പൈക്ക: ഒരു മാസം മുമ്പ് ടാര്‍ ചെയ്ത ബീട്ടിയടുക്കമല്ല ക്ഷേത്ര റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി. രണ്ട് കിലോമീറ്റര്‍ റോഡ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ടാര്‍ ചെയ്തത്. ശരിയായ രീതിയില്‍ ടാറും ജെല്ലിയും ഉപയോഗിക്കുന്നില്ലെന്ന് നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതൊക്കെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ നോക്കിക്കോട്ടെയെന്നുമാണ് കരാറുകാരന് പറഞ്ഞത്. മഴയുടെ തുടക്കത്തില്‍ റോഡ് ഇളകി പോകാന്‍ തുടങ്ങിയിരുന്നു.
സിമന്റും ജെല്ലിയും ചേര്‍ത്ത മിശ്രിതം കൊണ്ട് ഏതാനും കുഴികള്‍ കരാറുകാരന് തന്നെ അടച്ചു. എന്നാല്‍ മഴ ശക്തമായതോടെ റോഡ് മുഴുവന്‍ ചെളിക്കുളമായിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നും അഴിമതി നടന്നിരിക്കാമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: