തൃക്കരിപ്പൂര്‍: കവ്വായി കടപ്പുറത്ത് തുടങ്ങാനിരിക്കുന്ന ടൂറിസം പദ്ധതിയ്ക്ക് എതിരെയുള്ള പ്രദേശവാസികളുടെ പ്രതിഷേധവും പ്രതിരോധവും അനാവശ്യമാണെന്ന വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുല്‍ ജബ്ബാറിന്റെ വാദം ജനങ്ങള്‍ പുഛത്തോടെ തള്ളിക്കളയുമെന്ന് വലിയ പറമ്പ് ജനകിയ വികസന സമിതി പറഞ്ഞു.
അണിയറയില്‍ രഹസ്യമായി ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തു വന്നിരുന്നവര്‍ സമരം ശക്തമായതോടെ രംഗ് വന്നിരിക്കുകയാണ്. കവ്വായി കായലോരം മുതല്‍ കടലോരം വരെ ടൂറിസത്തിന്റെ മറവില്‍ ഭുമി വാങ്ങിക്കൂട്ടി പ്രദേശത്തെ പ്രകൃതിയും സംസ്കാരവും നശിപ്പിക്കാനും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കാനും വരുന്നവരെ പ്രദേശത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഗ്രാമീണവാസികളെ ‘തല്പര കക്ഷികള്‍’ എന്ന് പ്രസിഡണ്ട് അഭിസംബോധന ചെയ്തിരുന്നു.
പ്രാദേശിക വികസനത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന പ്രസിഡണ്ട് അധികാരത്തില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശത്ത് എന്ത് വികസനമാണ് നടപ്പിലാക്കിയത് എന്ന് സ്വയം ആത്മപരിശോധന നടത്തണം. റോഡും പാലങ്ങളും ജീവിത സൗകര്യങ്ങളും ഒക്കെ പഞ്ചായത്തിന്റ വടക്കന്‍ മേഖലയായ വലിയപറമ്പിലും മാവിലാക്കടപ്പുറത്തും മാത്രം ഒതുക്കി നിര്‍ത്തുകയാണ് പ്രസിഡണട് ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രദേശവാസികളുടെ പ്രതിഷേധവും പ്രതിരോധവും മറികടന്ന് ആസ്തിവരുമാനമില്ലാത്ത പഞ്ചായത്തിന് വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രസിഡണ്ട് ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയുടെ സമീപ പ്രദേശമാണെന്നതും സൗകര്യപൂര്‍വം മറക്കുകയാണ്. പൂവാര്‍ ”ഐലന്റ് റിസോര്‍ട്ട് ഉടമ തിരുവനന്തപുരത്തെ കബീര്‍ അബ്ദുല്‍ ഖാദര്‍ നല്‍കുന്നത് വൈറ്റ് മണിയാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്ഥാവന ഇതിലെ കള്ളകളി വെളിച്ചത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് വികസന സമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: