എന്താണ് പരിചയം എന്നുവെച്ചാല്‍? ഈ പരിചയത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. പോസ്റ്ററില്‍, ടിവിയില്‍, സിനിമയില്‍, നാടകത്തില്‍, പരസ്യത്തില്‍ ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ തനിക്കയാളെ പരിചയമുണ്ട് എന്നു പറയാം. നാട്ടുകാരനാണ്, മുഖപരിചയമുണ്ട്. എന്നാലും പരിചയത്തില്‍ പെടുത്താം. ശരിക്കും പരിചയം വേണമെങ്കില്‍ അയാളെ നന്നായി മനസ്സിലാക്കിയിരിക്കണം. ജീവിതരീതികള്‍, സ്വഭാവം എന്നിവയൊക്കെ അറിഞ്ഞിരിക്കണം.
ഏതാണ്ടെപ്പോഴോ, ആരോ പറഞ്ഞ്, കേട്ടറിഞ്ഞ് വേണമെങ്കില്‍ പരിചയമുണ്ട് എന്നു പറയാം. എന്നാല്‍ ആ പരിചയം നേരത്തെ ചൂണ്ടിക്കാട്ടിയ ദൃഢപരിചയമല്ല. ഒരു ഭംഗിവാക്കിന് പറയാം എന്നേയുള്ളൂ. ഇതിപ്പോള്‍ പറയാന്‍ കാരണം സിനിമാമേഖലയില്‍ അടുത്തിടെ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കണ്ടതിനാലാണ്. നടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആ മേഖലയില്‍ ഒരു ഭൂകമ്പമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തങ്ങളുടെ പക്ഷത്തുള്ള, അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളയാള്‍ക്കുവേണ്ടി രംഗത്തുവരികയെന്ന ഒരു രീതി. നേരത്തെ ഇതുണ്ടെങ്കിലും ഇപ്പോള്‍ അത് ശക്തമായി പരുവപ്പെട്ടുവരികയാണ്. ഗുണ്ടാനേതാവിനെ നടിക്ക് പരിചയമുണ്ട് എന്ന് ഒരു നടന് പറഞ്ഞാല്‍ നടേപറഞ്ഞതനുസരിച്ച് നാം പരിചയത്തിന്റെ ഏത് കള്ളിയിലാണ് ഇരുവരെയും എടുത്തുവെക്കുക?
ആ പറഞ്ഞതാണ് പീഡനത്തെക്കാള്‍ ക്രൂരമായ പീഡനമെന്ന് വലിയവായില്‍ പറയുന്നവര്‍ വാസ്തവത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്? സിനിമാമേഖല ജനങ്ങളുടെ ഇഷ്ടമേഖലയായതിനാല്‍ അവിടത്തെ ചെറിയൊരു ചലനം പോലും ശ്രദ്ധിക്കപ്പെടും.
എന്ത് ഒഴിവാക്കിയും അതിനായി ചെവികൊടുക്കും, കണ്ണുതുറന്നുവെക്കും. വെള്ളിവെളിച്ചം എന്ന് ചുമ്മാ പറയുന്നതല്ലല്ലോ. സിനിമക്കാര്‍ മറ്റേതോ ലോകത്തുനിന്ന് വിരുന്നുവന്നവരല്ല. സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ്. സ്വകാര്യതയും മറ്റും അവര്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭ്യമാവാറില്ല എന്നത് വേറെ വശം. അതവിടെ നില്ക്കട്ടെ.
സമൂഹത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ അതിലെ പല പുഴുക്കുത്തുകളും ചലച്ചിത്രമേഖലയിലുമുണ്ടാവും. എന്നാല്‍ അത് മൊത്തം പുഴുക്കുത്തേറ്റതാണ് എന്ന് പറയുകവയ്യ. അതേസമയം എവിടെയാണ് പുഴുക്കുത്ത്, എങ്ങനെ അത് ഇല്ലാതാക്കാം, ഏത് കീടനാശിനി എത്ര അളവില്‍ എങ്ങനെ തളിക്കാം എന്നൊക്കെ നോക്കേണ്ടിവരും.
അതിനായി രംഗത്തുവരുമ്പോള്‍ അത് അനുവദിക്കില്ല എന്നു പറയുനാവുമോ? ആവും എന്നത്രേ നമ്മുടെ സുമുഖസുന്ദര നടനായ എംഎല്‍എയുടെ പക്ഷം. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന പിടിവള്ളിയുടെ പുറത്താവാം ഈ ധാര്‍ഷ്ട്യം. അമ്മയുടെ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുനിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ബഡായി ബംഗ്ലാവ് നടന് കത്തിക്കയറിയത്.
ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ പറയും. അത് അക്ഷരത്തെറ്റില്ലാതെ എഴുതിയെടുത്ത് പത്രത്തില്‍ അച്ചടിച്ചിറക്കിയാല്‍ മതി. കൂടുതല്‍ ചോദ്യങ്ങള്‍ ഇങ്ങോട്ടുവേണ്ട എന്നത്രേ കുമാരകളേബരന്‍ കൈയാംഗ്യത്തോടെ ആക്രോശിച്ചത്. എന്താണിങ്ങനെയെന്ന് പകച്ചുപോയ മാധ്യമക്കാര് തല്ക്കാലം ഒന്നും പറയാത്തത് മേപ്പടിയാനെപ്പോലെയല്ലാഞ്ഞതിനാലാണ്. ഇനി മുതല്‍ വാര്‍ത്താസമ്മേളനം തുടങ്ങും മുമ്പ് ഒരു പ്ലക്കാര്‍ഡ് കാണിക്കേണ്ടിവരും.
അതില്‍ ഇപ്രകാരം എഴുതിവെച്ചാല്‍ മതി. കോമ്രേഡ്സ്, വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കരുത്. ചടങ്ങിനൊടുവില്‍ കശുവണ്ടിപ്പരിപ്പും കാപ്പിയും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അത് കാണുന്നവാറെ പത്രസമ്മേളനക്കാര്‍ പറയുന്നതൊക്കെ വള്ളിപുള്ളി വിസര്‍ഗം വിടാതെ എഴുതിയെടുത്തോ, വിരലുകുത്തിയോ സംഗതി തീര്‍ക്കാം.
ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഇവിടെ ഒരു സംശയം നമ്മെ വിടാതെ പിന്തുടരുന്നില്ലേ? അഭിനയത്തിന്റെ നിലപാടുതറയായ നാടകത്തിലൂടെ ചമയങ്ങളുടെ ലോകത്തെത്തിയ ഒരു വിദ്വാന് ഇങ്ങനെ പൊട്ടിത്തെറിക്കാനെന്തേ കാരണം? അതിന് മറുപടി ഇതാ നമ്മുടെ സ്വന്തം കുമാരേട്ടന് പറയുന്നു. മ്മടെ, അല്ലല്ല ഫെയിം ചങ്ങായിയില്ലേ? ഓനെപ്പോലെയുള്ള വിദ്വാന്മാരാ മുമ്പിലുള്ളതെന്ന് കരുതിക്കാണും. കുറെ നാളായി ഒത്തുകിട്ടാന്‍ കാത്തിരിക്കുകയാവും.
കുമാരേട്ടന്റെ വിശകലനത്തില്‍ വലിയ കുഴപ്പമില്ലെന്ന് തോന്നുന്നില്ലേ? എന്നാല്‍ യുക്തിപരമായി ചിന്തിക്കുകയാണെങ്കില്‍ മറ്റൊരു സാധ്യതയാണുള്ളത്. മാനവികത, കല, സംസ്കാരം ഇത്യാദിസംഗതികളുള്ള ഒരു ടിയാന് വിപ്ലവപ്പാര്‍ട്ടിയുടെ തിണ്ണയില്‍ തീകായാന്‍ പോയാല്‍ എന്തുസംഭവിക്കും? മനസ്സിലുള്ള നന്മയത്രയും പടികടന്നു പോകും.
എന്നിട്ടോ? അസഹിഷ്ണുത, അതിന്റെ ഉപോല്‍പ്പന്നമായ അക്രമം, ഗുണ്ടായിസം, വിദ്വേഷം, അവമതിപ്പ്, അടിച്ചിരുത്തല്‍ തുടങ്ങിയ രാഷ്ട്രീയാഭ്യാസങ്ങള്‍ സ്വയമേവ കൂടെച്ചേരും. അതാണ് നമ്മുടെ സുമുഖസുന്ദര കലാകാരന് എംഎല്‍എക്കും സംഭവിച്ചത്. ഇന്ന് ഞാന്‍ നാളെ നീ എന്നു കേട്ടിട്ടില്ലേ? ആര്‍ക്കും എപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാന്‍ അല്പം മാനംമര്യാദയോടെ കഴിഞ്ഞുകൊള്ളുക.
*** *** ***
അമ്മ എന്ന് പേരുള്ളതുകൊണ്ട് അമ്മമനസ്സ് കിട്ടണമെന്നില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി സിനിമാക്കാരുടെ അമ്മ സംഘടനയെ ചൂണ്ടിക്കാട്ടാം. എല്ലാ മക്കളും അമ്മമാര്‍ക്ക് ഒരുപോലെയാണ്. എന്നാല്‍ പെണ്മക്കളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവാന്‍ ഇടയുണ്ട്.
കാരണം തങ്ങളുടെ നിസ്സഹായതയില്‍ പെണ്‍മക്കളോളം സ്നേഹത്തോടെ ആണ്മക്കള് പരിചരിക്കില്ല. സിനിമക്കാരുടെ അമ്മയ്ക്ക് ആണ്മനസ്സ് വന്നത് നിയന്ത്രിക്കുന്നവര്‍ മൊത്തം ആണുങ്ങളായതുകൊണ്ടാവുമോ? അമ്മേ, മഹാമായേ.
*** *** ***
സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് മനസ്സിലാകാത്ത കാനത്തുകാര്‍ ഇനിയത് അനുഭവിച്ച് അറിഞ്ഞോളും എന്ന പരുവത്തിലായിരിക്കുന്നു. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും (കേള്‍ക്കണം) എന്ന മുദ്രാവാക്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അത് മനസ്സിലാകാത്തവര്‍ക്കുള്ള മറ്റൊരു മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത്. സമൂഹത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്ന അസ്തിത്വമുള്ളതിനാലാണ് അത്തരമൊരു മുദ്രാവാക്യം മുഴക്കേണ്ടിവന്നത്.
ഇനിയും അതിന്റെ സ്വഭാവം മനസ്സിലായില്ലെങ്കില്‍ അതറിയിച്ചുതരാന്‍ തരാതരംപോലെ കലാപരിപാടികള്‍ തയ്യാര്‍. അതെല്ലാം കൂടിയാവുമ്പോള്‍ സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ ആരാണെന്നതിനെക്കുറിച്ച് ഉത്തമബോധ്യം വരും. ആ വസന്തകാലത്തിനായി കാത്തുനില്ക്കുമ്പോള് നമ്മുടെ സുജിത്തിന്റെ കാര്‍ട്ടൂണ്‍ (കേരള കൗമുദി) ആസ്വദിക്കുക. യഥാരാജാ തഥാപ്രജാ എന്നോ മറ്റോ അല്ലേ പ്രമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: