തിരുവനന്തപുരം: സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ തിരുവനന്തപുരം നഗരസഭയ്‌ക്ക് ചരക്കുസേവന നികുതി വന്നതോടെ പണികിട്ടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് 30 രൂപയാണ് നഗരസഭ കഴിഞ്ഞയാഴ്‌ച്ച കൂട്ടിയത്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ നഗരസഭയുടെ ഉത്തരവ് അസാധുവായി. നഗരസഭ തീരുമാനപ്രകാരം 130 രൂപയായിരുന്നു പുതിയ ടിക്കറ്റ് നിരക്ക്. ജിഎസ്ടി വന്നതോടെ അത് 118 ആയി കുറഞ്ഞു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 18 ശതമാനമാണ് ജിഎസ്ടി.
കൈരളി, ശ്രീ, നിള, കലാഭവന്‍ തിയേറ്ററുകളാണ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ഇതില്‍ കലാഭവനൊഴികെ തിയേറ്ററുകളില്‍ ഒറ്റ ക്ലാസില്‍ ഒരേ നിരക്കാണ് നിലനിന്നിരുന്നത്, 100 രൂപ. കലാഭവനില്‍ 80 രൂപ ടിക്കറ്റുമുണ്ടായിരുന്നു. അടിസ്ഥാന ടിക്കറ്റ് നിരക്കായ 95 രൂപയ്‌ക്കൊപ്പം സാംസ്‌കാരിക ക്ഷേമനിധി സെസായി മൂന്നുരൂപയും സര്‍വീസ് ചാര്‍ജായി രണ്ടുരൂപയും ചേര്‍ത്താണ് 100 രൂപയായി കണക്കാക്കിയിരുന്നത്.
100 രൂപ 130, 80 രൂപ 100 എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാനുള്ള കെഎസ്എഫ്ഡിസിയുടെ ആവശ്യം ജൂണ്‍ അവസാന ആഴ്ചയാണ് നഗരസഭ അംഗീകരിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് ജിഎസ്ടി നിലവില്‍ വന്നതോടെ പ്രാദേശിക നികുതികള്‍ അപ്രസക്തമായി. തിയേറ്ററുകളില്‍ നിന്നുള്ള നഗരസഭയുടെ വരുമാനം ജിഎസ്ടി വന്നതോടെ വെള്ളത്തിലായി. 100 രൂപയും അതില്‍ കുറവുമുള്ള ടിക്കറ്റിന് 18 ശതമാനവും കൂടിയ ടിക്കറ്റിന് 28 ശതമാനവുമാണ് ജിഎസ്ടിയില്‍. ക്ഷേമനിധി സെസും സര്‍വീസ് ചാര്‍ജും ചേര്‍ന്ന് ഒറ്റത്തുകയായി പരിഗണിച്ച് ജിഎസ്ടി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാനനിരക്കിനൊപ്പമാണ് ജിഎസ്ടി കണക്കാക്കേണ്ടത് എന്നിരിക്കേ സെസിനുള്‍പ്പെടെ ഇതുവരുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സീറ്റ് റിസര്‍വേഷന്റെ കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയ്‌ക്കായി സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിന്റെ സഹായം തേടിയിട്ടുണ്ട്. അതുവരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
















