കൊല്ലം: തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തോട് അനുബന്ധിച്ച്, പരശുരാമശില്‍പം സ്ഥാപിക്കുന്നതിനും പ്രദേശത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുമുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റെ ഭാവികാല നടപടികളിലുണ്ടെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മന്നം സാംസ്‌കാരിക സമിതിയുടെ പ്രതിഭാപുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ കൊടിമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ദേവസ്വംബോര്‍ഡ് അധികൃതരും ഭക്തസമൂഹവും ഭരണകൂടവും സംയമനത്തോടെ സമീപിച്ചത് കേരളത്തിന്റെ ഭാഗ്യമാണ്. അല്ലെങ്കില്‍ സാമൂഹിക അസ്വസ്ഥതക്ക് കാരണമായേനെ. മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. വര്‍ഷം മുഴുവനും ക്ഷേത്രം തുറന്നുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ സാധ്യത മനസിലാക്കി ഒരു ദിവസം അഞ്ചര മണിക്കൂര്‍ അധികദര്‍ശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.
ഇതോടെ ഒരുലക്ഷത്തില്‍ അധികം പേര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുന്നു. അധിക മണിക്കൂര്‍ അനുവദിച്ചത് 365 ദിവസം തുറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
















