ഡിട്രോയിറ്റ്: അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷന് ഉജ്വല തുടക്കം, ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്ണശമ്പള ഘോഷയാത്രയോടെ ആണ് പരിപാടികൾ തുടങ്ങിയത്.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ സംസ്ഥാന അടിസ്ഥാനത്തിൽ ഘോഷയാത്രയിൽ അണിനിരന്നു. സമ്മേളന സ്ഥലത്ത് പ്രതേകം തയാറാക്കിയ ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തിൽ സഘടനയുടെ പ്രസിഡണ്ട് സുരേന്ദ്രൻ നായർ കൊടിയേറ്റി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സ്വാമി ബോധാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ലോകം ഉറ്റു നോക്കുന്ന ഹിന്ദു മതത്തിന്റെ വക്താക്കളും പ്രചാരകന്മാരും ആകാൻ പ്രവാസി ഹിന്ദുക്കൾക്ക് കഴിയണമെന്ന് സ്വാമി പറഞ്ഞു. പരശുരാമന്റെയും ശ്രീ ആദി ശങ്കരാചാര്യരുടെയും ശ്രീ നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും പാരമ്പര്യം പേറുന്ന മലയാളികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും സ്വാമി പറഞ്ഞു.
സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. പ്രാചീന സംസ്കാരങ്ങൾ പലതും തകർന്നടിഞ്ഞപ്പോഴും ഹിന്ദു സംസ്കാരം നിലനിൽക്കുന്നതിന് അടിസ്ഥാനം കുടുംബസങ്കല്പം ആണെന്ന് സ്വാമി പറഞ്ഞു. ഡോ എന്‍ ഗോപാലകൃഷ്ണന്, സി രാധാകൃഷ്ണന്, പ്രൊ. വി മധുസൂദനന് നായര്‍, സുരേന്ദ്രൻ നായർ , രാജേഷ് കുട്ടി , രാജേഷ് നായർ എന്നിവരും സംസാരിച്ചു.
കേരളത്തിന് പുറത്തുനടക്കുന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മ ആയ കൺവെൻഷനിൽ 3000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും കേരളത്തിന്റെ തനത് കലാപ്രകടനങ്ങളും നൃത്തനൃത്യങ്ങളും സംഗീത സദസുകളും ഉണ്ടാകും. പാശ്ചാത്യ ലോകത്തെ പ്രമുഖ കലാകാരന്മാരെയെല്ലാം ഒരേ വേദിയില്‍ എത്തിക്കുന്ന ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവം, യുവമോഹിനി സൗന്ദര്യമത്സരം, മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരം എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കും.
വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുക്കുന്ന പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: