കാസര്‍കോട്: നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തലും നിര്‍മ്മാണവുമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ ഉദുമ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഉദുമ തെക്കില്‍, തെക്കില്‍ കീഴൂര്‍, എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിവൃദ്ധിപ്പെടുത്തിയ ചൂരിപ്പള്ളം-മാവിനക്കട്ട റോഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ഉദുമ തെക്കില്‍ റോഡ് ഒന്‍പതു മാസം കൊണ്ടും തെക്കില്‍ കീഴൂര്‍ റോഡ് ആറു മാസം കൊണ്ടും അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണത്തിനു റബര്‍, വെയ്സ്റ്റ് പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാം. അധികം ചെലവില്ലാതെ തന്നെ ഇത്തരം സാങ്കേതിക രീതികള്‍ പ്രയോജനപ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കാം. വെള്ളം താഴോട്ട് ഇറങ്ങി റോഡുകള്‍ നശിച്ചു പോകാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെര്‍ക്കള ജംഗ്ഷനിലെ അശാസ്ത്രീയമായ നിര്‍മ്മാണം പൊളിച്ചുമാറ്റും.
മന്ത്രി ഇ.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന് ബാബു കെ മുഖ്യാതിഥിയായിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്(കോഴിക്കോട്)സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വിനീതന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കുഞ്ഞിരാമന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.ശ്രീകാന്ത്, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മല്ലിക ടീച്ചര്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: