അന്‍പതുകളുടെ ആദ്യ പര്‍വ്വത്തില്‍ മലയാള നാടകവേദിയിലെ ഏറ്റവും ജനപ്രീതിനേടിയ അഭിനേതാക്കളായിരുന്നു വൈക്കം വാസുദേവന്‍ നായരും ഭാര്യ തങ്കം വാസുദേവന്‍ നായരും. അവരുടെ യാചകി, ശശിധരന് ബിഎ, ക്ഷേത്രപ്രവേശനം, വാസന്തി, ദേശബന്ധു തുടങ്ങിയ നാടകങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
നടനായി ഖ്യാതി നേടും മുന്‍പേ സംഗീതകാരനായിട്ടായിരുന്നു ഖ്യാതി. പഠിത്തത്തില്‍ പിന്നാക്കമായിരുന്നു. സംഗീതവിരോധിയായ അച്ഛന്റെ വിലക്കുകളെ അതിലംഘിച്ചുകൊണ്ട് സംഗീതം പഠിക്കാന്‍ വഴിതെളിച്ചത് ആദ്യ ഗുരുവായ അമ്മ തന്നെയാണ്.
വാസുദേവകഥയുടെ ഈ പര്വ്വത്തോട് സാമ്യമടയാളപ്പെടുത്താവുന്നതാണ് കലൂര്‍ ഡെന്നിസിന്റെ രചനയില്‍ ജയരാജ് ഒരുക്കിയ ‘കുടുംബസമേതം’ എന്ന ചിത്രത്തിന്റെ പ്രമേയത്തിന്.
തിരുവനന്തപുരത്ത് ചാലയില്‍ ശിവശങ്കരപ്പിള്ളയുടെ ബാലസുജനരഞ്ജിനിസഭ ബാലപാര്ട്ടു നാടകവുമായി നാട്ടിലെത്തിയപ്പോല്‍ വാസുദേവന്‍ നായര്‍ക്ക് നാടക നാടനാകണമെന്നായി മോഹം. മകന്റെ ആഗ്രഹനിവൃത്തിക്കായി സ്നേഹമയിയായ അമ്മ ശിവശങ്കരപ്പിള്ളയോടു കാര്യമുണര്‍ത്തിച്ചു. നാടകട്രൂപ്പില് ചേരുന്നതില്‍ നിന്നും വാസുദേവന്‍ നായരെ വിലക്കി തന്റെ കൂടെ തിരുവനന്തപുരത്തുവന്ന് സംഗീതം പഠിക്കാന്‍ ശിവശങ്കരപ്പിള്ള ഉപദേശിച്ചു.
അതിന്‍പ്രകാരം തിരുവനന്തപുരത്തെത്തുന്ന കഥാപുരുഷന് ഒരു വര്‍ഷം അവിടെ തങ്ങി; പിന്നെ മടങ്ങി. വീണ്ടും തിരുവനന്തപുരത്തു പോകുന്നുവെന്നു കള്ളം പറഞ്ഞു വീടുവിട്ടിറങ്ങിയ വാസുദേവന്‍ നായര്‍ തഞ്ചാവൂരില്‍ മന്നാര്കുടിയിലെത്തി ഗോപാലപിള്ളയുടെ വീട്ടില്‍ മൂന്നുവര്‍ഷം സംഗീതം പഠിച്ചു. പിന്നെ അണ്ണാമല സര്‍വകലാശാലയില്‍ ചെന്നു സംഗീതത്തില്‍ ഡിപ്ലോമയെടുത്തു. നാട്ടില്‍ തിരിച്ചെത്തി സംഗീതാദ്ധ്യാപകനായി.
അതിന്റെ ഭാഗമായാണ് ആറന്മുളയിലെ മാലോത്ത് വീട്ടിലെ തങ്കത്തിന്റെ സംഗീത ഗുരുവാകുന്നത്. വൈകാതെ അവര്‍ തമ്മില്‍ പ്രണയത്തിലായി. വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ വഴങ്ങി; അവരുടെ വിവാഹം നടത്തിക്കൊടുത്തു.
തങ്കത്തിന്റെ ചേച്ചി പൊന്നമ്മ, ആറന്മുള പൊന്നമ്മ എന്ന നിലയില്‍ വിശ്രുതയായിക്കൊണ്ടിരിക്കുന്ന കാലം, സംഗീതരംഗത്തു നിന്നാണല്ലോ പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്നത്. ആ വഴി പിന്തുടരുവാന് തങ്കത്തിനാഗ്രഹം; വാസുദേവന്‍ നായര്‍ക്കാണെങ്കില്‍ അഭിനയത്തോട് മുന്‍പേ തന്നെ അഭിനിവേശമുള്ളതാണ്. ഇതു മനസ്സിലാക്കിയ പൊന്നമ്മയുടെ ഭര്‍ത്താവ് അവരിരുവര്‍ക്കും അഭിനയിക്കാനായി ഒരു നാടകസമിതി തന്നെ തുടങ്ങി.
അതൊരു നല്ല തുടക്കമായിരുന്നു. ഒന്നിനൊന്നു മികച്ച പ്രകടനം വേദിയില്‍ കാഴ്ചവച്ചുകൊണ്ട് അവര്‍ അരങ്ങില്‍ ജൈത്രയാത്ര നടത്തി. ആദ്യനാടകത്തില്‍ തന്നെ ഒരക്ഷരമുരിയാടാതെ ആംഗ്യവിക്ഷേപങ്ങളിലൂടെയും ഭാവപ്രകാശന ഗരിമകൊണ്ടും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ തങ്കത്തിനു കഴിഞ്ഞിരുന്നു.
പൊന്നമ്മ, ശശിധരനിലൂടെ അതിനകം സിനിമയിലെത്തി ശ്രദ്ധേയയായി കഴിഞ്ഞിരുന്നു. നാടകങ്ങളില്‍ അരങ്ങിന് അഴകു നിറവായി മാറിയ തങ്കത്തിന്റെ പ്രത്യക്ഷങ്ങള്‍ ചലച്ചിത്ര വേദിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരെ തേടി ഓഫറുകള്‍ വന്നു. ഭര്‍ത്താവിനോടൊപ്പമല്ലാതെ താനഭിനയിക്കില്ലെന്ന് ശഠിച്ചുകൊണ്ട് അവര്‍ അത്രയും നിരാകരിച്ചു.
പൊന്നമ്മ സിനിമയില്‍ കൂടുതല്‍ പ്രസിദ്ധയായി മാറി. താനും തങ്കവും ഒരുമിച്ചഭിനയിക്കുന്ന ഒരു ചിത്രം ഒരുക്കുവാന്‍ നിര്‍മാതാക്കളില്ലെങ്കില്‍ അങ്ങനെയൊരു ചിത്രം സ്വയം നിര്‍മിക്കാമെന്നായി വാസുദേവന്‍ നായര്‍. നാടകജീവിതത്തിലെ വിജയപര്‍വ്വം അവരെ സാമാന്യം ധനികരാക്കിയിരുന്നു അതിനകം. അങ്ങനെ ‘സ്റ്റാര്‍ കമ്പയിന്‍ഡ്’ എന്ന നിര്‍മാണ കമ്പനി ഉണ്ടായി. വൈക്കം വാസുദേവന്‍ നായര്‍ നായകനും തങ്കം നായികയുമായി ‘കേരള കേസരി’ എന്ന ചിത്രം എം.ആര്. വിട്ടലിന്റെ സംവിധാനത്തില്‍ പുറത്തുവന്നതിന്റെ പശ്ചാത്തലം ഇതാണ്. ‘സ്റ്റാര്‍ കമ്പയിന്‍ഡ്’ എന്നു നിര്‍മാണ കമ്പനിയ്ക്കുപേരിട്ടത് തങ്ങളുടെ തന്നെ താരദ്വയത്തെ മനസ്സില്‍ താലോലിച്ചുകൊണ്ടാകാം!
ആ കാലഘട്ടത്തിലെ പ്രൊഫഷണല്‍ നാടകവഴക്കത്തിനൊത്ത അതിഭാവുകത്വവും അതിനാടകീയതയും ആദ്യന്തം ഭേരിതുടിചേര്ന്നിരുന്നുവെങ്കിലും ജീവിതത്തോടു കുറെയൊക്കെ ചേര്‍ന്നു നില്ക്കുവാന് ശ്രമിച്ച നാടകങ്ങളായിരുന്നു ‘യാചകി’യും മറ്റും. അവയിലൂടെ ജനഹൃദയം കൈയടക്കിയ വാസുദേവന്‍ നായര്‍ ചലച്ചിത്രരംഗത്തെത്തിയപ്പോള്‍ നിര്‍മിച്ച ചിത്രത്തിന്റെ കഥ ഏതു രാജ്യത്ത്, ഏതു കാലത്ത്, എങ്ങനെ എന്നൊന്നും വിശദീകരിക്കാനാവാത്തവിധം കൃത്രിമജടിലമായി. മലയാളിത്തം തൊട്ടുതീണ്ടാതെ അത് സംവിധാനം ചെയ്ത എം.ആര്. വിട്ടലാകട്ടെ ആ വികല്പ്പത്തെ കൂടുതല്‍ അരോചകമാക്കി.
എന്തുകൊണ്ട് വൈക്കം വാസുദേവന്‍ നായര്‍ മുന്‍കയ്യെടുത്ത് ഒരു ചലച്ചിത്രമൊരുക്കുമ്പോള് അതിനിത്തരം ഒരു കഥ തെരഞ്ഞെടുത്തു. ഇതേ ചോദ്യം മുന്‍പ് എന്‍.പി. ചെല്ലപ്പന് നായരോടും മുന്‍ഷി പരമുപിള്ളയോടും മുതുകുളത്തിനോടും പൊന്‍കുന്നം വര്ക്കിയോടും ചോദിച്ചു.
ഇതാണ് സിനിമയ്ക്കു വേണ്ടത് എന്ന വാദമായിരുന്നു മറുപടി; ജനപ്രീതിക്ക് ഇതുവേണ്ടിയിരിക്കുന്നു എന്നതതിന്റെ ന്യായവും. ജനപ്രീതിയുടെ ഈ നിബന്ധന നിര്‍ദ്ദേശിച്ചത്. പ്രേക്ഷകരായിരുന്നില്ല. അവരൊരു കാലത്തും സംഘടിതരായിരുന്നില്ല. ഇതല്ല തങ്ങള്ക്കുവേണ്ടതും പ്രിയവുമെന്നു പറയുവാന്‍ അവര്‍ക്കു സത്യസന്ധമായൊരു ഫോറവുമില്ല.
ഇവിടെ സൂത്രവാക്യങ്ങള്‍ നിബന്ധിക്കുന്നത് വിജയത്തിന്റെ പ്രവാചക ദൗത്യം സ്വയം നിവേശിച്ച വ്യവസ്ഥിതിയുടെ തമ്പുരാക്കന്മാരാണ്. പണിപ്പുരയിലെ തച്ചന്മാര് ജീവന സ്വാര്‍ത്ഥതയുടെ പേരില്‍ അതിന്നനുസ്വരമായിപ്പോന്നു.
ഇതൊരു ദൂഷിതശൃംഖലയായി നില തുടര്‍ന്നു. കാലം മാറുമ്പോഴും അതിനു മാറ്റമുണ്ടായില്ല. റിലേ ഓട്ട മത്സരത്തില്‍ ബാറ്റണ്‍ കൈമാറുംപോലെ തലമുറ, തലമുറകളിലേക്ക് ഈ ദുര്‍മ്മന്ത്രം കൈമാറിക്കൊണ്ടേയിരുന്നു. കച്ചവട സിനിമയെന്നു വിവക്ഷിക്കുന്ന വിഭാഗം സിനിമയുടെ മാത്രം ദുര്യോഗമല്ല ഇത്. എല്ലാ ജനുസ്സിലും പെട്ട സിനിമയില്‍ ഇതു സത്യമായി തുടരുന്നു. നല്ല സിനിമ എങ്ങനെയിരിക്കണമെന്നതിനു കുറിപ്പടി എഴുതി കൈമാറുന്നത് സിനിമയിലൂടെ ആ നന്മ അനുഭവിച്ചറിഞ്ഞ ആസ്വാദകനല്ല, ഇപ്പുറത്തെ കണ്ണികളാണ്. അവിടെ കളംതിരിക്കലിന്റെയും തിരിച്ച കളത്തിന്റെ സംവരണാനുകൂല്യം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള നിഷ്ക്കര്‍ഷ ശാഠ്യങ്ങളുടെയും സ്വാധീനമുണ്ട്. ആള്‍ക്കൂട്ടമല്ല, കലയിലും കച്ചവടത്തിലും തീര്പ്പുകല്പ്പിക്കേണ്ടതെന്നതു ശരി. ജനാധിപത്യ പ്രക്രിയ കലയിലും കച്ചവടത്തിലും പുലര്ത്താനുമാവില്ല. പക്ഷെ സ്വീകര്‍ത്താവിന്റെ കര്തൃപ്രസക്തി ഉള്വേശിപ്പിക്കുന്നതില് എന്നും രണ്ടുതലങ്ങളും ഒരുപോലെ വൈമുഖ്യം പുലര്‍ത്തുന്നു എന്ന സത്യം കാണാതിരുന്നുകൂടാ. കാലം മാറുന്നതിനനുസരിച്ചു മനസ്സിന്റെ സഞ്ചാരവേഗങ്ങളിലും സാങ്കേതികതയുടെ പ്രകൃതാനന്തരങ്ങളിലും വരുന്ന മാറ്റങ്ങള്‍ മാത്രമാണ് ആകെ കണ്ടെത്തുവാന്‍ കഴിയുന്ന ഭേദങ്ങള്‍.
വാസുദേവന്‍ നായരെയും സ്വാധീനിച്ചത് ഇതേ ചിന്താ സങ്കല്പം തന്നെ; സംശയമില്ല. അതിനോടൊപ്പം നിര്‍മാണത്തിനു പുറകില്‍ താനും ഭാര്യയുമാണെന്നതുകൊണ്ട്, അരങ്ങില്‍ തങ്ങള്‍ക്കുള്ള മേധാവിത്വം സിനിമയിലും കൈയടക്കുവാനുള്ള കുറുക്കുവഴികള്‍ അവര്‍ തേടി. എല്ലാ ഭാഷാ പ്രകൃതങ്ങളിലും നിലവിലിരുന്ന കലര്‍പ്പുകളുടെ ശകലങ്ങള്‍ പ്രമേയ കല്പ്പനയില് സന്നിവേശിപ്പിച്ചുകൊണ്ടാക്കി.
പി.എ. കുമാറിന്റേതായിരുന്നു കഥ. ശങ്കരപ്പിള്ളയും കെ.എന്‍. ഗോപാലന് നായരും ചേര്‍ന്നു സംഭാഷണമെഴുതി. തിരക്കഥയുടെ ക്രെഡിറ്റ് സംവിധായകനായ എം.ആര്. വിട്ടലിനായിരുന്നു. സംവിധായകര്‍ തന്നെയാണ് അക്കാലങ്ങളില്‍ തല്‍ക്കര്‍മ്മം ചെയ്തുവന്നതെങ്കിലും മലയാളത്തില്‍ തിരക്കഥ എന്നൊരു ക്രെഡിറ്റ് പ്രത്യേകമായി ടൈറ്റിലില്‍ ആദ്യമായി ചേര്‍ത്തുവരുന്നത് ‘കേരള കേസരി’യിലാണെന്നാണ് സിനിക്കിന്റെ നിരീക്ഷണം.
വൈക്കം വാസുദേവന്‍ നായര്‍ക്കും തങ്കത്തിനും പുറമെ, ഹേമ, ദുര്‍ഗ്ഗാ വര്‍മ്മ, കെ.കെ.അരൂര്‍, വൈക്കം രാജു, അക്ബര്‍ ശങ്കരപ്പിള്ള, കാലയ്ക്കല്‍ കുമാരന്, ഭവാനി, പാര്‍വ്വതി, ശാന്ത, വി.എന്‍. രാമന് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. അഭിനയത്തില്‍ ഏറ്റവും നന്നായത് അക്ബര്‍ ശങ്കരപ്പിള്ളയായിരുന്നുവത്രെ. സംഗീതനാടകങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് ഗദ്യ നാടകങ്ങളിലൂടെ അരങ്ങിലെത്തിയിരുന്നു മുതുകുളം സ്വദേശിയായ ശങ്കരപ്പിള്ള. ചിത്രകലാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു ആദ്യ നാടകമായ ‘അനാര്‍ക്കലി’യില്‍ അക്ബറായി അഭിനയിച്ചപ്പോഴുണ്ടായ ഖ്യാതി പിന്നീട് ‘അക്ബര്‍’ പേരിന്റെ പൂര്‍വ്വ വിശേഷണമായി ചേരുവാന്‍ നിമിത്തമായി. കേരള കേസരിയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണറിവ്. നാടകങ്ങളില്‍ പിന്നീട് സജീവമായി. കലാനിലയത്തിന്റെ ‘ഇളയിടത്തു റാണി’യിലാണ് അവസാനമായി അഭിനയിച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിയില്‍ വച്ചു മരണം സംഭവിച്ചു.
തുമ്പമണ്‍ പത്മനാഭന് കുട്ടിയുടെ ഗാനങ്ങള്‍ക്ക് ജ്ഞാനമണിയാണ് സംഗീതം പകര്‍ന്നത്. ചിത്രത്തിനിണങ്ങും പടി എന്നതിനപ്പുറം മറ്റൊന്നുമില്ല പറയുവാന്‍.
ഇത്രയൊക്കെ വിസ്തരിച്ചിട്ടും കേസരീ കഥയിലേക്കിനിയും കടന്നില്ല. എങ്ങനെ പറയും എന്ന ആശയക്കുഴപ്പവും എങ്ങനെ പറഞ്ഞിട്ടുമെന്ത് എന്ന വ്യര്‍ത്ഥതാബോധവും തന്നെ കാരണം.
മണി നഗരമെന്നൊരു രാജ്യം. അവിടത്തെ രാജാവിനെ കുടിലനും നീചനുമായ റീജന്റ് ചന്ദ്രവര്‍മ്മന്‍, രാജഗുരുവിന്റെയും പ്രതാപന് എന്ന സൈനികോദ്യോഗസ്ഥന്റെയും ഒത്താശയോടെ സ്ഥാനഭ്രഷ്ടനാക്കുന്നു. തുടര്‍ന്നു ചന്ദ്രവര്‍മ്മന്റെ കിരാതഭരണം. സേനാപതി രാജേന്ദ്രന് ജനക്ഷേമ തല്പരനായി ചന്ദ്രവര്മ്മനെ എതിര്‍ക്കുന്നു. രാജേന്ദ്രനെ ചന്ദ്രവര്‍മ്മന്‍ തടവറയിലാക്കി പ്രതാപനെ തല്സ്ഥാനത്തവരോധിക്കുന്നു.
ഏറെ കഴിയാതെ രാജേന്ദ്രന് ജയില്‍ ചാടി. പോലീസ് അയാളെ വേട്ടയാടി. കടല്‍ത്തീരത്തുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റു രാജേന്ദ്രന് കടലില്‍ താഴുന്നു. പക്ഷേ മരിക്കുന്നില്ല. റോബിന്‍ഹുഡ് ജനുസ്സില്‍ ‘കേരളകേസരി’ എന്ന പേരില്‍ ”ആര്ത്തജന രക്ഷയ്ക്കായി” വലിയ ജനകീയ നേതാവായി അവതരിക്കുന്നു. ഭൂമിയ്ക്കടിയില്‍ ഒരറ രഹസ്യ കേന്ദ്രമാക്കി ചന്ദ്രവര്മ്മനെതിരായി ജനകീയ യുദ്ധത്തിനുവേണ്ട ആയുധ പരിശീലനവും മറ്റൊരുക്കങ്ങളും നടത്തുന്നു..
റീജന്റിന്റെ ദുര്ഭരണത്തിനകമ്പടിയായ പീഡനത്തില്‍ രക്തസാക്ഷിയായ ഒരു സാധുവിന്റെ മകളായ ഭവാനി ഈ യുദ്ധ സന്നാഹത്തില്‍ കേസരിയ്ക്കു വലംകൈയാകുന്നു. വഴക്കമനുസരിച്ച് ഭവാനിക്കു വീരസാഹസിക നായകനോടു പ്രേമം. രാജേന്ദ്രനു പക്ഷേ, സ്നേഹം നാട്ടിലെ വലിയ കരിഞ്ചന്തക്കാരന്റെ മകള്‍ ഹേമന്തിനോട്. അതു മനസ്സിലാക്കുന്ന ഭവാനി തന്റെ സ്വപ്നങ്ങള്‍ എരിഞ്ഞൊടുങ്ങുന്നതില് തപിച്ചു പാടിക്കരയുന്നു. അവളുടെ തപ്ത ഹൃദയത്തെ ആശ്വസിപ്പിക്കുവാനെത്തിയ കേസരിയെ ഹേമ തെറ്റിദ്ധരിക്കുന്നു.
ഹേമയെ കുടുക്കാന്‍ വലവിരിക്കുന്നു റീജന്റിന്റെ പിണിയാള്‍ കിങ്കരന്മാര്, കേസരി അവളെ രക്ഷിക്കുവാന്‍ പുറകെ; കേസരിയുടെ ജീവനു കാവലായി നിഴല്‍പോലെ ഭവാനിയും!
ഹേമ റീജന്റിന്റെ പിടിയില്‍പ്പെട്ടു. അവളില്‍നിന്നും കേസരിയുടെ താവളം അറിയുവാനുള്ള ശ്രമം വിഫലമാകുമ്പോള്‍ അയാള്‍ അവളെ സ്വതന്ത്രയാക്കുന്നു. റീജന്റിന്റെ ഊഹം തെറ്റിയില്ല. സ്വതന്ത്രയായ ഉടനെ ഹേമ കേസരിയുടെ കേന്ദ്രത്തിലേക്ക് പാഞ്ഞു. പുറകെ റീജന്റിന്റെ ആള്‍ക്കാരും.
തുടര്‍ന്നു ഘോരഘോരമായ സംഘട്ടനം. ഭവാനിയുടെ വാളിനിരയായി പ്രതാപന് നിലംപതിക്കുന്നു; പക്ഷേ, മരിക്കുന്നതിനു മുന്‍പ് മറ്റെവിടെയോ ശ്രദ്ധ പതിപ്പിച്ചു നിന്ന കേസരിയുടെ നേര്‍ക്ക് നിറയൊഴിക്കുവാന്‍ അയാള്‍ മറന്നില്ല. പക്ഷേ ഹേമ അതു കണ്ടു. അവള് കേസരിയുടെ മുമ്പിലേക്ക് ചാടി വെടിയുണ്ട മാറില്‍ സ്വീകരിച്ച് അയാളെ രക്ഷിക്കുന്നു. രക്തസാക്ഷിയാകുന്നു. അതില്‍ സ്തബ്ധനായി നിന്നുപോയ കേസരിയെ ശത്രുക്കള്‍ കീഴടക്കുന്നു.
കോടതിയില്‍ കേസരിയെ ഹാജരാക്കുമ്പോള്‍ സ്ഥാനഭ്രഷ്ടനായ രാജാവ് പ്രച്ഛന്നവേഷധാരിയായി അയാള്‍ക്കനുകൂലമായ തെളിവുകളുമായെത്തുന്നു. പ്രച്ഛന്നവേഷം മാറ്റി രാജാവ് താനാരെന്നു വെളിപ്പെടുത്തുന്നു. റീജന്റും രാജഗുരുവും ശിക്ഷിക്കപ്പെടുന്നു.
ഇനി കഥയിത് തീരുവാന്‍ രാജേന്ദ്ര-ഭവാനീ പരിണയം മാത്രം ബാക്കി…
‘കേരള കേസരി’ വരുത്തിവച്ച കടം തീര്‍ക്കുവാന്‍ വാസുദേവന്‍ നായര്‍ക്ക് തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും വില്‍ക്കേണ്ടിവന്നു എന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ സാക്ഷ്യം!
അടുത്തലക്കം: ഇനി ഒരു വീരസാഹസിക
വനചിത്രം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: