ആലത്തൂര്‍ : പരമ്പരാഗത കരകൗശല വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് വില്‍പ്പന കേന്ദ്രം കണ്ടെത്തുന്നതിനുമായി കണ്ണമ്പ്രയില്‍ ദേശീയപാതയോരത്ത് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു.
കാവശ്ശേരിയില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് നല്കുന്ന ധനസഹായത്തിന്റേയും യന്ത്രസാമഗ്രികളുടേയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ച് ഏക്കര്‍ സ്ഥലത്താണ് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുക. ക്രാഫ്റ്റ് വില്ലേജ് തുടങ്ങുന്നതോടെ ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തി പരമ്പരാഗത മണ്‍പാത്ര-നെയ്ത്ത്-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്താനാകും.
മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത കളിമണ്ണ് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ജില്ലാ കളക്ടറുമായും ജിയോളജി വകുപ്പുമായും ആലോചിച്ച് നടപടികള്‍ സ്വീകരിക്കും.
യന്ത്രവത്കരണത്തിലൂടെ വൈവിധ്യമാര്‍ന്ന കളിമണ്‍ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാവശ്ശേരി പഞ്ചായത്തിലെ 50 കളിമണ്‍പാത്ര നിര്‍മാണ കുടുംബങ്ങള്‍ക്ക് 35000 രൂപവീതം ധനസഹായം നല്‍കിയത്.
പദ്ധതിയുടെ ഭാഗമായി യന്ത്രസാമഗ്രികളുടെ വിതരണം, ബോധവത്കരണ ക്ലാസ്, സംരംഭകത്വ-വിപണന-തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയും സംഘടിപ്പിക്കും.
ജില്ലയില്‍ 40 കോടിയാണ് കോര്പ്പറേഷന് ഈ വര്‍ഷം വായ്പയായി നല്‍കുക. കാവശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ചെയര്മാന് സംഗീത ചക്രപാണി അധ്യക്ഷനായി.
കെ.ഡി.പ്രസേനന്‍ എംഎല്‍എ. സുവര്‍ണശ്രീ പദ്ധതി വായ്പാ വിതരണം നടത്തി. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനെജര്‍ അരവിന്ദ് കത്തൂരിയ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഗ്രാന്റ് വിതരണം ചെയ്തു.പി.സിഭാമ ,കെ.ടി.ബാലഭാസകരന്, ഡയറക്റ്റര്‍മാരായ എ.പി.ജയന്, എ.മഹേന്ദ്രന്, പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: