”മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്ത്യനു പെറ്റമ്മ തന് ഭാഷ താന്‍”
എന്ന് മഹാകവി വള്ളത്തോള്‍ പാടി. ഏറെ വൈകിയാണെങ്കിലും, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പാസ്സായി. ഈ സന്ദര്‍ഭത്തില്‍ മേലുദ്ധരിച്ച വരികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മാതൃഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഓരോ മലയാളിയും ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഭാഷയെ പോഷിപ്പിക്കാനുള്ള യത്നമെന്ന നിലയില്‍, പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ നിരന്തരമായ നിവേദനങ്ങളുടെ ഫലമായാണ് ഈ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമം നടപ്പാക്കുന്നതുകൊണ്ടുമാത്രം മലയാള ഭാഷ രക്ഷപ്പെടുമോ? മാതൃഭാഷയോടും ആ സംസ്കാരത്തോടുമുള്ള മലയാളിയുടെ അപമാനബോധമാണ് മാറേണ്ടത്. അമ്മയുടെ മുലപ്പാലിന്റെ മാധുര്യമൂറുന്ന ഒന്നാണ് മാതൃഭാഷയെങ്കില്‍, ഏറ്റവും ചുരുങ്ങിയത്, ആ ഭാഷയില്‍ ഭംഗിയായി സംസാരിക്കാനും തെറ്റുകൂടാതെ എഴുതാനും ഓരോ മലയാളിക്കും കഴിയേണ്ടതല്ലേ? ഇന്ന് അതിന് കഴിയുന്നുണ്ടോ? സാംസ്കാരിക തനിമയെപ്പറ്റി ഊറ്റം കൊള്ളുന്ന മലയാളിക്ക് സ്വന്തം ഭാഷയെപ്പറ്റി, അതുള്‍ക്കൊള്ളുന്ന സംസ്കാരത്തെപ്പറ്റി, അതിലൂടെ പുറത്തുവന്നിട്ടുള്ള ആയിരക്കണക്കിന് സാഹിത്യ കൃതികളെപ്പറ്റിയൊക്കെയുള്ള സങ്കല്പ്പമെന്താണ്? മുലയൂട്ടാന്‍ സമയമില്ലാതെ കുഞ്ഞുങ്ങളെ ഡേ കെയര്‍ സെന്ററുകളില്‍ ഏല്‍പ്പിക്കേണ്ടി വരുന്ന അമ്മമാരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായില്ലേ? അമേരിക്കയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരികയും അമ്മയിലേക്കുള്ള ദൂരം കൂടിക്കൂടി വരികയും െചയ്യുന്ന ദുര്യോഗത്തെക്കുറിച്ച് കവി ആലങ്കോട് ലീലാകൃഷ്ണന് വിലപിച്ചത് എത്ര അര്‍ത്ഥവത്തായിരിക്കുന്നു!
സ്വന്തം അമ്മയെ തെരുവിലും അമ്പലനടയിലും അനാഥശാലയിലും ആസ്പത്രിവാര്‍ഡിലുമൊക്കെ ഉപേക്ഷിച്ച് മക്കള്‍ കൗശലത്തോടെ രക്ഷപ്പെടുന്നതുപോലെ തന്നെയല്ലേ, നാം മാതൃഭാഷയെ അവഗണിച്ച്, പുച്ഛിച്ച് ചവറ്റുകൊട്ടയില്‍ തള്ളുന്നത്? സ്വന്തം ഭാഷെയക്കുറിച്ച് അപമാനം തോന്നുന്ന ഒരു സമൂഹം ലോകത്ത് മറ്റൊരിടത്തും ഉണ്ടാവാന്‍ ഇടയില്ല. 6000 ല്‍പരം ഭാഷകള്‍ ഉള്ളതില്‍, സംസാരിക്കുന്ന ആളുകളുടെ എണ്ണം നോക്കിയാല്‍, മലയാളഭാഷ 26-ാം സ്ഥാനത്താണ്. സമ്പന്നമായ ഒരു ജ്ഞാന-വിജ്ഞാന ശേഖരം നമുക്കുണ്ട്. നമ്മുടെ സര്‍ഗ്ഗ സാഹിത്യ സമ്പത്തും അത്ര ശുഷ്കമൊന്നുമല്ല. പക്ഷെ, അവയിലേക്ക് ഒന്നെത്തി നോക്കാനോ അവയെക്കുറിച്ച് അഭിമാനം കൊള്ളാനോ, സംസാരിക്കാനോ പോലും താല്പര്യമില്ല.
സ്വന്തം ഭാഷ പഠിക്കാതെ തന്നെ, ഏത് ഉന്നത ബിരുദവും കരസ്ഥമാക്കാം എന്ന സൗകര്യം കേരളത്തിലല്ലാതെ മറ്റെവിടെ ലഭിക്കും? ചെറുശ്ശേരിയുടെയും പൂന്താനത്തിന്റെയും എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും ഇരയിമ്മന്‍ തമ്പിയുടെയും രാമപുരത്ത് വാര്യരുടെയും കുമാരനാശാന്റെയും വള്ളത്തോൡന്റെയും ഉളളൂരിന്റെയുമൊക്കെ അഞ്ചെട്ട് വരികളെങ്കിലും പഠിച്ച് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി നാം വേവലാതിപ്പെേടണ്ടതല്ലേ? പത്താം ക്ലാസ്സോ പന്ത്രണ്ടാം ക്ലാസ്സോ പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദ്യാര്‍ത്ഥികളില്‍, ഉച്ചാരണശുദ്ധിയോടെ ആശയവിനിമയം ചെയ്യാനും തെറ്റുകൂടാതെ എഴുതാനും കഴിയുന്നവര്‍ എത്ര പേരുണ്ട് എന്ന് കൃത്യമായി പരിശോധിച്ച് വിലയിരുത്താനുള്ള ഒരു പദ്ധതി ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചില്ലേ? ഈ പ്രശ്നങ്ങള്‍ ഓരോ ഭാഷാസ്നേഹിയേയും, ഓരോ മലയാളിയേയും ആശങ്കപ്പെടുത്തേണ്ടതല്ലേ? ഇങ്ങനെ പോയാല്‍, സമ്പന്നവും പുഷ്കലവുമായിരുന്ന നമ്മുടെ ഭാഷാ സംസ്കൃതിയുടെ അപചയം സമ്പൂര്‍ണ്ണമാകുന്ന കാഴ്ചയാണ് നാം കാണേണ്ടിവരിക.
ഇംഗ്ലീഷ് മീഡിയത്തിന് കൈവന്ന അമിതപ്രാധാന്യത്തോടൊപ്പം, വിദ്യാഭ്യാസം എന്തിനുവേണ്ടി എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഭാഷാ പഠനത്തിനും ജ്ഞാന-വിജ്ഞാന സമ്പാദനത്തിനും ഉത്തമ മനുഷ്യനായിത്തീരാനുള്ള പരിശീലനത്തിനുമപ്പുറത്ത് ഉന്നത ഉദ്യോഗങ്ങള്‍ തേടിപ്പോകാനും പണമുണ്ടാക്കാനും പറ്റിയ കോഴ്സുകളിലേക്ക് നമ്മുടെ കുരുന്നുകളെ തള്ളിവിടുന്നതിലായിരിക്കുന്നു മുഴുവന്‍ ശ്രദ്ധയും. വളര്‍ന്നുവരുന്ന കുട്ടിയുടെ ജന്മവാസനകള്‍ക്കോ, അഭിലാഷങ്ങള്‍ക്കോ പ്രതിഭയ്ക്കോ ഒന്നും ഇവിടെ സ്ഥാനം ലഭിക്കുന്നില്ല. പഠനഭാരത്തേയും പഠന സമ്പ്രദായത്തേയും പഠന വിഷയങ്ങളേയും പറ്റിയുള്ള ചര്‍ച്ചകള്‍ പല കുടുംബങ്ങളിലും കലഹങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായിത്തീരുന്നുമുണ്ട്.
സ്കൂളുകളിലെ ഭാഷാധ്യാപനത്തിന്റെ നിലയും നിലവാരവും ഇന്ന് ശോചനീയമാണെന്നതില്‍ സംശയമില്ല.എന്താണ് കാരണം? പരിഷ്കരണങ്ങള്‍ പലതും നമ്മെ പിറകോട്ടു നയിക്കുന്നുണ്ടോ? കേരളപ്പിറവിക്കു മുമ്പും അതിന്റെ ആദ്യദശകങ്ങളിലും വിദ്യാലയങ്ങളില്‍ സാഹിത്യ സമാജങ്ങള്‍ സക്രിയമായി നടന്നുവന്നിരുന്നു. പാഠ്യപദ്ധതിയില്‍പ്പെട്ടതും അല്ലാത്തതുമായ പദ്യങ്ങളും ശ്ലോകങ്ങളുമൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത് ചൊല്ലിക്കാനും അതിലെ പോരായ്മകള്‍ തിരുത്തിക്കൊടുക്കാനും താല്പര്യവും യോഗ്യതയുമുള്ള അധ്യാപകരാണ് അത്തരം സമാജങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. പുസ്തകവായന, അവയുടെ നിരൂപണം, പ്രസംഗം, കഥപറയല്‍, കവിതാരചന, കവിതാലാപനം, സമസ്യാപൂരണം, പ്രബന്ധരചന, അഭിനയം, നൃത്തം, സംഗീതം തുടങ്ങിയ കലകളുടെ പരിശീലനത്തിനും അവതരണത്തിനും അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരുന്നു. ഉത്തമ ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള പ്രേരണ അവിടെനിന്ന് കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹപൂര്‍വ്വം ഏര്‍പ്പെട്ടിരുന്ന അദ്ധ്യാപകരായിരുന്നു വാസ്തവത്തില്‍, നമ്മുടെ ഭാഷയുടെയും സാംസ്കാരിക ചൈതന്യത്തിന്റെയും പ്രചാരകര്‍.
കലാ കായിക രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്കുന്ന രീതി എടുത്തുകളയാനുള്ള നീക്കം ഏറ്റവും ശ്ലാഘനീയംതന്നെ. വിദ്യാലയങ്ങളില്‍ പണ്ട് സജീവമായിരുന്ന കലാ-സാഹിത്യ സമാജങ്ങളെ നമുക്ക് പുനരുജ്ജീവിപ്പിക്കാം. പുതിയ കാലത്തിന് പറ്റിയ രീതിയില്‍ അവയെ ക്രമീകരിക്കുകയുമാവാം. ചെറുതും വലുതുമായ നമ്മുടെ വായനശാലകള്‍ക്കും കലാസമിതികള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. മണ്മറഞ്ഞ കവികളുടെ രചനകളും, പുതിയ കവിതകളോടൊപ്പം കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അവ ഈണത്തില്‍ ചൊല്ലി അവതരിപ്പിക്കുന്ന ചെറിയ കൂട്ടായ്മകള്‍ സ്കൂളുകളിലും ഗ്രന്ഥശാലകൡലുമൊക്കെ ഉണ്ടാവണം. അക്ഷരശ്ലോകവും കാവ്യകേളിയും പരിശീലിക്കാനുള്ള കളരികള്‍ സ്കൂളുകളിലുണ്ടാവണം. അതുപോലെ കഥ പറയാനും, സ്വന്തം കഥകള്‍ അവതരിപ്പിക്കാനും നാടന്‍പാട്ടുകള്‍ പാടാനും പ്രസംഗിക്കാനുമൊക്കെ അവര്‍ക്ക് അവസരം ഒരുക്കണം.
തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മലയാള സര്‍വ്വകലാശാലയ്ക്ക് ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള ബാദ്ധ്യതയുണ്ട്. നമ്മുടെ സാഹിത്യകാരന്മാരും വിദ്യാഭ്യാസ ചിന്തകരും മറ്റ് സാംസ്കാരിക പ്രവര്‍ത്തകരും ഈ വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. എല്ലാ ഭാഷകളും, ആശയവിനിമയത്തോടൊപ്പം ഒരു സംസ്കാരത്തിന്റെ സംവേദനം കൂടി നിര്‍വ്വഹിക്കുന്നുണ്ട്. അതിനാല്‍, നാം ഭാഷാ ഭ്രാന്തന്‍മാരാവണമെന്ന് പറയുന്നില്ല. എന്നാല്‍, മാതൃഭാഷയേയും അതിന്റെ തനിമയാര്‍ന്ന സംസ്കാര സവിശേഷതകളേയും കുറിച്ച് നമുക്കോരോരുത്തര്‍ക്കും അഭിമാനം ഉണ്ടാവേണ്ടതാണ്.
”അമ്മതന്‍ വാത്സല്യത്തൂമുലപ്പാല്‍ വഴി-
ക്കാത്മാവില്‍ പറ്റിപ്പിടിച്ച ഭാഷ
സശ്രദ്ധമഭ്യസിച്ചാല്‍ മതി, വന്നെത്തും
വിശ്വം മുഴുവനും കൈപ്പിടിയില്‍”
എന്ന് മഹാകവി അക്കിത്തം സമീപകാലത്ത് നമ്മെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.
പേരാറിന്റെ വിശുദ്ധിയും ഇളനീരിന്റെ മാധുര്യവും ഒത്തുചേര്‍ന്ന ഭാഷയാണ് എന്റെ ഭാഷയെന്ന് തന്റേടത്തോടെ പറയാന്‍ ഓരോ മലയാളിക്കും സാധിക്കട്ടെ.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: