ആലത്തൂര്‍: പത്തനാപുരം പാലം തകരുമെന്ന് ആശങ്കയില്‍ നാട്ടുകാര്‍ ഭാരവാഹനങ്ങള്‍ തടഞ്ഞു. ഇന്നലെ രാവിലെ പാലത്തിന്റെ മറുകരയില്‍ അപ്രോച്ച് റോഡും പാലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് റോഡ് താഴ്ന്ന് അടിത്തറയില്‍ വിള്ളല്‍ കണ്ടത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഗായത്രിപ്പുഴയില്‍ ഒഴുക്കും ശക്തമായിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് കാലവര്‍ഷത്തില്‍ പത്തനാപുരം പാലത്തിന്റെ ഇരു ഭാഗത്തേയും അപ്രോച്ച് റോഡ് ഒലിച്ചുപോയി ഗതാഗതം സ്തംഭിച്ചിരുന്നു.അതുപോലെ സംഭവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.ഗായത്രി പുഴക്ക് കുറുകെയുള്ള പത്തനാപുരം പാലത്തിന്റെ അടിത്തറ ഇളകി പാലം നേരത്തേ അപകടാവസ്ഥയിലാണ്.കാവശ്ശേരി തരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കടന്നു പോകുന്ന പാലമാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് അടിത്തറയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു.
സിമന്റും മെറ്റലും ഇളകി കമ്പി ദ്രവിച്ച നിലയിലാണ്. അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന് ബലക്ഷയം വരാന്‍ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. അടിത്തറയുടെ ഭാഗത്ത് മണല്‍ ഒരു തരി പോലും അവശേഷിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.പത്തനാപുരം, തോണിപ്പാടം,ആറാപ്പുഴ,തോടുകാട്, മാട്ടുമല പ്രദേശത്തെ അനധികൃത ചെങ്കല്‍ച്ചൂള, കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ അനിയന്ത്രിതമായി ഓടുന്നത് പാലത്തിന് സുരക്ഷാ ഭീഷണിയാകുന്നുണ്ട്.രാത്രിയും പുലര്‍ച്ചെയും ഇത്തരം വാഹനങ്ങള്‍ പാലത്തിലൂടെ പായുന്നുണ്ട്.
പുതിയ പാലം പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു.എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങാനായില്ല.തരൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷിക മേഖലയെ ആലത്തൂരും കാവശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയാണിത്. കരിങ്കല്ലും എം സാന്‍ഡും കയറ്റിയ ടോറസ് ലോറികള്‍ ദിവസേന കടന്നു പോകുന്നത് പാലത്തെ കൂടുതല്‍ അപകടാവസ്ഥയിലാക്കുന്നുണ്ട്.
അത്തിപ്പൊറ്റ പുതിയ പാലം പണി ആരംഭിച്ചതോടെ തോണിപ്പാടത്തേക്കുള്ള ബസുകള്‍ മുഴുവന്‍ ഇതുവഴി ആയതും പാലത്തിന്റെ അപകടാവസ്ഥ കൂടാന്‍ കാരണമായി. പത്തനാപുരം അക്കര എച്ച്.എ.യു.പി.സ്കൂളിലേക്കുള്ള കുട്ടികളുടെ ബസും ഇതുവഴിയാണ് കടന്നു പോകുന്നത്.പത്തനാപുരം പാലവും കൂടി തകര്‍ന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ തോണിപ്പാടത്തുകാര് ഒറ്റപ്പെടും.
അമിത ഭാരം കയറ്റിയ ടോറസ് ലോറികളുടെ യാത്രനിയന്ത്രിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അമിതഭാരം കയറ്റിയ ലോറികള്‍ നാട്ടുകാരായ അബ്ദുള്‍ കരീം, സാബു,ഷിജു,മുഹമ്മദ് കുട്ടി,യൂസഫ്,ബ്രിജേഷ്,മണികണ്ഠന്, റഫീക്ക്,രവി,രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: