കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ (28) സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കേസിലെ സൂത്രധാരനായ തളങ്കര ചെമനാട് കോമ്പൗണ്ടില്‍ താമസിക്കുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ റഫീഖ് എന്ന ചിപ്പി (26), പെരിയടുക്ക സ്വദേശികളായ ഷിഹാബ് (25), ഹുസൈന് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പെടെ പത്ത് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഈ കേസിലെ മുഖ്യപ്രതികളായ അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന് (26) എന്നിവരെ കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തു കൊടുത്തുവെന്നതിനാണ് ഷിഹാബിനെയും ഹുസൈനെയും അറസ്റ്റ് ചെയ്തത്.
ജൂണ്‍ 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. മറ്റൊരാളെ അക്രമിക്കാനെത്തിയ സംഘം ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ ഒന്നാംപ്രതി ഖൈസലിനെതിരെ കാപ്പ ചുമത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: