മുന്‍ഷി പരമുപിള്ളയുടെ രചനയില്‍ പിറന്ന ‘വനമാല’ സംവിധാനം ചെയ്തത് ജി വിശ്വനാഥനാണ്. കഥയും അദ്ദേഹത്തിന്റെ തന്നെ. വി & സി: പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ വിക്കോ സ്വാമി എന്ന വിശ്വനാഥയ്യരും സഹോദരന് ചന്ദ്രുസ്വാമിയുമായിരുന്നു നിര്‍മ്മാതാക്കള്‍. രണ്ടുപേരുടേയും പേരു ചേര്‍ത്താണ് വി ആന്‍ഡ് സി പ്രൊഡക്ഷന്‍സ് എന്ന ബാനറുണ്ടാക്കിയത്. വി.രാമകൃഷ്ണന്, എസ്.എ. നാരായണന് എന്നിവര്‍ കൂടി പിന്നീട് പങ്കാളികളായി ചേര്‍ന്നുവത്രെ.
വിക്കി എന്ന വിശ്വനാഥന് നായരുടെ കടുത്ത സിനിമാക്കമ്പമാണ് ഇങ്ങനെയൊരു ചിത്രനിര്മ്മിതിക്കു പിന്നില്‍. കുട്ടിക്കാലം മുതല്ക്കേ സ്റ്റണ്ട് ചിത്രങ്ങളുടെ ആരാധകനായിരുന്ന വിക്കോ അന്നത്തെ പ്രസിദ്ധ സ്റ്റണ്ട് നടനായ എസ്. എസ്. കൊക്കോയെ അനുകരിച്ചാണ് വിക്കോ എന്ന പേര് സ്വയംവരിച്ചത്. സാഹസിക ചിത്രങ്ങളിലൂടെ പുകഴ് നേടിയ എസ്.എസ്. പാഷയും കെ.ടി. തവമണീ ദേവിയുമായിരുന്നു കൊക്കോ കഴിഞ്ഞാല്‍ വിക്കോയുടെ ഇഷ്ടതാരങ്ങള്‍.
സിനിമയിലെ സാഹസിക സംഘട്ടനരംഗങ്ങളെല്ലാം നടീനടന്മാര് അതേവിധം അപകടങ്ങളെ തൃണവല്ഗണിച്ചു ധീരോദാത്തമായി സ്വയം ചെയ്തിട്ടാണ് ചിത്രീകരിക്കുന്നതെന്നായിരുന്നു ഇദ്ദേഹം ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ കൊക്കോയും പാഷയുമെല്ലാം അവതാരസമന്മാരാണെന്നും വിക്കോ വിശ്വസിച്ചിരുന്നു.
വിക്കോയുടെ പിന്നീടുള്ള മോഹം കൊക്കോയെപ്പോലെ, പാഷയെപ്പോലെ, ഒരു നടനാകണമെന്നായി. മദിരാശിയില്‍ ചെന്നു നിര്‍മ്മാതാക്കളെ തുരുതുരാ കണ്ടു. കൊക്കോയെപ്പോലെ ഓടുന്ന തീവണ്ടിയുടെ മുകളിലേക്ക് താഴെനിന്നു ചാടുവാനും ബഹുനില മന്ദിരത്തിന്റെ തുഞ്ചത്തുനിന്നും നിസ്സാരമായി താഴേയ്ക്ക് ചാടാനും താനൊരുക്കമാണെന്നതായിരുന്നു ആദ്യവീരവാദം.
ഇത്തരം സാഹസികരംഗങ്ങളെല്ലാം ഡ്യൂപ്പുകളെ വച്ച് ട്രക്ക് ഷോട്ടുകളിലൂടെ ചിത്രീകരിക്കുന്ന ചലച്ചിത്രവഴക്കം അറിയാവുന്ന നിര്‍മ്മാതാക്കള്‍ വിക്കോയുടെ മാനസിക സമനിലയെക്കുറിച്ച് സംശയാലുക്കളായതില് അത്ഭുതമില്ല.
നിരാശനായി തൃപ്പൂണിത്തുറയില്‍ മടങ്ങിയെത്തിയ വിക്കോയുടെ ചലച്ചിത്രാഭിനിവേശം വീണ്ടും സടകുടഞ്ഞുണര്ന്നതോടെയാണ് അതില്‍ സാഹസികരംഗങ്ങള്‍ വേണ്ടതിലേറെ. വനസാഹസിക ചിത്രമായതുകൊണ്ട് നടിമാര്‍ക്കെല്ലാം കാട്ടുജാതിക്കാരെന്ന മറവില്‍ അല്‍പ്പ വസ്ത്രങ്ങളേയുള്ളൂ! പോരാത്തതിന് ‘വനമോഹിനി’ ചിത്രീകരിച്ചത് തൊടുപുഴ പാര്ശ്വപ്രദേശങ്ങളിലാണെന്നുകൂടി കേട്ടപ്പോള്‍ എന്നാല്‍പ്പിന്നെ ആ ജനുസ്സില്‍ ഒരു ചിത്രം നിര്മിക്കണമന്നായി വിക്കോയ്ക്ക്. ആദ്യം ‘വനമോഹിനി’യെ പിന്തുടര്ന്നു.
വനമാല എന്നൊരു പേരങ്ങിട്ടു. നേരെ തൊടുപുഴയില്‍ പോയി ‘വനമോഹിനി’യിലഭിനയിച്ച ബേബി ലക്ഷ്മിയെ ബുക്ക് ചെയ്തു. കഥാചിന്തയൊക്കെ പിന്നെയേ ഉദിച്ചുള്ളൂ. വിക്കോയുടെ കൈയില്‍ അങ്ങനെ പണമൊന്നുമില്ല. ജ്യേഷ്ഠന് ചന്ദ്രസ്വാമി ബോംബെയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.
നേരെ അവിടെ ചെന്ന് ഇങ്ങനെയൊരു ചിത്രം നിര്‍മിച്ചാലുള്ള ജയസാധ്യതകളെക്കുറിച്ച് പറഞ്ഞുപൊലിപ്പിച്ച് അദ്ദേഹത്തെ പ്രലോഭിപ്പിച്ചു പണം വാങ്ങി. മദിരാശിയില്‍ ചെന്നു ജി.വിശ്വനാഥനെ സംവിധായകനാക്കി. സംവിധായകനെയുംകൂട്ടി ആലപ്പുഴയിലെത്തി. ഉദയാ സ്റ്റുഡിയോ ഏര്‍പ്പാടാക്കി. അതിനിടയില്‍ സംവിധായകന് ഒരു കഥ തട്ടിക്കൂട്ടിയുണ്ടാക്കി. സംഭാഷണമെഴുതാന്‍ മുന്‍ഷി പരമുപിള്ളയെ ഏല്‍പ്പിച്ചു.
മലയാളത്തിലെ ആദ്യ വനസാഹസിക ചിത്രം എന്ന് വിളംബരം ചെയ്തിട്ടായിരുന്നു നിര്‍മാണം. മുതുകുളം കാര്ത്തികേയന് നായര്‍, കണ്ടിയൂര്‍ പരമേശ്വരന്‍കുട്ടി, എസ്.പി. പിള്ള, വൈക്കം രാജു, നെയ്യാറ്റിന്‍കര കോമളം, ചേര്‍ത്തല കാഞ്ചന, സുമതിയമ്മ, അമ്മിണി, കമലാ ഭാര്ഗ്ഗവന് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. പി.എ. തോമസ് ആയിരുന്നു നായകന്.
പന്ത്രണ്ട് പാട്ടുകളുണ്ടായിരുന്നു വനമാലയില്‍.
എഴുതിയത് പി. കുഞ്ഞികൃഷ്ണ മേനോന്. അദ്ദേഹം ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ മലയാളാദ്ധ്യാപകനായിരുന്നു. സരസനായ മാസ്റ്റര്‍ എപ്പോഴും ഒരു ശൃംഗാര പുഞ്ചിരിയോടെ തല കുണുക്കി കുണുക്കി അദ്ദേഹത്തോളം തന്നെ പ്രായം വരാവുന്ന, എന്നാല്‍ ഏറ്റവും കനംകുറഞ്ഞ പഴയ മോഡല്‍ ഒരു കാറില്‍ കോളജില്‍ വരുമായിരുന്നതോര്ക്കുന്നു.
മുന്‍വശത്തെ ബമ്പറിലെ പഴുതില്‍ ഗിയര്‍ റോഡ് കൊണ്ട് ചുഴറ്റിയാണ് കാറ് സ്റ്റാര്‍ട്ട് ചെയ്തിരുന്നത്. കോളജ് അങ്കണത്തില്‍ കൊണ്ടുവന്നു മരത്തണല്‍ നോക്കി അദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്യും. കനക്കുറവായതുകൊണ്ട് രണ്ടോ മൂന്നോ കുസൃതിക്കുട്ടികള്‍ ചേര്‍ന്നു നിസ്സാരമായി കാറെടുത്തു പൊക്കി മറ്റൊരിടത്തുകൊണ്ടുപോയി ഇടും.
ക്ലാസ്സ് കഴിഞ്ഞു കാറിനടുത്തേയ്ക്കു വരുന്ന മാസ്റ്റര്‍ സ്ഥാനമാറ്റം കണ്ടൊരുനിമിഷം വിസ്മയിക്കും. പിന്നെ തലയാട്ടി മഹത്വം ആസ്വദിച്ചുകൊണ്ട് കാറിന്റെ നേര്‍ക്കു നടക്കും. ഇന്ന് സരിത, സവിത, സംഗീത തീയറ്റര്‍ സമുച്ചയമുള്ള സ്ഥലത്തിന്റെ എതിര്‍വശത്തെ ഒരുപവീഥിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. പത്നി ഡോ. രുക്മിണിയമ്മ അക്കാലത്ത് കൊച്ചിയില്‍ ഏറ്റവും ജനപ്രീതി നേടിയ ലേഡി ഡോക്ടര്‍മാരിലൊരാളായിരുന്നു.
വ്യക്തി ചര്‍ച്ചകളിലെ സാരള്യമോ അതിന്റെ സ്വാരസ്യമോ പക്ഷെ, വനമാലയ്ക്കുവേണ്ടി പി. കുഞ്ഞികൃഷ്ണ മേനോന് മാസ്റ്റര്‍ എഴുതിയ ഗാനങ്ങളിലുണ്ടായിരുന്നില്ല. പി.എസ്. ദിവാകറിന്റേതായിരുന്നു സംഗീതം. മറ്റു ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ ഈണങ്ങള്‍ അതേപടി അനുകരിച്ചുകൊണ്ടായിരുന്നു സംഗീത ചിട്ട. മെഹബൂബും പി.ജി. കൃഷ്ണവേണിയും പിന്നണി പാടി. കൃഷ്ണവേണി പിന്നീട് ജിക്കി എന്ന പേരിലാണറിയപ്പെട്ടത്.
ഭര്‍ത്താവായ എം.എം. രാജയും ഇവരും ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഗായകരായിരുന്നു. മെഹബൂബിന്റെ ആദ്യഗാനമായിരുന്നു ഇതെന്നും കൃഷ്ണവേണി എന്ന ജിക്കി ഈ ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി പാടിയതെന്നും ചേലങ്ങാട്ടു സാക്ഷ്യം. പാട്ടില്‍, മോനോന് മാസ്റ്റര്‍ അടിയ്ക്കടി ആവര്‍ത്തിച്ചിരുന്ന ‘കിം’ പ്രയോഗം അരോചകമായിരുന്നുവെന്നാണ് സിനിക്കിന്റെ നിരീക്ഷണം.
ആളുകളെ രസിപ്പിക്കാനെന്ന വ്യാജേന വഷളത്തരങ്ങളും ആഭാസത്തരങ്ങളും ഒന്നും ഇടകലര്ത്താതെയാണ് അതിനുള്ള സന്ദര്‍ഭങ്ങള്‍ കഥയില്‍ വേണ്ടുവോളം ഉണ്ടായിരുന്നിട്ടും മുന്‍ഷി സംഭാഷണമെഴുതിയതായിരുന്നു ചിത്രത്തിലെ ഏക ആശ്വാസമെന്നും സിനിക്ക് എഴുതിയിട്ടുണ്ട്.
ബേബി ലക്ഷ്മി ‘വനമോഹിനി’യെ മറികടക്കുന്ന അദ്ഭുതങ്ങള്കൊണ്ട് പ്രേക്ഷകരെ ആനന്ദസാഗരത്തില്‍ ആറാടിക്കുമെന്നായിരുന്നു വിളംബരത്തിലെ അവകാശവാദം. പക്ഷെ മറിച്ചായിരുന്നുവത്രെ അനുഭവം.
വസന്തവിലാസത്തിലെ ജമീന്ദാര്‍ക്ക് ഒരു മകള്‍ ജനിച്ചു. അവളുടെ പേരിടല്‍ ചടങ്ങോടെയാണ് ചിത്രം തുടങ്ങുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമുണ്ടായ മകള്‍ക്ക് ജമീന്ദാര് മാലയെന്ന പേരുനല്‍കുന്നു. ആ പേരു ആലേഖനം ചെയ്ത ഒരു ലോക്കറ്റ് മാലയെ അണിയിക്കുകയും ചെയ്തു. ജമീന്ദാര്‍ക്കു കുട്ടികളുണ്ടാവാതിരുന്നപ്പോള്‍ അതിലാഹ്ലാദിച്ചു.
തന്റെ പുത്രന് അശോകനെ വളര്‍ത്തു പുത്രനും ജമീന്ദാരുടെ കണക്കില്ലാത്ത സ്വത്തിന് അവകാശിയുമാക്കാമെന്നു മനക്കോട്ട കെട്ടിയിരുന്ന ജമീന്ദരുടെ സെക്രട്ടറി പ്രസാദിന് മാലയുടെ ജനനം ഒരാഘാതമായി. അവളില്ലാതായാലല്ലേ തന്റെ ഗൂഢലക്ഷ്യം കൈവരിക്കാനാകൂ.
അവളെ തട്ടിക്കൊണ്ടുപോയി വന്യമൃഗങ്ങള്ക്കിരയാകുവാന് പാകത്തിന് കാട്ടില്‍ ഉപേക്ഷിക്കുവാന്‍ അയാള്‍ രണ്ടു കിങ്കരന്മാരെ ചുമതലപ്പെടുത്തി. അവര്‍ കുഞ്ഞിനെ കവര്‍ന്ന് ഒരു കുട്ടയിലൊളിപ്പിച്ചു കാട്ടിലുപേക്ഷിച്ചു. ഈ രംഗം കണ്ടുകൊണ്ടിരുന്ന ഒരു കാട്ടാന തുമ്പിക്കൈയില്‍ മാലയെ കോരിയെടുത്തു കാട്ടുമൂപ്പന്റെ മുന്‍പിലെത്തി കുഞ്ഞിനെ അയാളെ ഏല്‍പ്പിക്കുന്നു.
മകളെ നഷ്ടപ്പെട്ട ദുഃഖവുമായി വസന്തവിലാസ ദമ്പതികള്‍ നാളുകള്‍ നീക്കുമ്പോള്‍ മാല കാട്ടില്‍ മൂപ്പന്റെ അരുമയായി വളര്‍ന്നു; നാട്ടില്‍ സമാന്തരമായി അശോകനും. മൂപ്പന്റെയും മൂപ്പത്തിയുടെയും ഓമനയായ മാല ആയോധനകലയില്‍ പ്രവീണയായാണ് വളര്‍ന്നത്.
കഥ മുന്പോട്ടുകൊണ്ടുപോകാനും കഥാകൃത്തുകൂടിയായി സംവിധായകന് മാനസികമായി തളര്‍ന്ന ജമീന്ദാരെയും പരിവാരത്തെയും കാടിനോരത്തുള്ള ‘ശിവലോകം’ എസ്റ്റേറ്റിലേക്ക് പറഞ്ഞയക്കുന്നു.
മാനസിക ചികിത്സാവിധിയെന്ന ന്യായത്തിലാണത്രെ കൂടുമാറ്റം. പുത്രീ വിയോഗത്തിന്റെ പതിനാറാമാണ്ടിലെങ്കിലും അങ്ങനെയൊരു പരിഹാരം വിധിച്ചതെത്ര നന്നായി. അതോടെ ദ്രുതഗതിയില്‍ പിടിച്ചുകയറുകയായി. നായകനും നായികയും കണ്ടുമുട്ടണമല്ലോ; കണ്ടുമുട്ടി, കണ്ടുമുട്ടിയാല്‍ പിന്നെ പ്രണയിക്കാതെങ്ങനെ; പ്രണയിച്ചു.
ഇതറിഞ്ഞു പ്രസാദ് അന്ധാളിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റാതിരിക്കാന്‍ (?) അശോകന്റെ പ്രണയിനീ സംഗമത്തെ ആദ്യം തടയുന്നു. പിന്നെ ഗൂഢലക്ഷ്യങ്ങളോടെ മയപ്പെട്ടു കരുക്കളിണക്കുന്നു. മകന്റെ കാമുകി മാല, ജമീന്ദാരുടെ മകളാണെന്ന് അവളുടെ കഴുത്തിലെ മാല അശോകന്റെ പോക്കറ്റില്നിന്നും കണ്ടെടുത്തപ്പോള്‍ പ്രസാദിനു മനസ്സിലായി. അവളെ കൊല്ലാതെ പിന്നെങ്ങനെ?
പ്രച്ഛന്നവേഷധാരിയായി കാട്ടിലെത്തി അവളെ ആക്രമിക്കുന്ന പ്രസാദിനെ, പിതാവാണതെന്നു തിരിച്ചറിയാതെ അശോകന് തടയുന്നു. പിന്നെ, സംഘട്ടനം, വാള്‍പ്പയറ്റ്, ഘോരഘോരം! അതിനിടയില്‍ മാല പിന്നില്‍ നിന്നും കഠാരയെറിഞ്ഞ് പ്രസാദിനെ വീഴ്ത്തുന്നു. മരിയ്ക്കുന്നതിനു മുന്‍പ് കുറ്റമെല്ലാം ഏറ്റുപറയുന്ന പ്രസാദ് ജമീന്ദാരോടു ക്ഷമ ചോദിച്ചു. പിന്നെ ബാക്കി അശോകനും മാലയും തമ്മിലുള്ള മംഗലം; ശുഭം.
ജമീന്ദറായി അഭിനയിച്ച കണ്ടിയൂര്‍ പരമേശ്വരന് കുട്ടിയാണ് അഭിനയത്തില്‍ ഏറ്റവും മോശമെന്നാണ് സിനിക്കിന്റെ വിലയിരുത്തല്‍. തൊട്ടുപുറകെ മുതുകുളം കാര്ത്തികേയന് നായരെ അദ്ദേഹം ചേരിചേര്ക്കുന്നു. എസ്.പി. പിള്ളയെ താരതമ്യേന ഭേദപ്പെട്ടു കണ്ടു. നായകനായ പി.എ. തോമസ് ശ്രമിച്ചാല്‍ നന്നായേക്കാവുന്ന ഒരു യുവനടനാണെങ്കിലും അശോകന്റെ ഭാഗം അദ്ദേഹത്തിന് തീരെ യോജിച്ചില്ലത്രെ.
”അന്നക്കാവടിപോലെ തോക്കുതോളില് വച്ചു ശിക്കാറിനു നടക്കുന്ന അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു.” മദിരാശിയില്‍ പ്രസിഡന്‍സി ക്ലബ്ബിനോടു ചേര്‍ന്ന് ഒരു ടെന്നീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹം നടത്തിയിരുന്നു. എറണാകുളം ടൗണ്‍ (പണ്ടത്തെ നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന കോര്‍ട്ടില്‍ നാട്ടിലുള്ള പ്രഭാതങ്ങളില്‍ ബാറ്റുമായി ചുറുചുറുക്കോടെ കോര്‍ട്ടില്‍ നിറഞ്ഞാടുന്ന സുമുഖ സുഭഗനായ തോമസാണ് സ്കൂള്‍ വിദ്യാര്ത്ഥിനാളില് ഞാനാദ്യം കാണുന്ന ചലച്ചിത്ര നടന്!
നെയ്യാറ്റിന്‍കര കോമളമാണ് മാലയുടെ ഭാഗം അഭിനയിച്ചത്. കാണാന്‍ മോശമായിരുന്നില്ല; പക്ഷെ വനദേവതയ്ക്കുവേണ്ട അംഗസൗഷ്ഠവം ഇല്ലാതെപോയി. അതിനാല്‍ ജനപ്രീതി നേടിയുമില്ല.
പ്രചോദനവും മാതൃകയുമായ ‘വനമോഹിനി’ ചിത്രീകരിച്ചതു തൊടുപുഴ പരിസരത്തിലായതുകൊണ്ട് ‘വനമാല’യുടെ ചിത്രീകരണം ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ പരിസരത്തുള്ള കൈതക്കാടുകളിലും കപ്പിലാങ്കാടുകളിലും മതിയെന്ന് വിക്കോ തീരുമാനിച്ചു. തമിഴിനിത്രയെങ്കില് മലയാളത്തിന് ഇത്രയിലിത്ര. ധാരാളമെന്ന ന്യായത്തെ ശിരസ്സാവഹിച്ചു സംവിധായകന വിശ്വനാഥനും.
‘വനമാല’ പരാജയമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതിലല്ലോ. ”ഒരു മലയാള പടം കൂടി നിര്‍മിക്കുവാന്‍ വിക്കോ ശ്രമിച്ചു. അതും നടന്നില്ല. പിന്നെ വിക്കോ സ്വാമി ബോംബെയിലും മദ്രാസിലും പല ജോലി ചെയ്തു കഴിഞ്ഞു നാട്ടിലെത്തി” എന്നാണ് ചേലങ്ങാട്ട് ലിഖിതം പറയുന്ന ഉത്തരാര്‍ദ്ധം! അപ്പോഴേയ്ക്കും മക്കള്‍ നല്ല നിലയിലായിരുന്നതുകൊണ്ട് സായാഹ്നം ക്ലേശകരമായില്ല!
അടുത്തലക്കത്തില്‍: മലയാള സിനിമ
ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: