കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യാത്ര ചെയ്തവരുടെ കൂട്ടത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇടംപിടിച്ചതിന്റെ പേരില്‍ മാധ്യമ, രാഷ്ട്രീയ മേഖലയിലെ ഒരുവിഭാഗം സൃഷ്ടിച്ച ദുരുപദിഷ്ടമായ കോലാഹലങ്ങളുടെ അലയടികള്‍ ഏതാണ്ട് അവസാനിച്ചുവെന്നു തോന്നുന്നു.
പ്രോട്ടോക്കോള്‍ ലംഘിച്ചു കുമ്മനത്തെ അവിടെയെത്താന്‍ ഇടവരുത്തിയത് സുരക്ഷാവീഴ്ചയാണെന്നും മറ്റും മന്ത്രി കടകംപിള്ളി സുരേന്ദ്രന് കലിതുള്ളിയാടി. മതേതര ദൃശ്യമാധ്യമാവതാരകര്‍ക്കു പ്രശ്നം ചര്‍ച്ച ചെയ്തു മതിവന്നില്ല. അവരും മതിയാവോളം കുമ്മനത്തെ പരിഹസിക്കാനും അവഹേളിക്കാനും തുനിഞ്ഞു.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പം കുമ്മനവുമുണ്ടായിരുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്ഥലം എംപി, എംഎല്‍എ, മേയര്‍ തുടങ്ങി പ്രോട്ടോക്കോള്‍ ക്രമമനുസരിച്ചുതന്നെ കുമ്മനവും പ്രധാനമന്ത്രിക്കു പൂച്ചെണ്ടു നല്കി. ബിജെപിയുടെ സംസ്ഥാന നേതൃത്വവും ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ ആരൊക്കെയുണ്ടാവണമെന്നതിന്റെ സംസ്ഥാന ലിസ്റ്റ് പ്രധാനമന്ത്രി കാര്യാലയത്തിലേക്കു സംസ്ഥാന സര്‍ക്കാര്‍ അയച്ചുകൊടുത്തിരുന്നു. ആദ്യം പിഎംഒ അംഗീകരിച്ച പേരുകളില്‍ ഇല്ലാതിരുന്ന പ്രതിപക്ഷ നേതാവ്, മെട്രോമാന് ഇ. ശ്രീധരന് എന്നിവരെക്കൂടി ഉള്‍പ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ ആവശ്യം പിഎംഒ അംഗീകരിച്ചതിനു പുറമെ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എന്നിവരെക്കൂടി ക്ഷണിക്കണമെന്ന പിഎംഒ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
രാജഗോപാലിനു എത്താന്‍ അസൗകര്യമുണ്ടെന്നറിയിച്ചിരുന്നു. കടകംപിള്ളിയുയര്‍ത്തിയ വിവാദം ചാനലുകളിലും സമൂഹമാധ്യമങ്ങളിലും കത്തിനില്‍ക്കുമ്പോല്‍ താന്‍ ക്ഷണം ലഭിച്ചതനുസരിച്ചാണ് പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തതെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ക്കു മുഖ്യമന്ത്രിയോടന്വേഷിച്ചാല്‍ മതിയെന്നും കുമ്മനവും പറഞ്ഞു. എന്നിട്ടും ചിലര്‍ അരിശം തീരാതെ മാധ്യമങ്ങളാല്‍ മണ്ടി നടക്കുകയാണ്.
കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായി. എനിക്ക് ഓര്‍മ്മയുള്ള സംഭവം 1954 ല്‍ പട്ടം താണുപിള്ള തിരുകൊച്ചി സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടന്നതാണ്. അദ്ദേഹം പിഎസ്പിക്കാരനായിരുന്നു. 18 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയെ അഞ്ച് അംഗങ്ങളുടെ കോണ്‍ഗ്രസ് തമിഴ്നാട് കോണ്‍ഗ്രസ് സഖ്യം പിന്തുണ നല്‍കിയാണ് ഭാരണത്തിലേറ്റിയത്.
കന്യാകുമാരിയില്‍ തെക്കേ അറ്റത്തു മഹാത്മാഗാന്ധിക്കു സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ പട്ടം ക്ഷണിച്ചത് പ്രധാനമന്ത്രി നെഹ്റുവിനേയല്ല. പിഎസ്പി അധ്യക്ഷന്‍ ആചാര്യ കൃപലാനിയെ ആയിരുന്നു.
ഒരു വ്യാഴവട്ടത്തിലേറെക്കാലം എഐസിസി സെക്രട്ടറിയായിരുന്ന കൃപലാനി തികഞ്ഞ ഗാന്ധി ശിഷ്യനായിരുന്നുവെന്നു മാത്രമല്ല സ്വതന്ത്രഭാരതത്തില്‍ ഗാന്ധിയന്‍ ചിന്ത അവഗണിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട്, ആദ്യം കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും പിന്നെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും രൂപീകരിച്ച ആളുമായിരുന്നു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ നിലകൊണ്ട ആചാര്യ കൃപലാനിയുടെ സാന്നിധ്യത്തിലായിരുന്നല്ലോ 1977 ല്‍ ജാരുഘട്ടില്‍ മൊറാര്‍ജി മന്ത്രിസഭ സത്യപ്രതിജ്ഞയെടുത്തത്. കോണ്‍ഗ്രസ് നിയമസഭാ നേതാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്, കൃപലാനിയെ ക്ഷണിച്ചതില്‍ തനിക്കുള്ള അതൃപ്തി അറിയിക്കാതിരുന്നില്ല. എല്ലാവരും കന്യാകുമാരിയിലെ പരിപാടിയില്‍ പങ്കെടുത്തു.
ഗാന്ധിജിയുടെ ചിതാഭസ്മം കന്യാകുമാരിയിലെ സമുദ്ര സംഗമത്തില്‍ നിമഞ്ജനം ചെയ്തതും അന്നു തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുനന പട്ടം തന്നെയായിരുന്നു. 1955 ല്‍ പട്ടം മന്ത്രിസഭയെ മറിച്ചിട്ട പനമ്പിള്ളിയുടെ ചാണക്യതന്ത്രം ഗാന്ധി സ്മാരക നിര്‍മിതി പൂര്‍ത്തീകരിക്കുന്നതിന് താല്‍പ്പര്യമെടുത്തില്ല.
അടുത്തവര്‍ഷമായപ്പോഴേക്കും പനമ്പിള്ളി മന്ത്രിസഭ താഴെവീഴുകയും പ്രസിഡന്റ്ഭരണം വരികയും ചെയ്തു. പ്രസിഡന്റ് ഭരണത്തിലാണ് കേരള സംസ്ഥാനം നിലവില്‍ വന്നത്. അതുവരെ രാജപ്രമുഖനായിരുന്ന ശ്രീചിത്തിരതിരുനാള്‍ ഔദ്യോഗിക പദവി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പിന്മാറിയപ്പോള് അഡ്മിനിസ്ട്രേറ്ററായി വന്ന പി.എസ്. റാവു കന്യാകുമാരിയിലെ ഗാന്ധി സ്മാരകം കേരള സര്‍ക്കാര്‍ തന്നെ പൂര്‍ത്തിയാക്കി തമിഴ്നാടിന് കൈമാറുമെന്നു പ്രഖ്യാപിച്ചു.
അതിന്റെ നിര്‍മാണ പൂര്‍ത്തീകരണം ആലപ്പുഴയിലെ ഒരു കോണ്ട്രാക്ടര് നിര്‍വഹിച്ചു. അദ്ദേഹം സ്വന്തം പണം മുടക്കിയാണത് മുഴുമിച്ചത്. കരാര്‍ പ്രകാരമുള്ള തുക തുടര്‍ന്നുവന്ന ജനകീയ സര്‍ക്കാരുകള്‍ കൊടുത്തതിനാല്‍ നിസ്വനായാണ് അദ്ദേഹം തുടര്‍ന്നുള്ള ജീവിതം നയിച്ചതെന്നു മനസ്സിലാകുന്നു.
ആ നിര്ഭാഗ്യവാനെ ഇന്ന് ആരും ഓര്‍ക്കുന്നില്ല. ഈ ലേഖകനും അതു മറന്നു.
പ്രോട്ടോക്കോള്‍ പലപ്പോഴും വലിയ രാഷ്ട്രീയ അലോസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജനതാഭരണകാലത്ത് ഹരിയാനയിലെ വ്യവസായമന്ത്രിയായിരുന്ന ഡോ. മംഗള്‍ സെയിന്‍ റബര്‍ കര്‍ഷകരുമായി സംവദിക്കാന്‍ കന്യാകുമാരിയും കോട്ടയവും സന്ദര്‍ശിക്കാനെത്തി.
അദ്ദേഹത്തെ കണ്ട് വേണ്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയിലെ മുന്‍ ജനസംഘ നേതാവ് ജെ.പി.മാഥുറിന്റെ നിര്‍ദ്ദേശം കിട്ടിയതിനാല്‍ ഞാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഡോ. മംഗള്‍ സെയിനിനും സന്തോഷമായി.
പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് എന്നെ പരിചയപ്പെടുത്തുകയും യാത്രയിലുടനീളം ഞാന്‍ ഒരുമിച്ചുണ്ടാകുമെന്നറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ റസിഡന്‍സിയിലും കന്യാകുമാരിയില്‍ കേരള ഹൗസിലും തമിഴ്നാട് ഹൗസിലും ഒപ്പമുണ്ടായിരുന്നു. അന്ന് സാമൂഹ്യമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നതും രാഷ്ട്രീയ അയിത്തം കുറവായിരുന്നതിനാലുമാവാം പ്രശ്നങ്ങളുണ്ടായില്ല.
സംഘപരിവാര്‍ വിരുദ്ധരെ ഏറ്റവും വിഷമത്തിലാക്കിയ സംഭവങ്ങള്‍ ദല്‍ഹിയിലാണ് നടന്നത്. അതു അരനൂറ്റാണ്ടു മുന്‍പുതന്നെ സംഭവിച്ചു. ദല്‍ഹി നഗരസഭ തെരഞ്ഞെടുപ്പില്‍ ജനസംഘം ഭൂരിപക്ഷം നേടിയതായിരുന്നു പ്രശ്ന കാരണം. രാജ്യതലസ്ഥാനം ജനസംഘം പിടിച്ചെടുത്തത് ലോകമാധ്യമങ്ങള്‍ ശ്രദ്ധിക്കുമായിരുന്നില്ല.
ഭൂരിപക്ഷം ലഭിച്ച കക്ഷിക്കു അഞ്ച്പേരെ നാമനിര്‍ദ്ദേശത്തിലൂടെ നഗരസഭാംഗമാക്കാമായിരുന്നു. അങ്ങനെ ദല്‍ഹിയില്‍ സര്‍വാഭൃതനും അന്നത്തെ പഞ്ചാബ് പ്രാന്തസംഘചാലകനുമായിരുന്ന ലാലാ ഹന്‍സരാജ് ഗുപ്തയെ നഗരസഭാംഗമാക്കി, മഹാപൗര്‍ (മേയര്‍) ആയി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്കും പത്രങ്ങള്‍ക്കും ഉണ്ടായ അരിശം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
ദല്‍ഹി പൊതുസമൂഹത്തില്‍ ലാലാജിക്കുണ്ടായിരുന്ന സമുന്നതസ്ഥാനം ആര്‍ക്കും നിഷേധിക്കാനാവുമായിരുന്നില്ല. അന്ന് പ്രോട്ടോക്കോള്‍ പ്രകാരം രാജ്യത്തെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുമ്പോള്‍ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും ശേഷം മേയറായിരുന്നു സ്വീകരിക്കേണ്ടത്.
യുഎസ് പ്രസിഡന്റ് ഐസന്‍ ഹോവര്‍, എലിസബത്ത് രാജ്ഞി, സോവിയറ്റ് നേതാക്കളായ ബുള്‍ഗാനിന്‍, ക്രൂഷ്ചേവ് തുടങ്ങിയവര്‍ എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ മുന്‍നിരയില്‍ ലാലാജിയുണ്ടായിരുന്നു. ഇവര്‍ക്ക് ദല്‍ഹി നല്കിയ പൗരസ്വീകരണത്തിലും മേയര്‍ ലാലാജി തന്നെ ഹാരമണിയിച്ച് സ്വാഗതം ചെയ്തു.
1962 ലെ ചൈനാ ആക്രമണത്തിനുശേഷം വന്ന റിപ്പബ്ലിക് ദിന പരേഡില്‍ സംഘ സ്വയംസേവകരുടെ 2100 പേരുള്ള സംഘം പങ്കെടുത്തപ്പോഴും സംഘചാലക് ലാലാജി മേയറായിരുന്നു. അതെല്ലാം തികച്ചും പ്രോട്ടോക്കോളിനു വിധേയമായി അന്തസ്സുറ്റ വിധത്തിലായിരുന്നല്ലൊ.
ബ്ലിറ്റ്സിനെയും ന്യൂഏജിനെയും പോലുള്ളവര്‍ ഏറെ മുറുമുറുത്തു. ഇന്നും അതിന്റെ ചൊരുക്കുമാറാതെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണവര്‍. ഹൈദരാബാദ് ഐഐടിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനോടൊപ്പം അന്ന് ഔദ്യോഗിക സ്ഥാനമൊന്നുമില്ലാതിരുന്ന സോണിയാ ഗാന്ധിയും പങ്കെടുത്തിരുന്നു.
ദല്‍ഹിയില്‍ യമുനാ തീരത്ത് നൂറു കണക്കിനേക്കര്‍ സ്ഥലമാണ് രാജകുടുംബത്തിന്റെ ശ്മശാന ഭൂമിക്കായി നീക്കിവച്ചത്, ആസേതുഹിമാചലം ആ കുടുംബാംഗങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ചെലവില്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നത്, ഏതു മുന്‍ നാട്ടുരാജാക്കളെയും മുഗള്‍ ചക്രവര്‍ത്തിമാരെയും കടത്തിവെട്ടുന്നത്ര അളവിലാണ്.
അതിലൊന്നും അനൗചിത്യം കാണാത്തവരാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ബിജെപി പ്രധാനമന്ത്രിയോടൊപ്പം, അതും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം യാത്രചെയ്തതിന്റെ പേരില്‍ ഉറഞ്ഞുതുള്ളിയത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: