കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ ചിലവാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച മഴവെള്ളസംഭരണി നോക്കുകുത്തി. കാലവര്‍ഷം സജീവമായിട്ടും ഇനിയും ഇത് ഉപയോഗപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ മുകളില്‍ പെയ്തിറങ്ങുന്ന മഴ വെള്ളം ഈ ടാങ്കിലെത്തിച്ച് സംഭരിക്കാനാണ് പതിനായിരക്കണക്കിന് ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്ക് ആശുപത്രി കോമ്പൗണ്ടില്‍ ജില്ലാ ജയില്‍ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചത്.
വെള്ളം ഇതിലേക്കെത്തിക്കാനും വെള്ളം തിരിച്ചെടുക്കാനുമായി സ്ഥാപിച്ച പൈപ്പുകളെല്ലാം രണ്ടുവര്‍ഷം മുമ്പുതന്നെ തകര്‍ന്നിരുന്നു. ഇത് പുനഃസ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് ആശുപത്രിയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു. ഇപ്പോള്‍ പെയ്തിറങ്ങുന്ന മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിന് യാതൊരു പരിഗണനയും അധികൃതര്‍ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: