കരുവാരകുണ്ട്: ജനവാസകേന്ദ്രങ്ങളില്‍ ഭീതി വിതക്കുന്ന പുലികളെ പിടികൂടാന്‍ ശ്രമിക്കാത്ത വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഒരാഴ്ച മുമ്പ് കല്കുണ്ട് കപ്പിലാംതോട്ടം ജംഗ്ഷനു സമീപത്തെ ജനവാസ കേന്ദ്രത്തിലെത്തിയ പുലികള്‍ ആടുകളെ വകവരുത്തിയിരുന്നു. ചെറുകിട കര്‍ഷകനായ തടത്തില്‍ യാസിര്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആടുകള്‍. വീടിനടുത്ത് ആടുകള്‍ക്കു വേണ്ടി നിര്‍മ്മിച്ച താല്കാലിക ഷെഡില്‍ കെട്ടിയിട്ടിരുന്ന ആറ് ആടുകളെയാണ് അന്ന് പുലികള്‍ വകവരുത്തിയത്.
വനം വകുപ്പധികൃതരെ ഉടന്‍ വിവരമറിയിച്ചിട്ടും അവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് പുലികെണി സ്ഥാപിക്കണമെന്നാവശ്യത്തിന് അധികൃതര്‍ വിലകല്‍പ്പിക്കുന്നില്ല.
തുടര്‍ച്ചയായായി വളര്‍ത്തുമൃഗങ്ങള്‍ക്കു നേരേ പുലികളുടെ ആക്രമണം ഉണ്ടാകുന്നു.
കാര്‍ഷികോത്പ്പന്നങ്ങളുടെ വില തകര്‍ച്ചയെ തുടര്‍ന്ന് ആടുമാടുകളെ വളര്‍ത്തിയാണ് ജനങ്ങള്‍ ജീവിതവഴി കണ്ടെത്തുന്നത്. കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട ഓലപാറയില്‍ കഴിഞ്ഞവര്‍ഷം വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്ന് പുലികള്‍ അകപ്പെട്ടിരുന്നു. കിഴക്കേത്തല ടൗണിലും, കുട്ടത്തിയിലും, അരിമണല്‍ ഭാഗത്തും ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ പുലികളെ കണ്ടിരുന്നു.കുട്ടികളടക്കമുള്ളവര്‍ മലയോരം വഴി ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. മലഞ്ചെരുവുകളിലെ പാറയിടുക്കുകളിലും മടകളിലുമാണ് ഇവയുടെ വാസമെന്നും കര്‍ഷകര്‍ പറയുന്നു.
ജനങ്ങളുടെ ഭീതിയകറ്റണമെന്നും പുലികള്‍ വകവരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലതാമസമൊഴിവാക്കി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: