മലപ്പുറം: അവധിയില്‍ പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് പകരമായി ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പ്രൈവറ്റ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ ഫീസ്, സൗജന്യ യൂണിഫോം, ഉച്ചകഞ്ഞി, പാഠപുസ്തകം എന്നീ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ സ്കൂളിന് സമാനമായ പരിഗണന എയ്ഡഡ് സ്കൂളുകള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതുപോലെ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം പാടില്ല. ഈ വിവേചനം അവസാനിപ്പിക്കണം. ക്ലാസുകള്‍ തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയിലെ മിക്ക സ്കൂളുകളിലും ആവശ്യത്തിന് അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ്. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ടീച്ചേഴ്സ് ബാങ്കില്‍ അദ്ധ്യാപകര്‍ വരുന്ന മുറക്ക് ആവശ്യം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് ദിവസവേതനാടിസ്ഥാനത്തിലെങ്കിലും അദ്ധ്യാപരെ നിയമിക്കാന്‍ അനുവദിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബഷീര്‍ കുരുണിയന്, കണ്ണിയന്‍ അബൂബക്കര്‍, പി.ഹംസ, ജി.ബി.മുരളീധരന്, അബ്ദുള്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: