പാലക്കാട് : ഹൈഡ്രജന്‍ പെറോക്സൈഡ് ടോപ്പിക്കല്‍ സൊല്യൂഷന് ഐപി മൂന്ന് ശതമാനം എന്ന മരുന്നിന്റെ വില്പന ഡ്രഗ്സ് കണ്ട്രോളര് തടഞ്ഞു.
ഇന്ത്യന്‍ ഫാര്‍മകോപ്പിയ പ്രകാരം മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് ഹൈഡ്രജന്‍ പെറോക്സൈഡ് ഐപി ആറ് ശതമാനം ഗാഢതയില്‍ വിപണിയിലിറക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതിന് വിരുദ്ധമായി മൂന്ന് ശതമാനം ഗാഢതയോടെയാണ് മരുന്ന് വിപണിയിലിറക്കുന്നത്.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിച്ചതു പ്രകാരം മരുന്നിന്റെ വില 100എം.എല്ലിന് 5.25 രൂപയാണ്. എന്നാല്‍ വില നിയന്ത്രണത്തെ മറികടന്ന് 100 എം.എല്ലിന് 18 രൂപ നിരക്കിലാണ് മരുന്ന് വിപണിയിലിറക്കുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈമര്ഫാര്മ എന്ന കമ്പനിയുടേതാണ് മരുന്ന്. ജില്ലയിലെ ഒരു സ്വകാര്യ ഔഷധ മൊത്തവിതരണ സ്ഥാപനത്തില്‍ നിന്നാണ് മരുന്ന് കണ്ടെത്തിയത്. ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ എം.സി നിഷിതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.
സൈമര്‍ ഫാര്‍മയുടെ ഈ മരുന്ന് കൈവശമുളള ഔഷധ ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍, മൊത്തവിതരണ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവര്‍ വില്പന നിര്‍ത്തി വിശദാംശങ്ങള്‍ പാലക്കാട് ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: