പെരിന്തല്‍മണ്ണ: ജില്ലയിലെ എഞ്ചിനീയറിംങ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി തോണിപ്പാട് രാധാകൃഷ്ണന്(29), വെട്ടത്തൂര്‍ കാപ്പ് മേല്‍ക്കുളങ്ങര സ്വദേശി ചോലക്കല്‍ വീട്ടില്‍ ആഷിഖ്(23), മണ്ണാര്‍ക്കാട് അലനല്ലൂര്‍ കൊച്ചോട്ടുപാറക്കല് ഖാലിദ്(24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുകിലോ കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ആശുപത്രികള്‍, ആശുപത്രി ഹോസ്റ്റലുകള്‍, എഞ്ചിനീയറിംങ് കോളേജുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണിവര്‍.
മണ്ണാര്‍ക്കാട്, അട്ടപ്പാടി, അഗളി, കോട്ടത്തറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു.
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക വാഹനപരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കിലോഗ്രാമിന് 16000 രൂപക്കാണ് ഏജന്റുമാര്‍ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്. പിന്നീട് ഒന്നാംപ്രതി രാധാകൃഷ്ണന്റെ എടത്തനാട്ടുകരയിലുള്ള വാടകമുറിയില്‍ വെച്ചും മേലാറ്റൂര്‍, മാലാപറമ്പ്, കൊടുകുത്തിമല എന്നിവിടങ്ങളിലെ സങ്കേതകളില്വെച്ചും കഞ്ചാവ് ചെറിയ പായ്ക്കറ്റുകളില്‍ നിറക്കും.
അഞ്ച് ഗ്രാം തൂക്കമുള്ള ഒരു പായ്ക്കറ്റിന് 300 രൂപക്കാണ് ഇവര്‍ വില്‍ക്കുന്നത്.
ഈ സംഘത്തിന്റെ അറസ്റ്റോടെ വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി ഉല്പന്നങ്ങള് വില്ക്കുന്നവരെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചതായും അവര്‍ നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്പി എന്‍.പി.മോഹനചന്ദ്രന്, എഎസ്പി സുജിത്ദാസ് എന്നിവര്‍ പറഞ്ഞു.
സിഐ സാജു.കെ.അബ്രഹാം, എഎസ്ഐ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ എന്‍.വി.ഷെബീര്‍, ദിനേശ് കിഴക്കേക്കര, നെവിന് പാസ്ക്കല്‍, അനീഷ്, എന്‍.ടി.കൃഷ്ണകുമാര്‍, സി.പി.മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: