കുന്നത്തൂര്‍: ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജിന്റെ സമീപത്തെ മുളങ്കാടുകള്‍ മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറാനും സുരക്ഷിതമായി ഇവ ഉപയോഗിക്കുവാനുമുള്ള ഇടമാണണ് ഇപ്പോള്‍ ഈ മുളങ്കാടുകള്‍. തടാക സംരക്ഷണത്തിന്റെ ഭാഗമായാണ് കോളേജിനോട് ചേര്‍ന്നുള്ള തടാകതീരത്ത് മുളയുടെ തൈകള്‍ വച്ചുപിടിപ്പിച്ചത്. ഇതിന് തൊട്ടടുത്ത് തന്നെയാണ് പട്ടികജാതി പ്രീമെട്രിക്ക് ഹോസ്റ്റലും സ്ഥിതി ചെയ്യുന്നത്.
അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളും ഇവിടം സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കുകയാണ്. പെട്ടെന്ന് പോലീസിന്റെയും മറ്റും ശ്രദ്ധ പതിയാത്തതിനാല്‍ ഇവര്‍ക്ക് ഇവിടം സുരക്ഷിതമേഖലയാണ്. ചില വിദ്യാര്‍ത്ഥികളും ലഹരി ഉപയോഗത്തിന് ഇവിടം ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെ വസ്തുക്കള്‍ മുളങ്കാടുകളില്‍ ഒളിച്ചുവച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതായാണ് വിവരം. മദ്യകുപ്പികള്‍ റോഡില്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നത് മൂലം വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാനാരാത്ത സാഹചര്യമാണ്.
മദ്യപര്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിക്കുന്നത് കോളേജില്‍ നിരന്തരം സംഘട്ടനത്തിനും ഇടയാക്കുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.പോലീസ് എക്‌സൈസ് അധികൃതരുടെ പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















