നീലേശ്വരം: നീലേശ്വരം പേരോലിലെ സെന്റ് ആന്റണീസ് കോണ്‍വെന്റിന്റെ മതില്‍ പൊളിച്ചു പണിയാനുള്ള നീക്കം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, ചുമട്ടുതൊഴിലാളികള്‍ തടഞ്ഞു. ഇവര്‍ വിവരമറിയിച്ചതിനനുസരിച്ച് നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.
നഗരസഭ ഉദ്യോഗസ്ഥര്‍ പോയ ഉടനെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഇതും തൊഴിലാളികള്‍ തടഞ്ഞു. പോലീസിലും നഗരസഭയിലും വിവരമറിയിച്ചെങ്കിലും പിന്നീട് ഇവര്‍ സ്ഥലത്തെത്താന്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഒടുവില്‍ തൊഴിലാളികളും കോണ്‍വെന്റ് അധികൃതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിലവിലുള്ള മതില്‍ റോഡില്‍ നിന്നും അല്‍പ്പം ഉള്‍ഭാഗത്തേക്കാക്കി പുനര്‍നിര്‍മ്മിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ മതില്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി.
നിലവില്‍ കോണ്‍വെന്റ് വളവിലെ മതില്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നതിനാല്‍ ഇവിടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്. ഈ മതില്‍ പൊളിച്ച് ഉള്ളിലോട്ടാക്കി പണിയണമെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും പലവട്ടം നഗരസഭ അധികൃതരോടും മറ്റും പരാതി ഉന്നയിച്ചിരുന്നെങ്കിലും ഇതില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: