മലപ്പുറം: സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജില്ലയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കണ്ടെത്തി.
ചില എയ്ഡഡ്- അണ് എയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് നേരത്തെ കമ്മീഷന് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആര്‍ടിഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് ആവശ്യപ്പെടുമെന്ന് കമ്മീഷന് വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലാതലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ സ്കൂളുകള്‍ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായാണ് കമ്മീഷന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരില്‍നിന്ന് തല്‍സ്ഥിതി വിവരം തേടാന്‍ തീരുമാനിച്ചത്.
സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കകം തന്നെ ജില്ലയില്‍ സ്കൂള്‍ വാഹനങ്ങളുടെ അപകടവും റിപ്പോര്‍ട്ട് ചെയ്തു.
മിക്ക സ്കൂളുകളിലെ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്.
അമിത വേഗത പാടില്ല, ഡ്രൈവറോടൊപ്പം ബസില്‍ ആയയുടെ സേവനം ഉറപ്പുവരുത്തണം, സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് കൃത്യമായി പരിശോധിക്കണം, കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി യാത്ര ചെയ്യിപ്പിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല.
ഇതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: