അമ്മയെക്കുറിച്ചുള്ള സങ്കല്‍പ്പം മഹത്തരമാണ്. പക്ഷേ താരസംഘടനയായ അമ്മയെക്കുറിച്ചുള്ളതാകട്ടെ നിലവാരത്തകര്ച്ചയുള്ളതും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഈ സംഘടന നേരിടുന്നത് നിലനില്‍പ്പു പ്രശ്നം തന്നെയാണ്. സമൂഹം ഒറ്റക്കെട്ടായാണ് അമ്മയ്ക്കെതിരെ വിമര്‍ശനത്തിന്റെ വാളോങ്ങുന്നത്.
മക്കളെ ഒരുപോലെ കാണാനാവാത്ത താര സംഘടനയായ അമ്മ രൂക്ഷവിമര്‍ശനങ്ങളില്‍ പൊരിയുന്നുതിന്റെ ഉഷ്ണമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അമ്മയെ വിമര്‍ശനങ്ങള്‍കൊണ്ട് കുത്തിക്കീറുകയാണ്. നാളുകളായി ഇത്തരമൊരു വിമര്‍ശന കൂമ്പാരത്തിനു തീപിടിക്കുന്ന ക്ളൈമാക്സിലേക്കെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അമ്മ. തങ്ങള്‍ മണ്ണില്‍ തൊടാത്ത താരങ്ങള്‍ എന്ന പൊങ്ങച്ചത്തിലും അഹങ്കാരത്തിലുംപെട്ട് വ്യാജ ഭാവനയില്‍ കഴിഞ്ഞതിന്റെ പരിണത ഫലമാണ് അമ്മയെ പൊളിച്ചെടുക്കുംവിധം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പടര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റവിചാരണ.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ കൂടെ നില്‍ക്കാതെ ആരോപണ വിധേയനായ നടനൊപ്പമാണെന്നും ജനാധിപത്യമില്ലാത്ത അമ്മയില്‍ ആണ്‍കോയ്മയാണ് ഉള്ളതെന്നുമൊക്കെയാണ് വിമര്‍ശനം. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പൊതുജനത്തെപ്പോലും അവഹേളിക്കും വിധം മുകേഷും ഗണേഷ്കുമാറും പ്രതികരിച്ചതും വന്‍ വിമര്‍ശനത്തിനു വഴിതെളിച്ചു. ഇരുവരും ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളാണെന്നകാര്യം മറന്നുപോകുംവിധമായിരുന്നു പ്രതികരണത്തിലെ നിലവാരത്തകര്‍ച്ച.
സൂപ്പര്‍ താരങ്ങളുടെ നിയന്ത്രണത്തിലും അവരുടെ നേട്ടത്തിനും മാത്രമുള്ളതാണ് താര സംഘടനയായ അമ്മ എന്നുള്ള വിമര്‍ശനം പണ്ടേ ഉണ്ടായിരുന്നു. മറ്റു താരങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ കേവലം അനുയായി വൃന്ദമായിട്ടാണ് കരുതപ്പെടുന്നതെന്നും അധിക്ഷേപമുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ മനസില്‍ സൂക്ഷിച്ച താരങ്ങള്‍ നല്ലൊരവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടത് പല രീതിയില്‍ അമ്മയെക്കൂടി ബാധിച്ചപ്പോഴാണ് തങ്ങളുടെ പ്രതിഷേധം ചില താരങ്ങള്‍ പുറത്തുവിട്ടത്. അമ്മയില്‍ അച്ഛന്മാര് മാത്രമേ ഉള്ളൂവെന്ന് ഒരുനടി പറഞ്ഞതും ഇക്കഴിഞ്ഞ അമ്മയോഗത്തില്‍ വെറും അഭിനയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഒരു പ്രധാന നടന് അഭിപ്രായപ്പെട്ടതും മറ്റും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്.
ദിലീപിനേയും നാദിര്‍ഷയേയും 13മണിക്കൂറുകളോളം ചോദ്യം ചെയ്തതും ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ കട റെയ്ഡു ചെയ്തതും മറ്റും അമ്മയെ ഉലയ്ക്കുന്നുണ്ട്. താര സംഘടന എന്ന നിലയില്‍ ഇതിനെക്കുറിച്ചൊന്നും വ്യക്തമായ മറുപടി പറയാന്‍ കഴിയാത്തതും യഥാര്‍ത്ഥത്തില്‍ അമ്മയെ തന്നെ സംശയ നിഴലില്‍ നിര്‍ത്തുകയാണ്.
മുകേഷിന്റെ മാധ്യമങ്ങളോടുള്ള അപക്വമായ സമീപനത്തിനെതിരെ സിപിഎം തന്നെ രംഗത്തു വന്നിട്ടുണ്ട്. സിപിഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച മുകേഷ് പാര്‍ട്ടിക്കു തന്നെ അപമാനമാണെന്ന നിലയിലാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരും അമ്മയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് കെ.മുരളീധരന് എംഎല്‍എ വിമര്‍ശിച്ചു. നിത്യേന മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അമ്മയെ കൂടുതല്‍ സംശയത്തിലേക്കാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: