കണാരേട്ടന് ബഹുത് ഖുശി ഹെ. മഴ അലറിത്തുള്ളുന്ന കൊച്ചുവെളുപ്പാന്‍കാലത്ത് ഇങ്ങനെ മൂപ്പര് വിളിക്കണമെങ്കില്‍ അത്ര പെരുത്ത സന്തോഷമുണ്ടായിക്കാണണം. സംഭവം തിരക്കിയപ്പോള്‍ അത്ര പെട്ടെന്നൊന്നും പറയുന്നില്ല. ഇനി ഇവിടെ ഒരു ഫ്ളാഷ്ബാക്ക്. വേണമെങ്കില്‍ ചുക്ക് കാപ്പി മോന്തിക്കുടിക്കാം.
അതായത് കണാരേട്ടനും കുടുംബവും കരുതിയത് യോഗ എന്നത് ഹിന്ദു വര്‍ഗീയവാദികളുടെ പൂഴിക്കടകന്‍ പ്രയോഗമാണെന്നാണ്. ഓം സൂര്യായനമ: ഉള്‍പ്പെടെയുള്ളവ ചൊല്ലി ചില അഭ്യാസങ്ങള്‍ കാട്ടുന്നത് ഏതൊക്കെയോ എതിരാളികളെ നേരിടാനുള്ള ഉപായങ്ങളാണെന്നാണ്. അമ്പലമുറ്റത്തും മറ്റും പിള്ളാര് ഇമ്മാതിരി കളികള്‍ കളിക്കുന്നതിനാല്‍ അതങ്ങ് ഉറപ്പിച്ചു.
ഇത് നമുക്കുവേണ്ട. ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ ഇസ്ലാംരക്തം എന്നിങ്ങനെ പാടിപ്പതം വരുത്തിയ ജീവിതമാണ്. അങ്ങനെയുള്ളപ്പോള്‍ ഹിന്ദുവര്‍ഗ്ഗീയവാദികളുടെ അഭ്യാസങ്ങള്‍ സ്വായത്തമാക്കാന്‍ പാടുണ്ടോ? പല പത്രങ്ങള്‍ വായിച്ചിട്ടും ഒരുമാതിരിപ്പെട്ട വിദ്വാന്മാരോടൊക്കെ ചോദിച്ചിട്ടും കണാരേട്ടന് ശരിയായ വിശദീകരണം കിട്ടിയില്ല. അതിന്റെ വിഷമത്തില്‍ പലരേയും തെറിപറഞ്ഞു നടക്കലും ഒരു സ്വഭാവമായിപ്പോയി.
അങ്ങനെയിരിക്കെ അതാ നമ്മുടെ ആസ്ഥാന ഗുരുനാഥന് പറയുന്നു യോഗ മതേതരമാണെന്ന്! ഇതില്‍പ്പരം എന്തു സന്തോഷമാണ് ആ നാട്ടുമ്പുറത്തുകാരന് കിട്ടാനുള്ളത്. യോഗ വ്യായാമമുറയാണ്. മതത്തിന്റെ ഭാഗമല്ല. യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ആസ്ഥാന ഗുരുവര്യന് ഇരട്ടച്ചങ്കന് പ്രഖ്യാപിച്ചത്.
ആയുഷ് വകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു ഈ ഗിരിപ്രഭാഷണം. നേര് നേരത്തെ അറിയിക്കുന്ന പത്രത്തില്‍ നിന്ന് ഇത് വായിച്ചവാറെ കണാരേട്ടന് ഇരിക്കപ്പൊറുതി കിട്ടിയില്ല. അങ്ങനെയാണ് കൊച്ചുവെളുപ്പാന്‍കാലത്ത് വിളിച്ചത്. ഈയൊരു ധാരണയുണ്ടാകാത്തതിനാല്‍ തന്റെ വര്‍ഷങ്ങള്‍ എത്ര പോയെന്ന് പരിഭവപ്പെട്ട അദ്ദേഹത്തിന് മറ്റൊരു സംശയം കൂടിയുണ്ടായി.
നായ എഴുന്നേറ്റ് മൂരിനിവരുന്നതുപോലെയാണ് യോഗയെന്ന് നേരത്തെ ഇരട്ടച്ചങ്കന്റെ നേതാക്കള്‍ പറഞ്ഞിരുന്നില്ലേ എന്നായി കണാരേട്ടന്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ഒരു മാറ്റം വന്നത്. ആ ഗ്രാമീണന്റെ നിഷ്കളങ്കതയിലേക്ക് കല്ലെറിഞ്ഞ് കുളമാക്കേണ്ടെന്ന് കരുതി മറുപടി പറയാന്‍ പോയില്ല. യോഗ ഒരു യോഗമാണ് കണാരേട്ടാ. അതിന് ഒരു യോഗം വേണം എന്നു പറഞ്ഞു നിര്‍ത്തി.
അദ്ദേഹത്തിന് വല്ലതും മനസ്സിലായോ, തൃപ്തികരമായി മറുപടി പറഞ്ഞോ എന്നൊന്നും അറിയില്ല. പേര് എന്തായാലും യോഗയ്ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരുന്നതില്‍ വല്ലാത്തൊരു സന്തോഷം. ഈ യോഗയില്‍ക്കൂടി ലോകം തന്നെ ഭാരതത്തെ ഉറ്റുനോക്കുകയാണെന്നത് മറ്റൊരു കാര്യം. നരേന്ദ്രഭായ് അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടാവുമോ നമ്മുടെ ആസ്ഥാനഗുരുവര്യന്‍ മതേതരയോഗയിലേക്ക് ചമ്രംപടിഞ്ഞത് ?
********************
ഉപയോഗിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം എന്നല്ലേ നമ്മുടെ ഒരു അഗര്‍ബത്തിയുടെ പരസ്യം. ശരിയാണ് ചന്ദനത്തിരിയായാലും ചീരക്കറിയായാലും ഓരോ കാരണങ്ങള്‍ ഉണ്ടാവും. അതു കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷേ, ചിലര്‍ക്ക് അത് പെട്ടെന്ന് പിടികിട്ടും. നമ്മുടെ പുതുവൈപ്പിനില്‍ അടുത്തയിടെ പോലീസുവക ഒരു ചവിട്ടു നാടകവും കൈകൊട്ടിക്കളിയുമുണ്ടായി.
കുഞ്ഞുകുട്ടികള്‍ മുതല്‍ നവയൗവനങ്ങളും വൃദ്ധരും വരെ അതിന്റെ ഫലം അനുഭവിക്കുകയാണ്. ഭരണകക്ഷിയിലെ പ്രമുഖ വിഭാഗം പോലും ആഭ്യന്തര വകുപ്പിന്റെ ചെപ്പക്കുറ്റിക്കടിച്ചു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലത്രേ. പുതുവൈപ്പിനിലെ ഗ്യാസ് സംഭരണ ശാല തകര്‍ക്കാന്‍ കരാറെടുത്ത തീവ്രവാദി-മാവോയിസ്റ്റ് സ്വാധീനം ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയതാണെന്നാണ് വ്യാഖ്യാനം.
എല്ലാ തരത്തിലും അനുവാദം ലഭിച്ച ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി)സംഭരണി നിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ അതിന് തടസ്സം സൃഷ്ടിക്കലാണത്രെ നടേ പറഞ്ഞ വിഭാഗത്തിന്റെ പണി. അങ്ങനെ വരുമ്പോള്‍ അത് തല്ലിക്കെടുത്തേണ്ടിവരും. ഇപ്പോള്‍ ആ സൗഭാഗ്യം കിട്ടിയിരിക്കുന്നത് യതീഷ് ചന്ദ്രയെന്ന സുമുഖനായ ചെറുപ്പക്കാരനാണ്. ടിയാന് യോഗ ചെയ്യുന്നതുകൊണ്ട് നല്ല മെയ്വഴക്കമാണ്.
ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും മനുഷ്യക്കീടങ്ങളെ ചാര്‍ജ്ജുചെയ്യും. പിന്നെ ഒരു മേധാവി പറഞ്ഞിട്ടില്ലേ, നാലുകോടി പേര്‍ക്ക് ഗുണമുള്ള ഒരു സംവിധാനം വരുമ്പോള്‍ നാലായിരം പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും എന്ന്. ബുദ്ധിമുട്ടുള്ളവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി നാലു കോടി പേരുടെ അനുഭാവം പറ്റാനാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കേണ്ടതത്രെ.
ഈ നാലായിരം പേരില്‍ അംബാനി, ടാറ്റ, റിലയന്‍സ് തുടങ്ങിയ തനി പാവങ്ങള്‍ ഉണ്ടായാല്‍ എന്തുവേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. തീരുമാനം വരുമ്പോഴേക്കും പിന്നെ തീരുമാനമേ എടുക്കേണ്ടി വരില്ല എന്നാവുമോ എന്തോ?
പിന്നെ, ആസ്ഥാനഗുരുവര്യന്‍ പുതുവൈപ്പിനിലെ സംഭരണശാലയ്ക്ക് ഫുള്‍ ഗ്യാരണ്ടി കൊടുത്തിട്ടുണ്ട്. നേരത്തെ നമ്മുടെ കണാരേട്ടന് നേര്‍വഴി കാണിച്ചുകൊടുത്ത അതേ ഉപദേശം പുതുവൈപ്പിനിലെ ഗ്യാസ് സംഭരണ ശാല സംബന്ധിച്ചുമുണ്ട്.
സുനാമി, ബോംബ് സ്ഫോടനം തുടങ്ങിയവ പോലും സംഭരണശാലയെ തകര്‍ക്കില്ലെന്നാണ് കട്ടായം പറഞ്ഞിരിക്കുന്നത്. ഇത്ര കൃത്യമായി പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി പേടിക്കാനില്ല. അഥവാ വല്ലതും പറ്റിയാല്‍ പേടിക്കയും വേണ്ട. സര്‍ക്കാരില്ലേ കൂടെ ! സമരത്തില്‍ പങ്കെടുത്ത് അടികിട്ടിയവരും കിട്ടാനുള്ളവരും ഇനി മതേതര യോഗ ചെയ്ത് ശരീരമൊക്കെ പുഷ്ടിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചുകൊള്ളിന്‍.
നാലുകോടി പേര്‍ക്ക് സൗകര്യം കിട്ടാന്‍ നാലായരം പേര് സിദ്ധികൂടണമെന്നാണെങ്കില്‍ അങ്ങനെയുമാകട്ടെ. പണ്ട് പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തൂണ് ഉറയ്ക്കാനായി മനുഷ്യനെ ബലികൊടുത്ത് ചോരയൊഴിക്കാറുണ്ടായിരുന്നുവത്രെ. അത് ഇപ്പോഴും വേണമെന്നാണ് വ്യംഗ്യം. പേരും മറ്റും മാറ്റി ഒരു ന്യൂജന്‍ ലുക്ക് വരുത്തിയാല്‍ പോരേ?
********************
43–ാം വയസ്സിലേക്കു കടക്കുന്ന ഒരു ഭീകരതയെകുറിച്ച് ഇന്ന് ഒരു മിനിറ്റ് ചിന്തിക്കണം. 1975 ജൂണ്‍ 25 ന് പാതിരാത്രിയില്‍ ഓരോ വീട്ടുപടിക്കലേക്കും അതിന്റെ ദംഷ്ട്രകള്‍ നീണ്ടുവന്നു. അന്നത്തെ രാഷ്ട്രീയ ഫാഷിസത്തെ നെഞ്ചേറ്റുന്ന ഖദറുകാര്‍ ഇന്നുമതിനെ കൊഞ്ചിക്കുന്നുണ്ട്. ആ ഇരുട്ടിന്റെ അണിയറയില്‍ നടന്ന ക്രൂരതകളത്രയും ആസ്വദിച്ചിരുന്ന അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി പിന്നീടു പറഞ്ഞു: പശ്ചാത്താപം ഒട്ടുമില്ല.
ഇത്തരം മാനസികാവസ്ഥയുള്ള രാക്ഷസീയ ശക്തികളെ പടിവാതില്ക്കല് എത്തിനോക്കാന്‍ പോലും അനുവദിക്കരുതെന്ന് ഓരോ ജൂണ്‍ 25നും നാം പ്രതിജ്ഞയെടുക്കണം. ആ പ്രതിജ്ഞക്ക് കരളുറപ്പ് കിട്ടാന്‍ അടുത്തിടെ മാതൃഭൂമി ബുക്സ് പുറത്തിറങ്ങിയ പി.എസ് ശ്രീധരന്‍പിള്ളയുടെ അടിയന്തരാവസ്ഥ : ഇരുട്ടിന്റെ നിലവിളികള്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: