കല്‍പ്പറ്റ : നഴ്സുമാരുടെ വേതനം ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജൂലൈ 11ന് നടക്കുന്ന സംസ്ഥാന സൂചന പണിമുടക്കിന്റെയും സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും മുന്നോടിയാ യാണ് ഇന്നലത്തെ സമരം. നേഴ്സുമാര്‍ മാനേജ്മെന്റുകളോട് നിസഹകരണസമരം തുടരുകയാണ്.
ഐആര്‍സി മിനിമം വേജ് കമ്മിറ്റിയില്‍ വേതനവര്‍ദ്ധനവ് സംബന്ധി ച്ച ട്രേഡ് യൂണിയനുകളുടെ നിര്‍ദ്ദേശം അംഗീകരിക്കിലെന്ന മാനേജ്മെന്റുകളുടെ പിടിവാശിയാണ് പ്രക്ഷോഭത്തിന് കാരണം.
സ്വകാര്യ ആശുപത്രികളിലെ ട്രേഡ് എട്ട് കാറ്റഗറിയിലുള്ള ജീവനക്കാര്‍ക്ക്18900 രൂപ മിനിമം വേതന കണക്കാക്കിയാണ് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ദ്ധനവിന് മാനേജ്മെന്റ് തയ്യാറല്ല.
തുല്യ ജോലിക്ക് തുല്യ കൂലി എന്ന നിലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നല്‍കാമെന്ന് സുപ്രീകോടതി ഉത്തരവും ബലരാമന്, വീരകുമാര്‍ കമ്മിറ്റികളുടെ ശുപാര്‍ശയും നിലവിലുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം നല്കാന് തയ്യാറാണെന്നാണ് മാനേജ്മെന്റുകള്‍ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മിനിമം വേതനം എകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് യുഎന്‍എയുടെ ആവശ്യം. തൊഴിലാളി ദ്രോഹം തുടരാനാണ് മാനേജ്മെന്റും തൊഴില്‍വകുപ്പും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഇവര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് സുജനപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിധിന് സുധാകരന് അധ്യക്ഷത വഹിച്ചു. ബെല്‍ജോ ഏലിയാസ്, ശോഭി ജോസഫ്, മുഹമ്മദ് സാലി, എം.കെ. ജാനേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: