കാസര്‍കോട്: തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ അനധികൃതമായി പണിയുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കാസര്‍കോട് ലോക് അദാലത്ത് കോടതി ഉത്തരവ്. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് സബ് ജഡ്ജ് ഫിലിപ്പ് തോമസ് ഉത്തരവിട്ടിരിക്കുന്നത്.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ ഇന്ന് തന്നെ നല്‍കാനും രജിസ്റ്റേര്‍ഡ് പോസ്റ്റ് സ്വീകരിച്ചില്ലെങ്കില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പതിക്കാനും ലോക് അദാലത്ത് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട കൂടതല്‍ വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനും കോടതി തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
അടുത്ത മാസം രണ്ടാവാരം കേസ് വീണ്ടും പരിഗണിക്കും. പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ നടത്തിയിട്ടുള്ള നിര്‍മ്മാണം അനധികൃതമാണെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി കോടതിയെ അറിയിച്ചു. ഐസ് തീവ്രവാദ ബന്ധവുമായി വിവാദത്തിലായ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ ശക്തമായ രീതിയില്‍ നിയമപരമായി പോരാടുമെന്നും അടുത്ത മാസം നടക്കുന്ന അദാലത്തില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ടി.വി.ഷിബിന്‍ തൃക്കരിപ്പൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: