കുറഞ്ഞകാലം കൊണ്ട് ജനകീയന്‍ എന്നു പേരെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ കാലോചിതമായ നിരവധി മാറ്റങ്ങളാണ് യുപിയില്‍ അദ്ദേഹം നടപ്പാക്കിയത്.
കാവി ധരിച്ചു കൊണ്ട് വികസനത്തിന്റെ പാതയിലേക്ക് യുപിയെ നയിക്കാന്‍ സാധ്യമല്ലെന്ന് വിമര്‍ശനങ്ങളെ പാടെ തള്ളികൊണ്ടാണ് യോഗി സര്‍ക്കാര്‍ തന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. യുപി ഇനി പഴയ യുപി ആകില്ലെന്ന കാര്‍ക്കശ്യം യോഗിക്കുണ്ടായിരുന്നു. ഇത് ഫലവത്താകുന്ന സൂചനകളാണ് 100 ദിവസങ്ങളില്‍ യുപി സാക്ഷ്യം വഹിച്ചത്.
2017 മാര്‍ച്ച് 19 നായിരുന്നു ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യോഗിയും രണ്ട് ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. നിരവധി മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അധികാരത്തിലേറി 50 ദിനം പൂര്‍ത്തിയാക്കിപ്പോള്‍ തന്നെ ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെ 50 ഓളം തീരുമാനങ്ങളാണ് യോഗി സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതില്‍ പത്ത് സുപ്രധാന തീരുമാനങ്ങള്‍ താഴെ വിവരിക്കുന്നു.
പാന്‍ നിരോധനം
സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ആശുപത്രികളിലും പാന്‍ മസാലയും ഗുഡ്കയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇതുമൂലം ദുര്‍ഗന്ധം വമിച്ചു കൊണ്ടിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സുഗന്ധം എത്തിതുടങ്ങി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചികൊണ്ട് ഉത്തരവിറക്കി.
അറവുശാല പൂട്ടല്‍
യോഗി സര്‍ക്കാര്‍ അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നു അറവുശാലകള്‍ അടച്ചു പൂട്ടി. ഇതിനായി ഓരോ ജില്ലകളിലേയും പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. അനധികൃതമായി ഗോക്കളെ കടത്തി കൊല്ലുന്നതിനെ കര്‍ക്കശമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും യോഗി സര്‍ക്കാര്‍ അതിനെയെല്ലാം മറികടന്നു.
ആന്റി റോമിയോ സ്ക്വാഡ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നത് ഒരുപക്ഷേ യുപിയിലായിരിക്കും. ബലാത്സംഗങ്ങളും, റോഡില്‍ വരെ സ്ത്രീകള്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം കൊണ്ടുവന്ന പോലീസ് സംഘമാണ് ‘ ആന്റി റോമിയോ സ്ക്വാഡ്’. 23 പേരടങ്ങുന്ന ഈ സംഘം യുപിയിലെ പൊതു ഇടങ്ങളില്‍ നിലയുറപ്പിക്കും. സ്ത്രീകള്‍ക്കെതിരെ ആരു കടന്നുകയറ്റത്തിന് മുതിര്‍ന്നാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നതാണ് ഈ സ്ക്വാഡിന്റെ പ്രത്യേകത.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്റി-റോമിയോ സ്ക്വാഡിനു രൂപം നല്‍കിയത്.
യുപിയിലെ മീററ്റ് ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. മീററ്റിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മൂന്നോ നാലോ പോലീസുകാരെ ഉള്‍പ്പെടുത്തി ആന്റി-റോമിയോ സ്ക്വാഡ് രൂപീകരിച്ചു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നിലധിക്കം സ്ക്വാഡുകളെ നിയമിക്കുവാനും ഇതില്‍ നാലിലധികം പോലീസുകാരെ ഉള്‍പ്പെടുത്തുവാനും തീരുമാനമായി. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടെങ്കിലും കോടതി അത് തള്ളുകയായിരുന്നു. സംസ്ഥാന പോലീസിന്റെ നടപടി സദാചാര പോലീസിംഗാണെന്ന വാദവും കോടതി തള്ളി. ബിജെപി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഗൗരവ് ഗുപ്ത എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം
മന്ത്രി സഭയിലെ എല്ലാവരും സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എമാരും ഇവരില്‍ ഉള്‍പ്പെടും . 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ശുചിത്വത്തിന് പ്രധാന്യം
സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി ആഴ്ചയിലൊരു ദിവസം നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യോഗി നിര്‍ദ്ദേശം നല്കി.
വായ്പ എഴുതിത്തള്ളല്‍
കര്‍ഷകരെ സംരക്ഷിക്കാനായി നിരവധി പദ്ധതികള്‍ യോഗി ആവിഷ്കരിച്ചു. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചു. കരിമ്പ് കര്‍ഷകരുടെ 22,000 കോടി രൂപയുടെ കടം സര്‍ക്കാര്‍ എഴുതിതള്ളി.
റോഡ് വികസനം
സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാക്കാന്‍ പദ്ധതികള്‍ ആരംഭിച്ചു. കുണ്ടും കുഴികളും നിറഞ്ഞ എല്ലാ റോഡുകളും ശരിയാക്കാന്‍ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. ജൂണ്‍ 15ന് മുന്‍പാകെ എല്ലാ റോഡുകളും ശരിയാക്കാനാണ് അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വൈദ്യുതി വിതരണം
യുപിയെ പൂര്‍ണ്ണമായും വൈദ്യുതീകരിക്കാന്‍ സാധിച്ചത് യോഗി അധികാരത്തിലേറിയതിന് ശേഷമാണ്. മീററ്റ് പോലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ ആളുകള്‍ക്ക് കാര്യമായ പുരോഗതിയുണ്ടായി.
മെട്രോ റെയില്‍
ഗോരക്പൂര്‍ മുതല്‍ ഝാന്‍സി വരെ മെട്രോ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനിച്ചു.
അധികസമയം ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം
യു.പിയുടെ വികസനത്തിനായി ഉദ്യോഗസ്ഥര്‍ കാര്യമായി സഹകരിക്കണമെന്ന നിര്‍ദേശമാണ് യോഗി പിന്നീട് നല്‍കിയത്. 18 മുതല്‍ 20 മണിക്കൂര്‍ വരെ ഈ സംസ്ഥാനത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: