പരപ്പനങ്ങാടി: പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ വാക്കും പാഴ്വാക്കായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ജൂലൈ ഒന്നു മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനമാണ് ജലരേഖയായത്.
തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം കണ്ടെത്തി അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാനായിരുന്നു ഉത്തരവ്. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ഇന്റര്‍വ്യൂ നടത്തിയെങ്കിലും പലയിടത്തും ഡോക്ടര്‍മാര്‍ ആരുമെത്തിയില്ല.
പരപ്പനങ്ങാടി നഗരസഭയില്‍ ഒരു സിഎച്ച്സിയും രണ്ട് പിഎച്ച്സിയുമാണ് നിലവിലുള്ളത്. മന്ത്രിയുടെ ഉത്തരവ് പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നു വീതവും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ടു വീതവും ഡോക്ടര്‍മാരെയാണ് നിയമിക്കപ്പെടേണ്ടിയിരുന്നത.് ഡോക്ടര്‍മാര്‍ ഇന്റര്‍വ്യൂവിന് എത്താത്തതിനാല്‍ പദ്ധതി തുടക്കത്തിലേ പാളി. ജൂലൈ ഒന്നുമുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെ പരിശോധനാ മുറിയില്‍ നിന്നും ഉള്ള ഡോക്ടര്‍മാര്‍ സ്ഥലം വിടും. മിക്കപ്പോഴും ഒപി കൗണ്ടര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത് പാര്‍ട്ട് ടൈം ജീവനക്കാരെയാണ്. ഇവരുടെ ഡ്യൂട്ടി സമയം എട്ടു മുതല്‍ 12 വരെ ആയതിനാല്‍ 11 മണിക്ക് തന്നെ ഒപി ടിക്കറ്റ് വിതരണം അവസാനിക്കും. പിന്നീടു വരുന്ന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
സ്വകാര്യ ആശുപത്രികളുടെ ഓഫറുകള്‍ താല്‍ക്കാലിക ജോലിയില്‍ നിന്നും ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുന്നുണ്ട്. ജോലിഭാരവും തുച്ഛ ശമ്പളവും കാരണവും ഡോക്ടര്‍മാര്‍ തല്ക്കാലിക ജോലിയില്‍ നിന്നും മുഖം തിരിക്കുന്നുണ്ട്. ഇന്റര്‍വ്യൂകളില്‍ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുകയും ഡോക്ടര്‍മാരെ കിട്ടാതെ വരികയും ചെയ്ത തദ്ദേശസ്ഥാപനങ്ങള്‍ ത്രിശങ്കു സ്വര്ഗത്തിലാണിപ്പോള്.
ഉച്ചക്ക് ഒരു മണിക്ക് ശേഷം വൈകിട്ട് ആറ് വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എങ്ങനെ പ്രവര്ത്തിപ്പിക്കുമെന്നറിയാതെ തദ്ദേശ സ്ഥാപനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ നവംബര്‍ 25ന് പരിയാപുരം അയോദ്ധ്യാ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ച അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറില്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങുന്ന അവസ്ഥാണ് ഇപ്പോള്‍.
നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള ഈ ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. ഡോക്ടറെ കൂടാതെ ഫാര്മസിസ്റ്റടക്കം നാല് ജീവനക്കാരാണ് ഇവിടെ നിലവിലുള്ളത്,
മല്‍സ്യതൊഴിലാളികളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും പട്ടികജാതി കോളനിയും അടങ്ങിയ ചേരിപ്രദേശത്തിന്റെ ഏക ആശ്രയമാണ് ഈ ആരോഗ്യ കേന്ദ്രം തീരദേശത്ത് പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നു പിടിക്കുമ്പോഴാണ് ഇവിടെ ഡോക്ടറില്ലാത്ത അവസ്ഥ വന്നത്. ദിവസം ഇരുന്നൂറിലധികം രോഗികളെ പരിശോധിച്ചിരുന്ന ആശുപത്രിയാണ് ഡോക്ടറുടെ അഭാവത്തില്‍ നാഥനില്ലാകളരിയായത്.
കിലോമീറ്ററുകള്‍ക്കകലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ ജനങ്ങള്‍ .
അയോദ്ധ്യ നഗറിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്ന് ബിജെപി പരപ്പനങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാട്ടില്‍ ഉണ്ണികൃഷ്ണന്, സന്തോഷ് ടി പി, സുനില്‍കുമാര്‍ മാരാ തടത്തില്‍, കെ പി കുട്ടിമോന്‍, ഷൈജു കെ, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: