കാസര്‍കോട്: രാജ്യത്തെ വികസന പ്രക്രിയയില്‍ കേന്ദ്ര സര്‍ക്കാറിന് പദേശം നല്‍കേണ്ട നീതി ആയോഗിന്റെ നിലപാടുകള്‍ ദിശാ ബോധമില്ലാത്തതും കേന്ദ്രസര്‍ക്കാറിനെയും, ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
അഖിലേന്ത്യാ വ്യാപകമായി ബിഎംഎസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാതല പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ തുടങ്ങിയവരെ സംബന്ധിച്ച് പ്രതിലോമകരമായ നിലപാടുകളാണ നീതി ആയോഗ് സ്വീകരിക്കുന്നത്. സാധാരണ ജനങ്ങളുമായി യാതൊരു ബന്ധമില്ലാത്തവരും യഥാര്‍ത്ഥ ഭാരത സാഹചര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമാണ് ടീംഇന്ത്യ എന്ന പേരില്‍ നീതി ആയോഗിനെ നിയന്ത്രിക്കുന്നത്.
രാജ്യത്തിന്റെ വികസനത്തിന് യാതൊരു സംഭാവനയും ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല. സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും യാതൊരു താല്പര്യങ്ങള്ക്കും വിലകല്‍പ്പിക്കാത്ത ഇവരുടെ നിലപാടുകള്‍ തിരുത്തിക്കൊണ്ട് തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി നീതി ആയോഗിനെ പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കൃഷ്ണന് അധ്യത വഹിച്ചു. എ.കേശവ, ഐത്തപ്പ, ബി.വി.സത്യനാഥ്, എ.ഓമന, പി.പ്രിയ, ഗോപാലന് നായര്‍, കെ.വി.ബാബു, കെ.എ.ശ്രീനിവാസന്, അനില്‍.വി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: