കാഞ്ഞങ്ങാട്: സംസ്ഥാനം പനിച്ച് വിറക്കുമ്പോള്‍ മരുന്നിന് പകരം മദ്യമാണ് പിണറായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പനി മരണം വ്യപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് ബിജെപി ജില്ല കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പനി ബാധിച്ച് ജനങ്ങള്‍ വിറങ്ങലടിക്കുമ്പോള് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാതെ മദ്യത്തിന് പുറകെ പോകാനാണ് സര്‍ക്കാരിന് താല്പര്യം. സംസ്ഥാനത്ത് നിരവധി പേര് മരിച്ച് വീഴുമ്പോഴും കുറ്റകരമായ അവഗണനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ജനങ്ങളുടെ ജീവന് വെച്ച് പന്താടുകയാണ് സര്‍ക്കാരും ഇടത് മുന്നണിയും. പല ആശുപത്രികളിലും ആവശ്യമായ ഡോക്ടര്‍മാരുടെ നിയമനം നടത്തിയിട്ടില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും നിയമനത്തില്‍ വന്‍ അഴിമതിയാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. സ്വാകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും, മരുന്ന് കമ്പനികള്‍ക്കും പണം കൊയ്യാന്‍ സര്‍ക്കാര്‍ ഉത്താശ ചെയ്യുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമവും നേരിട്ട് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ ശുഷ്കാന്തികാണിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് ശ്രീകാന്ത് കൂട്ടിചേര്‍ത്തു. പ്രതിഷേധ യോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്എന്.മധു എന്നിവര്‍ സംസാരിച്ചു.
ചെമ്മട്ടംവയലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ബിജെപി ജില്ല സെക്രട്ടറിമാരായ എം.ബല്‍രാജ്, കുഞ്ഞിക്കണ്ണന് ബളാല്‍, ന്യൂനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് കെ.വി.മാത്യു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: