ഇളംമഞ്ഞ വെയിലില്‍ വെട്ടിത്തിളങ്ങുന്ന നീലജലാശയത്തിലേക്ക് ബീവി തുഴകള്‍ ആഞ്ഞാഞ്ഞെറിഞ്ഞു. ശ്രദ്ധ മുഴുവന്‍ കുട്ടത്തോണിയില്‍. ഇടയ്ക്ക് അക്കരയ്ക്ക് നോക്കുന്നുണ്ട്. അങ്ങകലെ പൊട്ടുപോലെ ഏതാനും മനുഷ്യര്‍. ഓ ഇനിയും വരണം എന്ന ആത്മഗതം. ഉദ്ബൂരില്‍ ബീവി ജാനിനെ അറിയാത്തവരില്ല. ചിലര്‍ക്ക് ഇവര്‍ അമ്മയാണ്. കുഞ്ഞുങ്ങള്‍ ഔവ്വ എന്നുവിളിക്കും. സംസ്ഥാന അതിര്‍ത്തിയായ വയനാട് ജില്ലയിലെ ബാവലിയില്‍നിന്ന് ഏറെ വിദൂരത്തല്ല ഉദ്ബൂര്‍. ഗ്രാമീണര്‍ പരുത്തികൃഷിക്കാര്‍.
പച്ചക്കറിയും നന്നായി വിളയുന്നു. ഇടയ്ക്കിടെ ചെണ്ടുമല്ലി തോട്ടങ്ങളുമുണ്ട്. തൊട്ടടുത്താണ് ഘണ്ടത്തൂര്‍. പക്ഷെ ഉദ്ബൂരുകാര്‍ക്ക് ഘണ്ടത്തൂരെത്തണമെങ്കില്‍ 55 കി.മീ. ചുറ്റണം. ഇരു ഗ്രാമങ്ങളുടേയും ഇടയിലൂടെ കബനി ഒഴുകുന്നു, ബീച്ചനഹള്ളിയിലേക്ക്. ബീച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമാണ് ഘണ്ടത്തൂരും ഉദ്ബൂരുമെല്ലാം. മഴ കനത്താല്‍ രണ്ട് കി.മീ കുട്ടത്തോണി വഴി യാത്ര ചെയ്യണം ഘണ്ടത്തൂരിലേക്ക്. ഗ്രാമീണരെ കൂട്ടിയിണക്കുന്നതാകട്ടെ ബീവിയുടെ കുട്ടത്തോണിയും.
നീന്തല്‍ വശമില്ലാത്ത ബീവി കഴിഞ്ഞ 50 വര്‍ഷമായി തോണി തുഴയുന്നു. ബീവിയുടെ തുഴച്ചില്‍ കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും. എട്ടു പത്ത് പേര് വരെ കുട്ടത്തോണിയിലുണ്ടാകും. ഇടയ്ക്കിടെ വന്നടിക്കുന്ന തിരകള്‍ കുട്ടത്തോണിക്കകത്തേക്കും വെള്ളമെത്തിക്കും. പക്ഷെ ഇതൊന്നും അവരെ അലട്ടുന്നില്ല. ഈശ്വര കല്‍പ്പിതമായ ജോലിയെന്നപോലെയാണ് ബീവിക്ക് കുട്ടത്തോണി. 73 വയസ്സായി ബീവിക്ക്.
ഇളം മഞ്ഞ വെയില് വെള്ളിവര നിറഞ്ഞ ശിരസ്സില്‍ വര്‍ണ്ണരാജികള്‍ തെളിയിക്കുമ്പോഴും ഓളങ്ങള്‍ വകഞ്ഞുമാറ്റി ബീവി മുന്നോട്ട്. ശോഷിച്ച കൈകാലുകളൊന്നും ഈ അമരക്കാരിയെ തളര്‍ത്തുന്നില്ല. തുഴക്കോല് ഇപ്പോഴും ആ കൈകളില്‍ ഭദ്രം. ഒരു യാത്രയ്ക്ക് പരമാവധി അരമണിക്കൂര്‍ മാത്രം. തോണി നേര്‍ത്തുനേര്‍ത്ത് ദൃഷ്ടിയില് നിന്നും മറയുന്നത് രസകരമായ കാഴ്ചതന്നെ. തുഴച്ചിലില്‍ നിന്ന് കാര്യമായ കൂലിയൊന്നും കിട്ടില്ല. പലപ്പോഴും പട്ടിണിതന്നെ.
ആര്‍ദ്രമീ ജീവിതം
ഇരുപത് കൊല്ലം മുമ്പായിരുന്നു ആ സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായ ആ യുവതി സത്യത്തില്‍ നിലവിളിക്കുകയായിരുന്ന. കടുത്ത രക്തസ്രാവത്തില്‍ തീര്‍ത്തും അവശ. ഹെഗ്ഡ്ഡേദേവന്‍കോട്ട താലൂക്ക് ആശുപത്രിയിലേക്കായിരുന്നു യാത്ര. അനങ്ങാനും തിരിയാനും വയ്യ. സകലദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് ബീവി തുഴ ആഞ്ഞെറിഞ്ഞ് മറുകരയെത്തി. പിന്നീടറിഞ്ഞത് പ്രസവത്തെത്തുടര്‍ന്ന് ആ യുവതി മരിച്ചു എന്നാണ്. ചോരക്കുഞ്ഞുമായാണ് ബന്ധുക്കള്‍ തോണിയിലെത്തിയത്.
ആ ചേതനയറ്റ ശരീരം മറുകരയെത്തിക്കാനുള്ള നിയോഗവും ബീവിയ്ക്കായിരുന്നു. ഈ മടക്കയാത്രയില്‍ അമ്മിഞ്ഞപ്പാലിനായുള്ള പിഞ്ചുകുഞ്ഞിന്റെ കരച്ചിലാണ് തോണിയില്‍ മുഴങ്ങിയത്. ബീവി പിന്നെ ഒന്നും ആലോചിച്ചില്ല, കുഞ്ഞിനെ മാറോട് ചേര്‍ത്ത് മുലപ്പാല്‍ നല്കി. പിന്നെ ബന്ധുക്കളുടെ ചോദ്യം, കുഞ്ഞിനെ വേണോ?… ബീവിക്ക് സന്തോഷമായി, ‘കുഞ്ഞിനെ എനിക്ക് വേണം’. ആ കുഞ്ഞ് ഇന്ന് ഉമ്മര്‍പാഷയായി ഉദ്ബൂരിലുണ്ട്. വളര്‍ത്തച്ഛന്റെ മരണശേഷവും.
പട്ടിണി അകറ്റാന്‍ കഠിനാദ്ധ്വാനം ചെയ്യുമ്പോഴും ബീവിയുടെ മനസ് ആര്‍ദ്രമാണ്. കൃഷിക്കാരും രോഗികളും തൊഴിലാളികുമെല്ലാം കുട്ടത്തോണിയിലുണ്ടാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന പലരുടെയും കൈയില്‍ നാണയത്തുട്ടുകളും ഉണ്ടാകാറില്ല. ബീവിക്കത് പ്രശ്നവുമല്ല. അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പെട്ടന്നെത്താനുള്ള മാര്‍ഗ്ഗവും കുട്ടത്തോണി തന്നെ. ഉദ്ബൂരില്‍ ബീവിക്ക് രണ്ട് സുഹൃത്തുക്കള്‍ പുട്ടണ്ണനും കാരാമയും. രണ്ടുപേര്‍ക്കും കുട്ടത്തോണിയുണ്ട്.
പുട്ടണ്ണന് ഒന്‍പതും കാരാമയ്ക്ക് മൂന്നും പെണ്മക്കള്. ഇവരുടെ കുടുംബത്തിന്റെ ദാരിദ്രാവസ്ഥ മനസിലാക്കിയാണ് ബീവി കുട്ടത്തോണിയുമായി ഇവിടെയെത്തിയത്. എന്‍ബേഗൂരും ഘണ്ടത്തൂരും അതിര്‍ത്തി പങ്കിടുന്ന ഉദ്ബൂര്‍ പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ്. ഇന്ത്യയിലെ വന്‍കിട റിസോര്‍ട്ടുകളില്‍ പലതും ഇവിടെയുണ്ട്. ഐടി കമ്പനികള്‍ നേരത്തെതന്നെ ഇവിടെ ബുക്കുചെയ്യുന്നു. ആനസവാരിയും കാനനസവാരിയും പതിവുകാഴ്ച്ച. കാട്ടാനക്കൂട്ടങ്ങള്‍ മേയുന്നതും അണകെട്ടിന്റെ അരികില്‍തന്നെ.
അമ്മയായി കബനി
കാറ്റുംകോളും വകവെയ്ക്കാതെ ബീവിയുടെ യാത്ര സഞ്ചാരികള്‍ക്ക് പ്രിയങ്കരം തന്നെ. ഒരിക്കല്‍ അഞ്ച് സ്ത്രീകളുമായി കുട്ടതോണി യാത്ര നടത്തവെ ശക്തമായ കാറ്റടിച്ചു. നിയന്ത്രണം വിട്ട തോണി കിലോമീറ്ററുകള്‍ താണ്ടി. അലറിവിളിച്ച സ്ത്രീകളെ പങ്കായംപൊക്കി ഭയപ്പെടുത്തി ബീവി അനങ്ങാതിരുത്തി. ഒന്നര മണിക്കൂര്‍ നേരത്തെ കഠിനശ്രമത്തിനൊടുവില്‍ തോണി കരയ്ക്കടുത്തു. പിന്നെ ഒരു ദീര്‍ഘനിശ്വാസം മാത്രം. ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍.
അണക്കെട്ടിന് നടുപ്പരപ്പിലും ഓളപ്പരപ്പിലുമെല്ലാം ബീവിക്ക് ആരെയും ഭയമില്ല. എല്ലാം ഈശ്വരനിശ്ചയം. മൈസൂര്‍ ജില്ലയിലെ ഹെഡ്ഡേദേവന്‍കോട്ട താലൂക്കിലെ മൂര്‍ബന്ധറില്‍ 1944ല്‍ ആണ് ബീവിയുടെ ജനനം. ആയിഷ-മുഹമ്മദ് ദമ്പതികളുടെ രണ്ടാമത്തെ മകള്‍. ചേച്ചി ഖയറുവും അനുജത്തി ഹാസിബിയും രണ്ടാംതരത്തില്‍ പഠനം നിര്‍ത്തി. സ്കൂളിന്റെ പടിപോലും ബീവി കണ്ടിട്ടില്ല, എഴുത്തും വായനയും അറിയില്ല, പച്ചക്കറി, പരുത്തി പാടങ്ങളിലെ കൂലിപണി അല്ലലകറ്റി.
അഹമ്മദ്ഷായുമായി വിവാഹം. അദ്ദേഹത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. ഷാ കഴിഞ്ഞവര്‍ഷം മരിച്ചു. ഷാ ആയിരുന്നു തോണിക്കാരന്. തോണിയും നിര്‍മ്മിക്കുമായിരുന്നു. മീന്‍ പിടിത്തവും പതിവാക്കി. അതോടെ പകരക്കാരിയായി ബീവി ജാന്‍ തുഴക്കോല് കൈയിലേന്തി. അമ്മയായതോടെ ജീവിതഭാരം കൂടി. കൈക്കുഞ്ഞുങ്ങളെ തോണിയില്‍ കിടത്തി തോണി തുഴഞ്ഞു. നാദിറ, ഖുലാബ്ജാന്‍, നൂറി പിന്നെ ചാന്‍ബാഷ അങ്ങനെ നാല് മക്കള്‍. ചാന്‍ബാഷ കുറച്ചുകാലം മുന്‍പ് ബാവലിയില്‍ മുങ്ങിമരിച്ചു. ദര്‍ഗ്ഗ സന്ദര്‍ശനിത്തിനിടെയായിരുന്നു ആ അപകടം.
ബീവിക്ക് പഞ്ചായത്ത് ഇത്തവണ ഫൈബര്‍ കുട്ടത്തോണി കൊടുത്തിട്ടുണ്ട്. പ്രായാധിക്യത്താല്‍ പലപ്പോഴും പകരക്കാരാണ് തുഴയുക. രാവിലെ എട്ട് മണിയോടെ തുഴക്കാരിയായെത്തുന്ന ബീവിയുടെ കാത്തിരിപ്പ് അഞ്ച് മണിവരെ തുടരും. നാട്ടുമരുന്നുകളാണ് ആരോഗ്യത്തിന്റെ രഹസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: