പാലക്കാട്: അമൃത് പദ്ധതിയുടെ 2015-16-17വര്‍ഷത്തെ പദ്ധതി രേഖ നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചു.
സ്റ്റേഡിയം സ്റ്റാന്റ് ടെര്‍മിനല്‍, വിക്ടോറിയ കോളേജ്, പിഎംജിസ്കൂള്, ഗവ.മോയന്‍സ് എന്നീ സ്കൂളുകള്‍ക്ക് മുന്നില്‍ നടപ്പാലം, ഓവുചാലുകളുടെ നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും.
2015-16 വര്‍ഷത്തിലെ വിശദ പദ്ധതി രേഖയില്‍ പാലക്കാടെ ജലവിതരണപദ്ധതികള്‍ക്കായി പത്ത് കോടി, മലിനജല മാലിന്യ സംസ്കരണ സംവിധാനത്തിനായി 9.75 കോടി അഴുക്കുചാല്‍ നവീകരണത്തിനായി 8.54 കോടി, നഗരഗതാഗത വികസന പദ്ധതികള്‍ 17.42 കോടി രൂപയ്ക്കുമാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. സ്റ്റേഡിയം സ്റ്റാന്റ് മുതല്‍ രാമനാഥപുരം വരെയുള്ള ഓവുചാലിനായി 1.54 കോടിയ്ക്കും, മണപ്പുള്ളിക്കാവ് തിരുനെല്ലായി തോടും പാലം നിര്‍മ്മാണവും രണ്ട് കോടിയ്ക്കും, ശകുന്തള ജംഗ്ഷനു സമീപത്തെ തോടുകള്‍ മൂന്ന് കോടിയ്ക്കുമാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
32 ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തിലുള്ള സ്റ്റേഡിയം സ്റ്റാന്റ് ടെര്‍മിനലാണ് പദ്ധതിയിലുള്ളത്. നൂറടി റോഡിലും കോട്ടയ്ക്കു സമീപവും ഇരു വശങ്ങളിലായി നടപ്പാതയും സൈക്കിള്‍ ട്രാക്കിനുമായി 10 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജി ബി റോഡിലെഎസ്കലേറ്ററിന് രണ്ട് കോടി,മോയന്‍സ് സ്കൂള്‍, പി.എം.ജി.സ്കൂള്‍ ,വിക്ടോറിയ കോളേജ്, മിഷന് സ്കൂള്‍ എന്നിവിടങ്ങളിലെ നടപ്പാലം നിര്‍മ്മിക്കുന്നതിനായി 1.5 കോടിയും വകയിരുത്തും.
കോട്ടമൈതാനം, ചെറിയ കോട്ടമൈതാനം നവീകരണം, നഗരത്തിലെ വിവിധ പാര്‍ക്കുകളുടെ നവീകരണത്തിനുമായി 4.30 കോടിയും വകയിരുത്തിയിട്ടുണ്ട്.
16,17 വര്‍ഷത്തെ വിശദ പദ്ധതി രേഖയില്‍ ജലവിതരണത്തിനായി 32 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. മലിനജല-മാലിന്യ, കക്കൂസ് മാലിന്യ സംസ്കരണ സംവിധാനത്തിനുമായി 22.59 കോടിയുമാണുള്ളത്. ഓവുചാല്‍ നിര്‍മ്മാണത്തിനായി 12.8 കോടിയും, തിരുനെല്ലായ് മണപ്പുള്ളിക്കാവ് തോട്(2 കോടി), ശെല്‍വപാളയം, ഇന്ദിരാനഗര്‍ (0.3), ചടനാംകുറുശ്ശി(0.3), പറക്കുന്നം,നരികുത്തി(0.5), ശ്രീരാംപാളയം(0.4 കോടി) തുടങ്ങിയവയടക്കമുള്ള തോടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നഗരഗതാഗതത്തിനായി 7.53 കോടിയും കോട്ടമൈതാനത്തിന്റെയും പാര്‍ക്കുകളുടെയും നവീകരണത്തിനായി 1.51 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. തുടര്‍ന്ന് മന്ത്രി എ.സി.മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം പനി നിയന്ത്രണവിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: