കാഞ്ഞങ്ങാട്: ശുചീകരണ യജ്ഞവും മാലിന്യനിര്‍മ്മാര്‍ജ്ജനവും പൊടിപൊടിക്കുമ്പോഴും ജില്ലാ ആശുപത്രി വളപ്പിലെ കക്കൂസ് മാലിന്യങ്ങള്‍ പൊതുസ്ഥലത്തേക്ക് പരന്നൊഴുകുന്നു. കാലവര്‍ഷം ശക്തമായതോടെ വിവിധയിനം പനിരോഗങ്ങള്‍ ബാധിച്ച് രോഗികള്‍ കൂട്ടമായി ജില്ലാ ആശുപത്രിയിലെത്തുമ്പോള്‍ അവരെ വരവേല്‍ക്കുന്നത് മാലിന്യമാണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വളപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തിനടുത്ത് പുതിയ എന്റോസള്ഫാന് വാര്‍ഡ് കെട്ടിടം നിര്‍മ്മിക്കുന്നിടത്താണ് പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം പരന്നൊഴുകുന്നത്.
പേവാര്‍ഡിലേക്ക് പോവുന്ന റോഡരികില്‍ പരന്നൊഴുകുന്ന മാലിന്യം പുതിയ എന്റോസള്ഫാന് വാര്‍ഡ് കെട്ടിടം നിര്മ്മിക്കുന്നതറയിലേക്കും ഒഴുകിയെത്തുന്നുണ്ട്.
ദുര്‍ഗന്ധവും അസഹനീയമായതിനാല്‍ മൂക്ക് പൊത്തിയാണ് ആളുകള്‍ കടന്ന് പോകുന്നത്. ദിവസങ്ങളായി പരന്നൊഴുകുന്ന മാലിന്യം കെട്ടിനിന്ന് ദുര്‍ഗന്ധം വ്യാപകമായിട്ടും ആശുപത്രി അധികൃതരോ ജീവനക്കാരോ ശ്രദ്ധിച്ചിട്ടില്ല.
ഇവിടെ കെട്ടിട നിര്‍മ്മാണരംഗത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഇതെല്ലാം സഹിച്ചാണ് പ്രവര്‍ത്തിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: