കാസര്‍കോട്: ജില്ലയിലെ 10 വില്ലേജുകളില്‍ നടക്കുന്ന റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഭൂവുടമകളുടെ പരാതികളുണ്ടെങ്കില്‍ പരിഹരിച്ച് റീസര്‍വ്വെ പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റീസര്‍വ്വെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റീസര്വ്വെറെക്കാര്ഡുകളിലെ പരാതികള്‍ പരമാവധി പരിഹരിക്കണമെന്ന് മന്ത്രി പറഞ്ഞു. റീസര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയായ വില്ലേജുകളിലെ ക്യാമ്പ് ഓഫീസുകളില്‍ റീസര്‍വ്വേ റിക്കാര്‍ഡുകള്‍ ഭൂവുടമകള്‍ക്ക് 31 വരെ പരിശോധിക്കാം.
റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട സര്‍വ്വേ പരാതികളും രണ്ടായി പരിഗണിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. റീസര്‍വേ സംബന്ധിച്ച് പരാതി പരിഹരിക്കുന്നതു വരെ നിലവില്‍ നികുതി വാങ്ങിക്കൊണ്ടിരിക്കുന്ന കൈവശക്കാരനില്‍ നിന്ന് നികുതി സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ പോക്കുവരവ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വില്ലേജുകളില്‍ സൂക്ഷിക്കണമെന്ന് യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു പറഞ്ഞു.
യോഗത്തില്‍ റീസര്‍വേ സ്പെഷ്യല്‍ ഓഫീസര്‍ പി.മധുലിമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഡി എം കെ.അംബുജാക്ഷന്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പ്രദീപന്, ഡപ്യൂട്ടി കളക്ടര്‍(എല്‍ ആര്) എച്ച്.ദിനേശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: