ചാലക്കുടിയിലെ നാല് യുവസംരംഭകര്‍ ഇളനീര്‍പ്പൊടിയെ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചിട്ട് അധിക നാളായില്ല. റെഡി ടു ഈറ്റ് മാതൃകയില്‍ പൊടിയാക്കിയാണ് ഇവര്‍ നമ്മുടെ നാടന്‍ കരിക്കിന്‍ വെള്ളത്തിനെ വിപണിയിലെത്തിച്ചത്. നാച്യുറപ്പ് എന്ന ബ്രാന്‍ഡിലാണ് ഉല്‍പ്പന്നം ഇറക്കിയത്. കേരളത്തിലും, ഓണ്‍ലൈനായും മാത്രം ശരാശരി 10 ലക്ഷം രൂപയുടെ കച്ചവടമാണ് നിലവില്‍ നടത്തുന്നത്. കമ്പനിയുടെ എംഡിയുടെ പ്രായം 25. അതിനേക്കാള്‍ ഉപരി ബി.ടെക്ക് ബിരുദ്ധധാരി. 2013ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ചാലക്കുടി സ്വദേശി ആന്റണി എസ് പാത്താടന്‍, പിതൃസഹോദരന്റെ മക്കളായ നിലിന്‍, നിലീന, ഇവരുടെ ഭര്‍ത്താവ് ഷാന്റില്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ആശയമായി ആശുപത്രി ബോര്‍ഡ്
ബി.ടെക്ക് പഠനത്തിന് ശേഷം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിന് ആന്റണിയും കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇതില്‍ പലരും പിന്മാറിയതിനെ തുടര്‍ന്ന് കമ്പനി വിദേശത്തുള്ള ഒരു ഗ്രൂപ്പിന് വിറ്റു. തുടര്‍ന്നാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയവുമായി ആന്റണി മുന്നിട്ടിറങ്ങിയത്. കയറ്റുമതി മൂല്യമുള്ള ഉല്പനമായിരുന്നു ലക്ഷ്യം. സുഹ്യത്തുകളുമായുള്ള ചര്‍ച്ചകള്‍ക്കിടെ അമേരിക്കയില്‍ പ്രചാരത്തിലുള്ള നാളികേര മില്‍ക്ക് പൗഡറുകളെപ്പറ്റിയും ആന്റണി മനസ്സിലാക്കി. ഇതിനിടെയിലാണ് കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയ ആന്റണിയുടെ കണ്ണില്‍ ‘കരിക്ക് അകത്ത് കയറ്റില്ല’ എന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.
രോഗികള്‍ക്കായി കരിക്കിന്‍ വെള്ളം ഏറെ ആവശ്യമുള്ള ആശുപത്രിയില്‍ ഇങ്ങനെ ഒരു ബോര്‍ഡ് കണ്ടപ്പോള്‍ സംഭവത്തെപ്പറ്റി തിരക്കി. വെള്ളം കുടിച്ച ശേഷം ഉപേക്ഷിക്കുന്ന കരിക്ക് സംസ്‌കരിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബോര്‍ഡ് വെച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. കരിക്കിന്‍ വെള്ളം ബോട്ടില്‍ ചെയ്ത് എത്തിക്കുന്ന ചില സംരംഭകരുമായി ചേര്‍ന്ന് അധികൃതര്‍ തന്നെ കരിക്കിന്‍ വെള്ളത്തിന്റെ വിതരണം ഏറ്റെടുത്തെങ്കിലും അതിന്റെ രുചി ആളുകള്‍ക്കിടയില്‍ താല്‍പ്പര്യമുണ്ടാകിയില്ല. ഏല്ലാ വിഭാഗങ്ങള്‍ക്കും ഏറെ പ്രിയങ്കരമായ പാനീയത്തെ വിപണിയിലെത്തിക്കുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചിന്ത. നൂറ് ശതമാനം ജൈവ രീതിയില്‍ തയ്യാറാക്കുന്ന ഉല്‍പ്പനത്തിനായി അമിത വില ഈടാക്കാതെ വിപണിയിലെത്തിക്കുക എന്നതായിരുന്നു മുമ്പിലുള്ള വെല്ലുവിളി.
ഇളനീർ പൊടി @15
പഴച്ചാറുകള്‍ ഉള്‍പ്പടെയുള്ളവ പൊടി രൂപത്തിലാക്കി മാറ്റുന്ന സംരംഭങ്ങള്‍ രാജ്യത്ത് നിരവധിയുണ്ട്. ഇതേ മാതൃകയില്‍ കരിക്കിന്‍ വെള്ളത്തിന്റെ തനത് രുചി നഷ്ടമാകാതെ പൊടിയാക്കി വിപണിയിലെത്തിക്കാനാണ് നാലംഗ സംഘം ലക്ഷ്യമിട്ടത്. ഇതിനായി പോണ്ടിച്ചേരിയില്‍ സ്‌പ്രേ ഡ്രൈയിങ് ഫാക്ടറി നടത്തുന്ന ആന്റണിയുടെ സുഹൃത്തിന്റെ സഹായം തേടി. നാലു മാസം നീണ്ട നിന്ന പ്രയത്‌നത്തിന് ഒടുവില്‍ ഇളനീര്‍ പൊടി തയ്യാറാക്കി. തുടര്‍ന്ന് 2016 ജൂലായ് മാസത്തിന് ശേഷം ഉല്‍പ്പന്നം വിപണിയിലെത്തിച്ചു. പ്രത്യേക പായ്‌ക്കിങില്‍ വരുന്ന 12 ഗ്രാം സാഷേ പായ്‌ക്കറ്റില്‍ നിന്നും 200 മില്ലിലിറ്റര്‍ കരിക്കിന്‍ വെള്ളമാണ് ലഭിക്കുന്നത്. വില 15 രൂപ. 300 ഗ്രാമിന്റെ പായ്‌ക്കറ്റില്‍ നിന്ന് 5 ലിറ്റര്‍ കരിക്കിന്‍വെള്ളം തയ്യാറാക്കാം.
കേറ്ററിങ് ആവശ്യങ്ങള്‍ക്കാണ് സാധാരണയായി ഇത്തരം പായ്‌ക്കറ്റുകള്‍ വിറ്റ് പോകുന്നത്. ഒരു വര്‍ഷത്തോളം കേടാകാതെ ഇരിക്കുന്ന പൊടി, പായ്‌ക്കറ്റില്‍ നിന്നും വെള്ളത്തിലേക്ക് കലക്കിയ ശേഷം അഞ്ച് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നതാണ് ഏക നിബന്ധന.
നിലവില്‍ കേരളത്തിലെ 10 ജില്ലകളില്‍ നാച്യുറപ്പിന്റെ ഇളനീര്‍പ്പൊടി ലഭ്യക്കും. ഇതിന് പുറമേ ഓണ്‍ലൈന്‍ സൈറ്റുകളായ ആമസോണ്‍ ഉള്‍പ്പടെയുള്ളവ വഴിയും വില്‍പ്പനയുണ്ട്. വരുന്ന മാസം കരിക്കിന് പുറമേ പാഷന്‍ ഫ്രൂട്ട്, ചക്ക എന്നിവയുടെ സിറപ്പ്, ജാം, കോക്കനട്ട് മില്‍ക്ക് പൗഡര്‍ തുടങ്ങിയവയും സംഘം വിപണയിലിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: