പത്തനാപുരം: പൊതുജനത്തിന് വിതരണം ചെയ്യുന്ന റേഷന്‍കാര്‍ഡുകളില്‍ തെറ്റുകുറ്റങ്ങളുടെ ഘോഷയാത്ര. വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ അര്‍ഹതപെട്ടവര്‍ക്ക് പോലും ബിപിഎല്‍ കാര്‍ഡ് നഷ്ടമായി.
പത്തനാപുരം കടശ്ശേരിയിലെ നിര്‍ധനകുടുംബത്തിന് ലഭിച്ചത് സമ്പന്നര്‍ക്ക് കൊടുക്കുന്ന വെള്ളനിറത്തിലുളള എപിഎല്‍ കാര്‍ഡ്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടശ്ശേരി എലപ്പക്കോട് തടത്തില്‍ വീട്ടില്‍ പൊന്നമ്മ (46)ക്കാണ് എപിഎല്‍ കാര്‍ഡ് ലഭിച്ചത്. കൂടാതെ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. ഗൃഹനാഥയായ 45 കാരി പൊന്നമ്മയ്‌ക്കും 19 വയസുള്ള മകനും 46 വയസ് എന്നാണ് കാര്‍ഡിലെ രേഖ. 48 വയസുള്ള ഭര്‍ത്താവ് മധുവിന് പ്രായം 45. അച്ഛനേക്കാള്‍ ഒരു വയസ്സ് കൂടുതലാണ് മകന്. ഇത്തരത്തിലുളള വിചിത്രമായ തെറ്റുകള്‍ നിറഞ്ഞ റേഷന്‍കാര്‍ഡുകളാണ് പൊതുവിതരണവകുപ്പ് കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്തിരിക്കുന്നത്. ടാപ്പിങ് തൊഴില്‍ ചെയ്തും കൂലിവേല ചെയ്തുമാണ് ഈ നിര്‍ധനകുടുംബം കഴിയുന്നത്. കഴിഞ്ഞദിവസം റേഷന്‍കട വഴി കാര്‍ഡ് കിട്ടിയപ്പോഴാണ് സംഭവം അറിയുന്നത്. ഇത്തവണ വിവരശേഖരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവരോട് തന്റെ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ബിപിഎല്‍ കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ബിപിഎല്‍ കാര്‍ഡ് ലഭിക്കണമെന്നാവശ്യപ്പെട്ട് പൊന്നമ്മ പൊതുവിതരണ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.
















