മലപ്പുറം: മരണം വിതച്ച് ഡെങ്കിപ്പനി പടരുകയാണ്. തിങ്കളാഴ്ചയും രണ്ടുപേര്‍ മരിച്ചു. കഴിഞ്ഞയാഴ്ച മാത്രം അഞ്ചുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുകയാണ്. മഴക്കാലമായിരുന്നിട്ടും കാലാവസ്ഥയിലുണ്ടാകുന്ന പെട്ടന്നുള്ള മാറ്റങ്ങള്‍ പകര്‍ച്ചവ്യാധികള്‍ ശക്തമാകാന്‍ സഹായമാകുന്നു.
പകര്‍ച്ചപ്പനി ചികിത്സയ്ക്കായി 4101 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ ദിവസം ചികിത്സതേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 66 പേര് ചികിത്സ തേടി.
അതിനിടെ മഞ്ഞപ്പിത്തവും പടരുകയാണ്. പനിക്കൊപ്പം വയറിളക്കം ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
പനിബാധിച്ച് ദിവസവും ആയിരക്കണക്കിനാളുകള്‍ ചികിത്സക്കെത്തുമ്പോള് അവരെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നു.
രോഗികള്‍ക്കനുസരിച്ച് ജിവനക്കാരില്ലാത്തതിനാല്‍ മിക്ക ആശുപത്രികള്‍ക്ക് മുന്നിലും നീണ്ടവരികളാണ് രൂപപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും എങ്ങുമെത്തിയില്ല.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സായാഹ്ന ഒപി തുറന്നിരുന്നു. എന്നാല്‍ അവിടെ സേവനം അനുഷ്ടിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാനില്ല.
പല സര്‍ക്കാര്‍ ഡോക്ടര്‍മാരും രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം ക്ലിനിക്കിലും സ്വകാര്യ ആശുപത്രികളിലും പ്രാക്ടീസ് ചെയ്യുകയാണ്. അവിടെ നിന്നുള്ള ലാഭം മറന്ന് സായാഹ്ന ഒപിയില്‍ ഇരിക്കാന്‍ മിക്കവരും താല്പര്യം കാണിക്കാറില്ല.
അവകാശ സംരക്ഷണത്തിനായി മുറവിളി കൂട്ടുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടനകളും ഈ കാര്യത്തില്‍ മൗനം പാലിക്കുന്നു. സായാഹ്ന ഒപികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പിനും കഴിയുന്നില്ല.
ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആയിരം രോഗികളെ നോക്കുന്ന ഒരു ഡോക്ടറാണ്. ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഇനിയും നിരവധി ജീവനുകള്‍ അപഹരിക്കുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: