പാലക്കാട്: തോട്ടമുടമയുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി പെണ്‍കുട്ടി മണിമേഖലയുടെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. 2014 മെയ് 18നാണ് മീനാക്ഷിപുരം രാമര്‍പണ്ണയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മിയുടെ മകള്‍ പതിമൂന്ന് വയസുള്ള മണിമേഖലയെ തോട്ടമുടമസ്ഥന് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
മണിമേഖലക്കെതിരെ ആത്മഹത്യാകുറ്റം ചുമത്തിയായിരുന്നു തുടക്കത്തില്‍ പോലീസ് കേസെടുത്തത്. കൊലപാതകം മറച്ചുവയക്കാനുള്ള പോലീസിന്റെ നീക്കം ഏറെ വിവാദമായിരുന്നു. എന്നാല്‍ മണിമേഖല പീഡനത്തിനിരയായിയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ജനകീയപ്രക്ഷോഭം ആരംഭിച്ചു.
തുടര്‍ന്ന് ഭൂവുടമയെ പ്രതിചേര്‍ത്ത് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തതോടെ സംസ്ഥാന ഭരണകൂടവും ജനപ്രതിനിധികളും ഇടപെടുകയായിരുന്നു.മണിമേഖലയുടെ ഘാതകന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തികസഹായവും നല്‍കുമെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലും,ആലത്തൂര്‍ ലോകസഭാ എംപി പി.കെ ബിജു നേരിട്ടും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനകീയ സമരം അവസാനിപ്പിച്ചത്.
എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സഹായം വാഗ്ദാനം നല്കിയ യുഡിഎഫ് സര്‍ക്കാരോ തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരൊ, എംപിയായി തുടരുന്ന പി.കെ.ബിജുവോ കുടുംബാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുന്നതിനു പകരം അവരെ അവഗണിക്കുകയാണുണ്ടായത്.മണിമേഖലയുടെ അനുജന് പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സഹോദരന് കാര്ത്തികേയന് 21 വയസായിട്ടും നല്കിയ വാഗ്ദാനം പാലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മാറിമാറി ഭരിച്ച ഇരുസര്‍ക്കാരുകളും ദളിതരോടുള്ള അവഗണന തുടരുകയാണ്. മണിമേഖലയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിനൊരുങ്ങുകയാണ്. ദളിതരോടുള്ള അവഗണന അവസാനിപ്പിച്ച് മണിമേഖലയുടെ സഹോദരന് കാര്ത്തികേയന് എത്രയുംപെട്ടന്ന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒബിസി മോര്‍ച്ച ചിറ്റൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്,നേതാക്കളായ കെ.ആര്.ദാമോധരന്,എ.കെ.മോഹന്‍ദാസ്,വി.രമേഷ്,കെ.ശ്രീകുമാര്‍,ആര്.ജഗദീഷ്, കെ.വി.രാധാകൃഷ്ണന് ബാബുഗോപാലപുരം, പി.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: