കേരളം വര്‍ഷങ്ങളായി മാഫിയകളുടെ നാടാണ്. ബ്ലേഡ് മാഫിയയാണ് ഇതിലൊന്ന്. ഇപ്പോള്‍ പെണ് ബ്ലേഡ് മാഫിയയും വന്നിരിക്കുന്നു. കടംവാങ്ങി തിരിച്ചുകൊടുക്കാനാകാതെ വന്നപ്പോള്‍ വട്ടിപ്പലിശക്കാരെത്തി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്പില്വച്ച് അപമാനിച്ചപ്പോഴാണ് ഹരിപ്പാട്ടെ വീട്ടമ്മ ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചത്.
മാഫിയ അഭ്രപാളിയിലേക്കും പ്രവേശനം നേടിയിരിക്കുന്നു. ”ഇന്ന് സിനിമ നടന്മാരും നടികളും മുഖത്ത് പെയിന്റടിച്ച കുറ്റവാളികളാണ്” എന്ന് ഒരു ബിജെപി നേതാവ് പ്രതികരിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മുഖത്ത് ചായം പൂശി നടിക്കുമ്പോഴും അവരുടെ തലച്ചോറ് എങ്ങനെ, ഏത് ക്രിമിനല്‍ കുറ്റം ചെയ്താല്‍ കൂടുതല്‍ പണം കിട്ടും എന്ന തിരച്ചിലിലാണ്. ഒരു നടന് അങ്ങനെ തുടങ്ങിയ ‘ദേ പുട്ട്’ എന്ന സംരംഭം ‘ദേ പെട്ടു’ എന്ന് പേരുമാറ്റേണ്ടിവന്നിരിക്കുകയാണെന്ന് ഒരാള്‍ പരിഹസിക്കുന്നത് ഞാന്‍ കേട്ടു. ആ നടന് ഹോട്ടലും തിയറ്ററുകളും ഭൂസ്വത്തുക്കളും ഉണ്ടെങ്കിലും ജനങ്ങളെക്കൊണ്ട് പുട്ടടിപ്പിച്ചും പണം നേടാമെന്ന് കാണിച്ചുതരികയായിരുന്നു.
ഇടതുപക്ഷസര്‍ക്കാര്‍ സിനിമാ മേഖലയെ ക്രിമിനലുകളുടെ പിടിയില്‍നിന്നും മുക്തമാക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണത്രെ. ക്രിമിനലുകള്‍ സിനിമയുടെ എല്ലാ മേഖലയിലും കയറിപ്പറ്റിയിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേരളത്തില്‍ ഇത് പീഡനപര്‍വമാണ്. വിശപ്പ് എന്ന വാക്കിനേക്കാള്‍ പ്രചാരം പീഡനം എന്ന വാക്കിനാണ്. സിനിമ മേഖലയും കുറ്റവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ ചുമതല കൂടി. വിനോദിപ്പിക്കാനുള്ള വ്യവസായം ഞെട്ടിക്കാനുള്ളതാകുമ്പോള്‍ പ്രേംനസീറിന്റെയും തിക്കുറിശ്ശിയുടെയും അടൂര്‍ ഭാസിയുടെയും മറ്റും കാലത്തേക്ക് തിരിച്ചുപോകാന്‍ പറ്റിയിരുന്നെങ്കിലെന്ന് ചിന്തിക്കുന്നവര്‍ പോലുമുണ്ട്.
കേരളത്തില്‍ ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് രംഗങ്ങള്‍ പകര്‍ത്തിയത് വാര്‍ത്തയായിരുന്നു. ഭൂമാഫിയയില്‍പ്പെട്ട ഒരു നടനുമായുള്ള ഇടപാടുകള്‍ അവരെ കൊണ്ടുചെന്നെത്തിച്ചത് സിനിമാ മേഖലയില്‍നിന്ന് പുറത്തേക്കുള്ള വാതിലിലേക്കാണത്രെ.
”ഏതു വലിയതാരം ആണെങ്കിലും അയാളെ വെറുതെ വിടില്ല” എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞുകഴിഞ്ഞു. സിനിമാ വ്യവസായവും അതിലെ നടന്മാരും സംവിധായകരും നിര്‍മാതാക്കളും സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളുടെ സഹായത്താലാണെന്നും മന്ത്രി ബാലന് പറയുകയുണ്ടായി.
സിനിമാ വ്യവസായം ശുദ്ധീകരിക്കാന്‍ മറ്റ് സംഘടനകളുടെയും സഹായം ആവശ്യമാണ്. പ്രമുഖ നടിയെ പീഡിപ്പിച്ചത് വളരെയധികം ആസുത്രണത്തോടെയാണെന്ന് വ്യക്തമാകുകയാണ്. അവരെ സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്ന ലോബി തന്നെയാണ് ഇതിനുപിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. മുന്‍ മന്ത്രിയും എംഎല്‍എയും നടനുമായ ഗണേഷ് കുമാറും സിനിമാ വ്യവസായത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വ്യാപകമാണെന്നും ഇവരെ ഒഴിവാക്കാന്‍ കര്‍ശന നടപടി വേണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.
മലയാള സിനിമാ മേഖലയില്‍ ഫാന്‍സ് മാത്രമല്ല ഉള്ളത്, ഗുണ്ടകളും മയക്കുമരുന്നുകളും എല്ലാം വ്യാപകമാണെന്നത് പൊതു അറിവാണ്. ഇപ്പോള്‍ പോലീസിന്റെ ശ്രദ്ധ ഈ മേഖലയില്‍ പതിഞ്ഞ സാഹചര്യത്തില്‍ ഈ വ്യവസായത്തിന്റെ തനിനിറമാണ് വെളിപ്പെട്ടിരിക്കുന്നത്. നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ആര്‍ക്കുവേണ്ടി എടുത്തുവെന്ന അന്വേഷണമാണ് ഇപ്പോള്‍ ഊര്‍ജിതമായി നടക്കുന്നത്.
കേരളത്തില്‍ പെട്ടെന്നാണ് പെണ്‍വാണിഭങ്ങള്‍ ചുരുളഴിയാന്‍ തുടങ്ങിയത്. സൂര്യനെല്ലി മുതല്‍ പറവൂര്‍ വരെ മാത്രമല്ല ഇത് നീണ്ടത്. പീഡനം അങ്ങനെയാണ് ഒരു സാധാരണ വാക്കായത്. പീഡന വിഷയം എന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാണെങ്കിലും ഇരയായ ഏതെങ്കിലും ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടോ? മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്കിയതിനാല് അവള്‍ക്ക് മുഖം നഷ്ടമായെങ്കിലും പട്ടിണി കൂടാതെ ജീവിക്കുന്നു. പീഡിപ്പിക്കപ്പെട്ടവളോട് യാതൊരു സഹതാപവും സമൂഹത്തിനില്ല; ഉള്ളത് പരിഹാസം മാത്രം.
ഒരു പീഡന കഥയോ തന്മൂലമുള്ള ആത്മഹത്യയോ കേള്‍ക്കാതെ കേരളത്തിലെ പത്രങ്ങള്‍ ഒരു ദിവസംപോലും പുറത്തുവരുന്നില്ല.
പീഡനം ഏറ്റുവാങ്ങിയവളോട് യാതൊരു സഹതാപവും മാധ്യമങ്ങള്‍ക്കുമില്ല. അവള് ഒരു വാര്‍ത്ത മാത്രം. പക്ഷെ അത് ഉയര്‍ത്തിക്കാണിക്കുന്നത് നീതി കിട്ടാന്‍ സഹായകമാകുന്നു. പീഡനവാര്‍ത്തകള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുന്നു എന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഉപോല്പ്പന്നമാണ്. ഒരു വാര്‍ത്ത കൊടുക്കാന്‍ കഴിയാതെ പോയാല്‍ പത്രത്തിന്റെ മൂല്യം കുറയുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിഷയദാരിദ്ര്യം അനുഭവപ്പെടുന്ന മാധ്യമങ്ങള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഠിനയത്നം നടത്തുമ്പോള്‍ അതും കുറ്റമായി വ്യാഖ്യാനിക്കപ്പെടുന്നത് ഖേദകരമാണ്.
”പണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോള്‍ കൂടെക്കൂടെ” എന്ന് നാട്ടിന്‍പുറത്ത് ഒരു ചൊല്ലുണ്ട്. ഈ പീഡകരെ ദൈവം ശിക്ഷിക്കും എന്നു വിശ്വസിക്കുന്നത് മണ്ടത്തരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സ്ത്രീകള്‍ക്ക് സൈ്വരമായും മനഃസമാധാനത്തോടെയും ജീവിക്കാന്‍ സാധ്യമായ സാമൂഹ്യാവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെടുകതന്നെ വേണം. സ്ത്രീ ഒരു അധമജീവിയല്ല. പുരുഷനു തുല്യമായ ബുദ്ധിശക്തിയും കഴിവും ഉള്ളവളാണ്.
ഇന്ത്യയില്‍ പകുതിയിലധികം സ്ത്രീകളാണ്. കേരളമാകട്ടെ പെണ്‍മലയാളവുമാണ്. കേരളത്തിലാണ് ഏറ്റവുമധികം അഭ്യസ്തവിദ്യരായ സ്ത്രീകളുള്ളത്. പക്ഷേ വിദ്യാഭ്യാസം ആത്മധൈര്യം പകരുന്നില്ലെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു.
പള്‍സര്‍ സുനി പലരുടെയും ഡ്രൈവര്‍ ആയി പ്രവര്‍ത്തിച്ചയാളാണ്. സിനിമാ മേഖലയിലെ ഉള്ളുകള്ളികള്‍ വ്യക്തമായറിയുന്നവന്‍. അയാള്‍ പണത്തിനുവേണ്ടി പീഡനം നടത്തുന്നത് മനസ്സിലാക്കാം. പക്ഷേ, സ്ത്രീകള്‍തന്നെ സ്ത്രീകളെ ദ്രോഹിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന വസ്തുത ഖേദകരമാണ്. അങ്ങനെ സംഭവിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പോലീസ് അന്വേഷണം സൂചന നല്കുന്നു. ഇരയ്ക്കൊപ്പം നില്‍ക്കാതെ സംശയത്തിന്റെ നിഴലിലുള്ള നടനൊപ്പം നിലയുറപ്പിക്കുന്ന സൂപ്പര്‍സ്റ്റാറുകളെ കാണുമ്പോള്‍ കേരളം എന്ന് നന്നാകുമെന്ന് ആരും ചോദിച്ചുപോകും.
2015 ലെ കേരള പോലീസ് നാര്‍ക്കോട്ടിക് ഡിവിഷന് നടത്തിയ റെയ്ഡില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോയും ഡിജെ മിഥുന് വിലാസും ഗോവയിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളവരായിരുന്നുവത്രെ. അന്നും ഒരു നടിയെ തട്ടിക്കൊണ്ടുപോയി പണം ചോദിച്ചതായി വാര്‍ത്ത വന്നിരുന്നു. വിദ്യാഭ്യാസവും പണവും മനുഷ്യന്റെ ക്രിമിനല്‍ വാസനകളെ നശിപ്പിക്കുന്നില്ല എന്ന് കാണാം. പള്‍സര്‍ സുനി ജയിലില്‍ വായിക്കാന്‍ ആവശ്യപ്പെട്ട പുസ്തകം ‘കുറ്റവാളികളുടെ വേദപുസ്തകം’ എന്നറിയപ്പെടുന്ന ഹെന്‍ട്രി ഷാരിയറുടെ ‘പാപ്പിലോണ്‍’ ആണത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: