പാലക്കാട് : ടൗണിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചു ലഹരി വില്പ്പനക്കെത്തിയതുമായി ബന്ധപ്പെട്ടു, രണ്ടു പേര് പിടിയില്‍.
കണ്ണാടി സ്കൂള്‍, മിഷന് സ്കൂള്‍, ബിഗ്ബസാര്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വിവരം ലഭിച്ചു നടത്തിയ പരിശോധനയിലാണ് കണ്ണാടി വടക്കുമുറി കമലവിലാസം സഹദേവന്റെ മകന് സന്തോഷ് (23), എറണാകുളം അമ്പലമേട് ഉദിനാള്കാരോട്ട് ചന്ദ്രന്‍ന്റെ മകന് ശരത്(20) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരില്‍ നിന്നു 200ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. 100ഗ്രാം കഞ്ചാവു കൊണ്ട് ഏകദേശം 30-40 ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തുകയാണ് പതിവ്. ഒരു ചെറിയ പാക്കറ്റിന് 200 രൂപ വരെ ഈടാക്കും.
ഈ മാസം മാത്രം സ്കൂളുകള്‍ കേന്ദ്രീകരിച്ചു ചില്ലറ കഞ്ചാവു വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടു നാലു കേസുകളിലായി എട്ടോളം പേര് പിടിയിലായി. അടുത്ത ജില്ലകളില്‍ നിന്നു പോലും കഞ്ചാവു വിതരണത്തിന് പാലക്കാട് എത്തുന്നതായാണ് അറിവ്.
വിദ്യാര്‍ഥികളില്‍ സംശയ സാഹചര്യമോ, ഇത്തരം പ്രവണതയോ കാണുന്ന പക്ഷം രക്ഷിതാക്കള്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണം. സ്കൂളുകളില്‍ ലഹരി വിരൂദ്ധ സെമിനാറുകള്‍ നടത്താന്‍ ആലോചിച്ചു വരുന്നു.
ടൗണ്‍ സൗത്ത് സിഐ മനോജ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. ടൗണ്‍ സൗത്ത് എസ്ഐ പ്രഭാകരന്, ജൂനിയര്‍ എസ്ഐ ടോള്‍സന്‍, ക്രൈം സ്ക്വാഡ് അംഗം സാജിദ് സി.എസ്, എസ്സിപിഒ ലക്ഷ്മണന്, സിപിഓ മാരായ പ്രതീഷ്, സജീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: