പാലക്കാട് : പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 27,28,29 തീയതികളില്‍ പ്രചാരണ പരിപാടി നടത്തും.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി എ.സി മൊയ്തീന്‍ ഇക്കാര്യം അറിയിച്ചത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍ നേതൃത്വം നല്‍കും. മണ്ഡലംതല പരിപാടികള്‍ക്ക് എംഎല്‍എമാരും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരുമായിരിക്കുംനേതൃത്വം നല്‍കും.
കുടുംബശ്രീ, എന്‍സിസി, എന്‍എസ്എസ്, നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തകരുടെ സഹായം തേടും. എല്ലാ നിയോജകമണ്ഡലങ്ങളിലും പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സബ് കളക്ടര്‍, ഡെപ്യുട്ടി കളക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും.
ഡോക്ടര്‍മാരുടെ സേവനം വൈകുന്നേരം വരെയാക്കും. എല്ലാ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളിലും രണ്ട് വീതം ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരുടേയും സേവനം ഉറപ്പുവരുത്തും. സ്വകാര്യആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ചനടത്താന്‍ മന്ത്രി ജില്ലാ കളക്ടറേയും ഡിഎംഒയേയും ചുമതലപ്പെടുത്തി. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തും. അട്ടപ്പാടിമേഖലയ്‌ക്കും പനിബാധിത മേഖലയ്‌ക്കും പ്രത്യേക പരിഗണന നല്‍കും.
ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യണമെന്നും പ്രദേശത്തെ മാലിന്യ കൂമ്പാരത്തിന് കാരണമാകുന്ന ആക്രി സാധനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സ്ഥിരം സംവിധാനം ആവശ്യമാണെന്നും എംഎല്‍എമാരായ മുഹമ്മദ് മുഹ്സിന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
വീടുകള്‍തോറും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം ചിറ്റൂര്‍ പ്രദേശത്തെ കള്ള് ചെത്തുന്ന തെങ്ങിന്‍ തോപ്പുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നുണ്ടെന്നും ഇതിനെതിരെ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധി രോഗവിവരങ്ങള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ദേശീയ ആരോഗ്യദൗത്യത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ 0491 2504695 നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: