിരുന്നു. തന്റെ സ്ഥിതി വളരെ മോശമാണെന്നറിഞ്ഞിട്ടും വളരെ സമചിത്തയും പ്രസന്നയുമായിട്ടാണ് ലത ഞങ്ങളോട് പെരുമാറി വന്നത്. രണ്ടുവര്‍ഷമായി രോഗഗ്രസ്തയായിരുന്നിട്ടും സ്ഥലത്തെ സാമൂഹ്യരംഗത്ത് സജീവമായിരുന്നു അവര്‍. ഭര്‍ത്താവ് ഗോപകുമാറിന്റെ കുടുംബത്തിലെ വളരെ അടുത്തബന്ധുവായിരുന്ന ദീര്‍ഘകാലം പ്രചാരകനായിരുന്ന സി.എന്‍ കരുണാകരന്.
അടിയന്തരാവസ്ഥ കാലത്ത് കൊടിയമര്ദ്ദനങ്ങള്ക്കു വിധേയനായി ആരോഗ്യം നശിച്ച് ഏതാനും വര്‍ഷങ്ങല്‍ക്ക് മുമ്പ്, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്കു സമീപമുള്ള സ്വവസതിയിലായിരുന്നു താമസം. അമൃതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അദ്ദേഹം അന്തരിച്ചത്. താന്‍ പ്രചാരകനായിരുന്ന സ്ഥലങ്ങളിലെല്ലാം സംഘകുടുംബങ്ങളില്‍ സ്നേഹാദരങ്ങള്‍ സമ്പാദിച്ച്, അതുനിലനിര്‍ത്താന്‍ കഴിയുന്നത്ര ആഴമേറിയ സ്വഭാവവിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് കരുണാകരന്റെ മകളുടെ വിവാഹാവസരത്തില്‍ ആ സ്ഥലങ്ങളില്‍നിന്നൊക്കെ സ്വയംസേവകര്‍ എത്തിയിരുന്നു.
ദിവാകരനുമായുള്ള ബന്ധം അരനൂറ്റാണ്ടു മുന്‍പ് ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരിക്കെ തുടങ്ങിയതാണ്. അവിടെ സ്കൂളിലും കോളജിലും പഠിച്ചിരുന്ന കുട്ടനാട്ടുകാരായ കുട്ടികളില്‍ പ്രമുഖനായിരുന്ന വാലടിക്കാരന്‍ ദിവാകരന്. വാലടിയിലെ ശാഖയില്‍ പങ്കെടുക്കാന്‍ പോയത് ആ കുട്ടികള്‍ക്കൊപ്പം കമ്പനി വള്ളങ്ങളിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ കമ്പനികൂടി മാസകൂലിക്ക് ഏര്‍പ്പെടുത്തിയ വള്ളങ്ങളാണവ. പുഞ്ചപ്പാടങ്ങള്ക്കിടയിലെ തോടുകളിലൂടെ നടത്തിയ യാത്രകള്‍ അവിസ്മരണീയങ്ങളാണ്.
രാമചന്ദ്രമേനോന്‍, അയ്യപ്പക്കുറുപ്പ്, വാരിജാക്ഷന്‍, രവീന്ദ്രനാഥക്കുറുപ്പ് തുടങ്ങി ഒട്ടേറെ പേരുടെ മുഖങ്ങള്‍ തെളിഞ്ഞുവരുന്നു. ഈയിടെ പെന്‍ഷനേഴ്സ് സംഘിന്റെ സംസ്ഥാന സമിതിയില്‍ അംഗമായി വാരിജാക്ഷന്‍ എന്ന പേര് പത്രത്തില്‍ വായിച്ചപ്പോള്‍ അത് വാലടിക്കാരന്‍ തന്നെ എന്നുറപ്പിക്കാന്‍ അന്വേഷണം നടത്തി, ഫലിച്ചില്ല. ദിവാകരന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ജോലി ചെയ്യുന്ന കാലത്താണ് പിന്നെ കണ്ടത്. ജന്മഭൂമി തുടങ്ങുന്നതിനാവശ്യമായ ധനം ശേഖരിക്കുന്നതിന് മുംബൈയിലെ സ്വയംസേവകരെ സമീപിക്കാന്‍ അവിടെ പോയപ്പോള്‍ അതിന് മുന്പില് നിന്നത് ദിവാകരനും മുരളി കോവൂരും മറ്റു പലരുമായിരുന്നു.
വാഴപ്പള്ളിക്കാരന്‍ നാരായണപിള്ള, എറണാകുളത്തെ ഗുരുമൂര്‍ത്തി, ആലുവയിലെ ഉണ്ണി, സുബ്രഹ്മണ്യം തുടങ്ങി ഒട്ടേറെപ്പേര്‍ വേണുവേട്ടന്റെ അനുജന് ഗിരീശേട്ടന്റെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങി. ഒന്നൊന്നര മാസക്കാലം അവരോടൊപ്പവും ചഞ്ചല്സ്മൃതിയെന്ന ജനസംഘകാര്യാലയത്തിലും നവയുഗനിവാസ് എന്ന സംഘകാര്യാലയത്തിലുമായി ആ യജ്ഞം നടന്നു. ദിവാകരനും കൂട്ടുകാരും പിന്നീട് മസ്കറ്റില്‍ ജോലിക്കു പോയി. അവിടെയും അവര്‍ ജന്മഭൂമിയുടെ കാര്യം ഭംഗിയായി നിര്‍വഹിച്ചു. സംഘത്തിന്റെ വിശ്വവിഭാഗ് ചുമതല വഹിച്ച ദല്‍ഹിയിലെ ചമന്ലാല്ജിയുടെ നിര്‍ദ്ദേശപ്രകാരം, മസ്കറ്റിലും മറ്റു സ്ഥലങ്ങളിലും സംഘകാര്യം നോക്കാനും അവര്‍ ഉത്സാഹിച്ചു.
അവധിക്കാലത്ത് നാട്ടില്‍ വന്ന അവസരങ്ങളില്‍ അവര്‍ ജന്മഭൂമി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മസ്കറ്റില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുകൊണ്ട് പട്ടാമ്പിയിലെ ഡോ. ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്റെ അച്ഛന് ഡോ. എ.കെ. വാര്യരുടെ പട്ടാമ്പിയിലെ വസതിയില്‍ ഒരുമാസം താമസിച്ച് 1955 ല്‍ ശ്രീഗുരുജി ആയുര്‍വേദ ചികിത്സ ചെയ്തതും സ്മരണീയമാണ്.
ദിവാകരന്റെ വിവാഹം തൊടുപുഴയില്നിന്നായിരുന്നു. ആ വധുവിനേയും കുടുംബത്തേയും എനിക്ക് നന്നായറിയുമായിരുന്നത്, അതിനു സഹായമായി. അവരുടെ മകള്‍ക്ക് ഗോപകുമാറിന്റെ മകന്റെ ആലോചന വന്നപ്പോഴും വിവരങ്ങള്‍ തേടിയത് എന്നോടുതന്നെ. അക്കാര്യങ്ങളെല്ലാം അല്‍പ്പനേരത്തെ സമാഗമത്തില്‍ സംസാരിക്കാന്‍ അവസരമുണ്ടായി. കൂട്ടത്തില്‍ അവരുടെ വാലടി ഗ്രാമത്തിലെ ഗതാഗതത്തില്‍ വന്ന പരിവര്‍ത്തനവും അദ്ദേഹം പറഞ്ഞു. ഇനി അവിടെപ്പോകാന്‍ വള്ളത്തിന്റെ ആവശ്യമില്ല. നല്ല റോഡുകള്‍ വന്നു കഴിഞ്ഞുവത്രേ. വള്ളത്തില്‍ നടത്തിയ യാത്രയും കച്ചവടക്കാരുടെ സ്റ്റേഷനറി വള്ളങ്ങളുമൊക്കെ വിദൂരസ്മരണയായി നില്‍ക്കുകയാണ്.
ഡോ. ഉണ്ണികൃഷ്ണന്റെ കാര്യവും ചര്‍ച്ചാവിഷയമായി. അദ്ദേഹവുമായി ദിവാകരന് ബന്ധം അറ്റുപോയിരുന്നു. നമ്പര്‍ കൊടുത്തു വീട്ടില്‍ തിരിച്ചെത്തിയശേഷം ഡോക്ടറെ വിളിച്ചു. പട്ടാമ്പിക്കടുത്ത് ശങ്കരമംഗലത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസം. ഭാര്യ മണി അന്തരിച്ചശേഷം ക്ലിനിക്കും രോഗികളുമാണ് ലോകം. മുന്‍പ് താലൂക്ക് സംഘചാലകനായിരുന്നു. ഇപ്പോള്‍ അട്ടപ്പാടിയിലെ വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയുടെ ഡയറക്ടര്‍ എന്ന ചുമതലയുണ്ട്. അതില്‍ ഏറെ സക്രിയമാകാനുള്ള പ്രയാസങ്ങള്‍ പറഞ്ഞു. ഇടയ്ക്കിടെ മകനും കുടുംബവും വരും.
ഏറെ നാളുകള്‍ക്കുശേഷമാണ് ഡോക്ടറുമായും ആശയവിനിമയം നടന്നത്.
ദിവാകരനുമായി കാര്യവിചാരം നടത്തുന്നതിനിടെ അന്ന് ജന്മഭൂമി ഡയറക്ടര്‍ സദാശിവന് നായരുടെ പത്നി മായാദേവി അന്തരിച്ച വിവരം അദ്ദേഹം പറഞ്ഞു. വളരെ ദിവസങ്ങളായി കാലുകളുടെ ചലനശേഷി കുറഞ്ഞുവന്ന് കിടപ്പിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ പോയപ്പോഴൊക്കെ അവിടെ പെരുന്നയിലെ വീട്ടില്‍ പോയി അവരുടെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട്.
സദാശിവനും ജ്യേഷ്ഠന് പുരുഷോത്തമനും തൊടുപുഴയില്‍ ദശകങ്ങള്‍ക്കു മുന്‍പ് തയ്യല്‍ക്കടയും റെഡിമേയ്ഡ് വസ്ത്രകടയും നടത്തിയിരുന്നു. തൊടുപുഴയിലെ സംഘത്തിന്റെ വളര്‍ച്ചക്ക് ആ സഹോദരന്മാരുടെ സംഭാവന കനത്തതാണ്. ശ്രീധര്‍ ഡ്രസസ് എന്ന റെഡിമെയ്ഡ് സ്ഥാപനത്തിനു പുറമെ കൈത്തറിത്തുണികളുടെ വ്യാപാരശാലയും തൊടുപുഴയില്‍ പുരുഷോത്തമനും മക്കളും നടത്തുമ്പോള്‍, സദാശിവന് അര്‍ച്ചന എന്ന കട ചങ്ങനാശ്ശേരിയില്‍ നടത്തുന്നു. സദാശിവന്റെ സ്ഥാപനം പലവട്ടം മാര്‍ക്സിസ്റ്റ് ആക്രമണത്തിനു വിധേയമായിട്ടുണ്ട്.
ജന്മഭൂമിക്ക് കോട്ടയത്ത് പതിപ്പു തുടങ്ങാന്‍ മുന്‍കൈയെടുത്തവരില്‍ സദാശിവന് മുന്പിലുണ്ടായിരുന്നു. അതിന്റെ പ്രിന്ററും പബ്ലിഷറും അദ്ദേഹമാണ്. ഇക്കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കിക്കൊണ്ട് മായാദേവിയുണ്ടായിരുന്നു.
സദാശിവനും ഗോപകുമാറും ഡോ. ഉണ്ണികൃഷ്ണനും സഹധര്‍മിണിമാരെ നഷ്ടപ്പെട്ടതിന്റെ തീവ്രദുഃഖം അനുഭവിക്കുന്ന അവസരത്തില്‍ അവരെ നേരിട്ടു ചെന്ന് സംവേദന അറിയിക്കാന്‍ കഴിയാത്തതിന്റെ പ്രയാസമുണ്ട്. അവരുമായി അത്ര കണ്ട് അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു. എല്ലാം ഈശ്വരകല്പിതമാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: