സ്വന്തം ലേഖകന്‍
കരുനാഗപ്പള്ളി: ഡെങ്കിപനി പിടിപെട്ട് നൂറുകണക്കിനാളുകള്‍ നിത്യേന ചികിത്സ തേടി എത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡെങ്കി വാര്‍ഡില്‍ ഒരുക്കിയത് ആകെ 35 ബഡുകള്‍.
അവക്കെല്ലാം കൊതുകുവലകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വൈകിട്ട് അഞ്ചുമണി കഴിഞ്ഞാല്‍ കൊതുകിന്റെ ശല്യം മൂലം ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് രോഗികള്‍ പരാതിപ്പെടുന്നു. പേരിന് ഒരു കൊതുകുവല നല്‍കിയിട്ടുള്ളതല്ലാതെ രോഗികള്‍ കിടക്കുന്ന വാര്‍ഡിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനോ പുറത്തു നിന്നും കൊതുകുകള്‍ ഹാളില്‍ കയറുന്നത് തടയാന്‍ ജനാലകളും, വെന്റിലേഷനുകളും കൊതുകു കയറാത്ത രീതിയില്‍ സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
ഹാളിന്റെ ഒട്ടുമിക്ക ജന്നല്‍ ഗ്ലാസുകളും മരുന്നുകവറുകള്‍ കൊണ്ട് മറച്ച നിലയിലാണ് കാണാന്‍ കഴിയുന്നത്. റൂമിന്റെ പുറത്ത് കൊതുകുകള്‍ക്ക് വളരാന്‍ പറ്റിയ രീതിയില്‍ കാടുപിടിച്ചും, വെള്ളം കെട്ടി കിടക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ കരിക്കിന്റെ തൊണ്ട് ഉള്‍പ്പെടെ കൂടി ഇട്ടിരിക്കുന്ന നിലയിലുമാണ്. ഇവിടെ ആവശ്യത്തിന് ട്രിപ്പ് സ്റ്റാന്റുകള്‍ ഇല്ലാത്തതുമൂലം അടുത്ത ബെഡുകളിലെ രണ്ട് രോഗികള്‍ക്ക് ട്രിപ്പ് എടുത്തതിനു ശേഷം മാത്രമെ അടുത്ത രോഗികള്‍ക്ക് ഇടാന്‍ കഴിയുന്നുള്ളു. ഇവിടുത്തെ ലാബിന്റെ കാര്യവും കാര്യക്ഷമമല്ല എന്നുള്ള പരാതിയാണ് രോഗികള്‍ക്ക് ഉള്ളത്. ഡെങ്കിപനി മൂലം ഇവിടെ ചികിത്സ തേടുന്ന രോഗികളുടെ രക്തം പരിശോധിച്ചപ്പോള്‍ പലപ്പോഴും ശരിയായ റിസള്‍ട്ടല്ല ലഭിക്കുന്നത്. ഇത്കമ്പ്യൂട്ടറിന്റെ കുഴപ്പമാണെന്നാണ് ഭാഷ്യം. ഇതു കാരണം മിക്കവര്‍ക്കും പുറത്തുള്ള ലാബുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള പല ഫാനുകളും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ചിലത് റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയിട്ട് ആഴ്ചകളായി എന്നും രോഗികള്‍ പറയുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിലും പനി പിടിപെട്ടവരെ കിടത്തുന്നതായും രോഗികള്‍ പറയുന്നു. നാടു മുഴുവന്‍ പനി പടരുമ്പോള്‍ രോഗശാന്തി തേടിയെത്തുന്ന രോഗികള്‍ക്ക് ആശ്വാസമേകേണ്ട ഇടങ്ങള്‍ പോലും വേണ്ട രീതിയില്‍ പരിപാലിക്കപ്പെടാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നാണ് പരാതി.
















