മലപ്പുറം: ഇന്ത്യന്‍ ഓയില്‍ ഇന്‍ഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഗെയില്‍ പൈപ്പ്ലൈനെതിരെയുള്ള സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിലവില്‍ കമ്പനി മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ ആശങ്കകളകറ്റി കൃത്യമായ സുരക്ഷ ഉറപ്പുവരുത്തിയാല്‍ ഈ പദ്ധതിക്ക് പിന്തുണ നല്‍കും.
ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഓരോ എട്ട് കിലോമീറ്ററിലും വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം, പൈപ്പ്ലൈനുകള് മൂന്നുമീറ്റര്‍ താഴ്ചയിലിടണം. കെട്ടിടങ്ങളില്‍ നിന്ന് 15 മീറ്റര്‍ സുരക്ഷാ പരിധി നിശ്ചയിക്കണം എന്നീ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കൂ. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്മാന് ഇഖ്ബാല്‍ കൊടക്കാടന്‍, കണ്‍വീനര്‍ പി.എ.സലാം, ജോ.കണ്‍വീനര്‍ കെ.മന്‍സൂര്‍, ഗെയില്വിക്ടിം ലീഗല്‍ സെല്‍ ചെയര്മാന് അഡ്വ.വി.ടി.പ്രദീപ്കുമാര്‍, ഗെയില്‍ വിക്ടിം ഫോറം സംസ്ഥാന വൈസ് ചെയര്മാന് രാഘവന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: