രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് പണ്ട് നാടുവാഴികള്‍ കോട്ട കെട്ടിയിരുന്നത്. അത്തരം കോട്ടകളെ ‘ഫോര്‍ട്ട്’ എന്നും കോട്ടകെട്ടി സുരക്ഷിതമാക്കുന്ന ഏര്‍പ്പാടിനെ ‘ഫോര്ട്ടിഫിക്കേഷന്’ എന്നും ചരിത്രകാരന്മാര് വിളിച്ചു. അതേ മാതൃകയില്‍ ആധുനിക കാലത്തും ഫോര്ട്ടിഫിക്കേഷന് നടക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തെ ദൃഢപ്പെടുത്താനും കീടാണുക്കളുടെ ആക്രമണത്തില്‍ നിന്ന് അവനെ ചെറുക്കാനും. പേര് ഫോര്ട്ടിഫിക്കേഷന് എന്നുതന്നെയാണെങ്കിലും ഇവിടെ കോട്ടകെട്ടുന്നത് പോഷകങ്ങളും വിറ്റാമിനുകളും കൊണ്ടാണ്. കെട്ടിയുയര്‍ത്തുന്നത് പോഷക ദാരിദ്ര്യം തടുക്കുന്നതിനാണ്. ലക്ഷ്യം അനാരോഗ്യത്തെയും രോഗാണുക്കളെയും ചെറുത്തു നില്‍ക്കുകയെന്നതും.
ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന മിക്ക ജനസമൂഹങ്ങളും അഭിമുഖീകരിക്കുന്ന ഒരു പൊതുപ്രശ്നമുണ്ട്. പോഷകക്കുറവുമൂലമുണ്ടാകുന്ന ആനാരോഗ്യവും അസുഖങ്ങളും. കാരണം അവരുടെ ഭക്ഷണത്തിലെ അത്യാവശ്യപോഷകങ്ങളുടെ കടുത്ത അഭാവം. ഇത്തരത്തിലുള്ള പോഷക ദാരിദ്ര്യം മൂലം ഗുരുതരമായി രോഗപീഡയ്ക്കടിപ്പെട്ടവര്‍ രണ്ട് ശതലക്ഷമെന്ന് ലോകാരോഗ്യ സംഘടനയുടെയും ലോക-ഭക്ഷ്യ കൃഷി സംഘടനയുടെയും കണക്കുകള്‍.
വിറ്റാമിനുകള്‍, പോഷകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ കുറവാണ് ഈ ജനസമൂഹങ്ങളെ വലയ്ക്കുന്നത്. കണക്കുകളെ വിശ്വസിക്കാമെങ്കില്‍, വികസ്വര രാജ്യങ്ങളിലെ 40 ശതമാനം കുട്ടികളുടെ വളര്‍ച്ചയും പോഷകക്കുറവുമൂലം മുരടിച്ചിരിക്കുന്നു. യുവതികളായ അമ്മമാരുടെ കാര്യവും മറിച്ചല്ല. അതുകൊണ്ടാണ്, ഈ ജനസമൂഹങ്ങളെ കരകയറ്റുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അന്തര്‍ദേശീയ പോഷകാഹാര സമ്മേളനത്തില്‍ വന്ന് 159 ലോകരാജ്യങ്ങള്‍ 1992-ല്‍ പ്രതിജ്ഞയെടുത്തത്. ലോകാരോഗ്യ സംഘടനയുടെയും ഭക്ഷ്യ-കൃഷി സംഘടനയുടെയും നേതൃത്വത്തിലാണ് ഈ ലോക സമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഫുഡ് ഫോര്ട്ടിഫിക്കേഷന് എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ ലോക ജനതയെ രക്ഷിക്കാന്‍ കണ്ടെത്തിയ സൂത്രവാക്യം. അതായത് സുസ്ഥിര ഭക്ഷണത്തില്‍ ആവശ്യമുള്ള വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമായ അളവില്‍ ചേര്‍ത്തുകൊടുക്കുക. അരിയിലും ഗോതമ്പിലും ചോളത്തിലുമെന്നു വേണ്ട പാലിലും തൈരിലും ഉപ്പിലും വരെ ഇത്തരത്തില്‍ പോഷണങ്ങള്‍ കലര്‍ത്തി ആരോഗ്യം ദൃഢീകരിക്കാം.
ഒരു സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകള്‍ മൂലമോ, വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലമോ, കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തമോ ഭക്ഷണ വസ്തുക്കളില്‍ നിശ്ചിത പോഷകമൂല്യങ്ങള്‍ തരിമ്പും ഉണ്ടാവാതെ പോകുന്നു. മറ്റു ചിലപ്പോള്‍ ഭക്ഷണത്തിലെ അനാവശ്യ പദാര്‍ത്ഥങ്ങള്‍ വിറ്റാമിനുകളും മറ്റും ആഗിരണം ചെയ്യുന്നതിന് തടസ്സം നില്ക്കുന്നു. ചില സ്ഥലത്തെ ധാന്യമണികളില്‍ കാണുന്ന ഫൈറ്റോകെമിക്കലുകളായ പോളിഫിനോള്‍, ഫൈറ്റിക് ആസിഡ് തുടങ്ങിയവയും തേയിലയില്‍ കാണപ്പെടുന്ന ടാനിന് പദാര്‍ത്ഥവും ഒക്കെ ഫോര്‍ട്ടിഫിക്കേഷന്റെ ശക്തി കണ്ടമാനം കുറയ്ക്കുമെന്നതും സത്യം. അതും പരിഹരിക്കണം.
ലോകത്ത് 87 രാജ്യങ്ങളില്‍ സുസ്ഥിര ഭക്ഷണത്തിനൊപ്പം പോഷകങ്ങള്‍ ചേര്‍ത്തുനല്‍കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. 1953 ല്‍ സസ്യ എണ്ണയായ വനസ്പതിയില്‍ വൈറ്റമിന്‍ എ കൊണ്ട് ഫോര്ട്ടിഫിക്കേഷന് നടത്തിയായിരുന്നു തുടക്കം. പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 1986ല്‍ അയഡിന്‍ കൊണ്ട് ദൃഢപ്പെടുത്തിയ കറിയുപ്പ് ജനങ്ങളിലെത്തി. നാഷണല്‍ ഗോയിറ്റര്‍ നിയന്ത്രണ പദ്ധതി പ്രകാരം നടത്തിയതായിരുന്നു. ആ ഫോര്ട്ടിഫിക്കേഷന്. ഡാര്‍ജലിംഗ് ജില്ലയിലെ അമ്മമാരുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഫോര്‍ട്ടിഫിക്കേഷനിലേക്ക് തിരിഞ്ഞുവെന്നത് പിന്നത്തെ കഥ. ഗോതമ്പില്‍ വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, ഇരുമ്പ്, എന്നിവയുടെ ലഘുമാത്രകളാണ് അന്ന് കൂട്ടിയിളക്കി കൊടുത്തത്. 2006ല്‍ ഗുജറാത്തും തുടര്‍ന്ന് പല സംസ്ഥാനങ്ങളും ബംഗാളിനെ പിന്തുടര്ന്നെത്തി.
പക്ഷെ അന്ധമായി അനുകരിക്കുന്നതിനെ ചോദ്യം ചെയ്ത് വിമര്‍ശകരും രംഗത്തുണ്ട്. പല നാടുകളിലും കഴിയുന്നവരുടെ ഭക്ഷണശീലങ്ങളും ഭക്ഷണത്തിലെ സൂക്ഷ്മ മൂലകങ്ങളും വ്യത്യാസപ്പെട്ടിരിക്കുമെന്നതാണ് ഒരു വിമര്‍ശനം. അപ്പോള്‍ ഒരേയളവില്‍ സൂക്ഷ്മ പോഷണങ്ങള്‍ ചേര്‍ത്ത ഭക്ഷണം എല്ലാവര്ക്കും നല്‍കുന്നത് അപകടം വരുത്തി വയ്ക്കുമെന്നതാണ് അവരുടെ ശങ്ക. മറ്റ് ചിലയിടത്ത് ധാന്യങ്ങള്‍ സ്വയം കൃഷി ചെയ്തുണ്ടാക്കി കഴിക്കുന്ന സമൂഹങ്ങളിലേയ്ക്ക് അമൃതം പകര്‍ന്ന ധാന്യമണികള്‍ എത്തിച്ചേരില്ല തന്നെ.
വൈറ്റമിന്‍ സി അമിതമായി കൂടിയാല്‍ പൊണ്ണത്തടിയും പ്രമേഹവുമാണ് ഫലം. ഇരുമ്പിന്റെ അംശം കൂടിയാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളും പ്രമേഹവും ക്യാന്‍സറും വരെ വരാം. ഇനിയുമുണ്ട് പ്രശ്നം, ധാന്യമണികള്‍ കണ്ടുവരുന്ന ചില ഫൈറ്റോകെമിക്കലുകളും തേയിലയില്‍ കാണുന്ന ടാനിനുമൊക്കെ പോഷകത്തെ സ്വാംശീകരിക്കാനുള്ള മനുഷ്യന്റെ ജൈവികത കുറച്ചു കളയും. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഒഴിവാക്കുന്നതിന് ഭക്ഷണങ്ങളില്‍ പല രാജ്യങ്ങളും ഫോളേറ്റ് ചേര്‍ക്കാറുണ്ട്. പക്ഷേ ശരീരത്തില്‍ ഫോളിക് ആസിഡ് കൂടാന്‍ പാടില്ല. കൂടിയാല്‍ വിവിധ മരുന്നുകളോട് പ്രതികരിക്കുന്നതിനുള്ള ശരീരത്തിന്റെ ജൈവികമായ ശക്തി ക്ഷയിക്കും.
സൂക്ഷ്മ മൂലകങ്ങളും പോഷകങ്ങളും ആവശ്യത്തിലേറെ ആയാലും പ്രശ്നമത്രെ. ഫ്ളൂറിന് ശരീരത്തില്‍ അല്‍പ്പം കൂടുതലെത്തിയാല്‍ പല്ലുകള്‍ക്ക് നിറം മാറ്റം സംഭവിക്കും. ഇനിയുമുണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍.
ആഹാര സാധനങ്ങളുടെ സ്വഭാവം അറിഞ്ഞുമാത്രമേ ഫോര്ട്ടിഫിക്കേഷന് നടത്താവൂ. കാല്‍സ്യം എല്ലിനു നല്ലതാണ്. പാലില്‍ അത് നന്നയി ഉണ്ടുതാനും. പക്ഷേ വൈറ്റമിന്‍ ഡി, ഫോളിക് ആസിഡ്, തുടങ്ങിയവ പാലിലുണ്ടെങ്കില്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തിന് കൂടുതല്‍ ശേഷികിട്ടും. പാലിലെ കൊഴുപ്പില്‍ വൈറ്റമിന്‍ എ വൈറ്റമിന്‍ ഡി, എന്നിവ നന്നായി ലയിച്ചു ചേരും. എന്നാല്‍ കൊഴുപ്പ് നീക്കം ചെയ്ത സ്കിം മില്‍ക്കില്‍ ഇവ തരിമ്പും കലരില്ല. ഫോര്ട്ടിഫിക്കേഷന് മൂലം ഉത്പന്നങ്ങളുടെ വില കൂടാന്‍ ഇടയാക്കുമെന്ന ശങ്കയും ചില കേന്ദ്രങ്ങള്‍ പങ്ക് വയ്ക്കുന്നു.
ഭാരതത്തിലെ ബഹുസഹസ്രം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പോഷക ദാരിദ്യത്തിനെതിരെ കോട്ട കെട്ടി യുദ്ധത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഫോര്ട്ടിഫിക്കേഷന് വഴിതുറക്കുന്ന നിയമങ്ങളുടെ നക്കല്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. വനിത-ശിശു വികസന വകുപ്പിന്റെയും സംയോജിത ശിശു വികസന പദ്ധതി (ഐ.സി.ഡി.എസ്) പ്രകാരം രണ്ടായിരത്തി ഇരുപതോടെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും പോഷകഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി അരി, ഗോതമ്പ്, പാല്, ഉപ്പ് തുടങ്ങി 46 ഇനം സുസ്ഥിര ഭക്ഷണങ്ങള്‍ അവര്‍ കണ്ടെത്തികഴിഞ്ഞു.
പക്ഷേ ശാസ്ത്രം അതിവേഗം മുന്നേറുകയാണ്. ഫോര്‍ട്ടിഫിക്കേഷന്റെ കോട്ടകള്‍ തന്നെ എത്രകാലം നില നില്‍ക്കുമെന്നുറപ്പില്ല. കാരണം ജൈവ സാങ്കേതിക വിദ്യ കുതിച്ചുമുന്നേറുകയാണ്. വൈകാതെ ഫോര്‍ട്ടിഫിക്കേഷന്റെ പ്രസക്തി ഇല്ലാതായേക്കാം. പിന്നെ ധാന്യങ്ങളില്‍ അമൃത് പകരുന്ന ജോലി ബയോടെക്നോളജി ഏറ്റെടുക്കും. വൈറ്റമിന്‍ എ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അതിനുവേണ്ട ജീനൂകള്‍ സന്നിവേശിപ്പിച്ച നെല്ലുവിളയിച്ചു നല്കാന് ശാസ്ത്രം ഇപ്പോഴേ തയ്യാര്‍. ഇരുമ്പ് പകരുന്ന ജീനുകള്‍ സന്നിവേശിപ്പിച്ച ഗോതമ്പും ഫോളിക്കാസിഡ് നിറഞ്ഞ അരിയുമൊക്കെ നമ്മുടെ അടുക്കളയിലെത്തും കാലം വിദൂരമല്ല തന്നെ. അതോടെ ഭക്ഷണത്തില്‍ ‘ഫോര്‍ട്ടു’ നിര്‍മ്മിക്കേണ്ട കാര്യം ആര്‍ക്ക് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: