കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്സൈസ് സ്ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്ക്കെതിരെ കളക്ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.
380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: