കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നേന്ത്രക്കായ വിപണനത്തില്‍ വന്‍ വെട്ടിപ്പുമായി സിപിഎം. ജില്ലയുടെ നേന്ത്രവാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സ്വാശ്രയ കര്‍ഷക സമിതിയാണ് വെട്ടിപ്പ് നടത്തി കര്‍ഷകരെ പിഴിയുന്നത്.
കര്‍ഷകര്‍ക്ക് ന്യായ വില നല്കി മടിക്കൈയില്‍ കാര്‍ഷിക ഉല്പന്നങ്ങള് സംഭരിക്കാന്‍ രൂപീകരിച്ച സംഘമാണ് അവരെ പറ്റിക്കുന്നത്. പ്രധാനമായും നേന്ത്രക്കുലകളാണ് ഈ സംഘം ശേഖരിക്കുന്നത്. പുറമെ നിന്നുള്ള കച്ചവടക്കാര്‍ നേന്ത്രക്കായയ്ക്ക് നല്ല വില നല്കുമ്പോള് കര്‍ഷകര്‍ക്ക് ന്യായമായ വില നല്കാന് സംഘം തയ്യാറാവുന്നില്ലെന്നാണ് ആരോപണം.
35 മുതല്‍ 37 രൂപ വരെ മാത്രം സംഘം നല്‍കുന്നത്. പുറമേനിന്നുള്ള കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം വരെ നേരിട്ടെത്തി 39 രൂപ മുതല്‍ 40 രൂപ വരെ നല്കി കര്‍ഷകരില്‍ നിന്ന് നേന്ത്രക്കായ ശേഖരിച്ചിരുന്നു.
സ്വാശ്രയസംഘം ശേഖരിക്കുന്ന നേന്ത്രക്കുലകള്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇവര്‍ വന്‍ വിലയ്ക്ക് കോഴിക്കോട്, ബോംബെ തുടങ്ങിയ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നു. പുറം മേഖലകളില്‍ കാഞ്ഞങ്ങാടന്‍ നേന്ത്രക്കായ എന്നറിയപ്പെടുന്ന മടിക്കൈയിലെ നേന്ത്രക്കായകള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. അതുകൊണ്ടുതന്നെ വന്‍കിട കമ്പനികള്‍ മോഹവിലക്ക് ഈ കായ വാങ്ങാന്‍ മത്സരിക്കുന്നുണ്ട്. പ്രധാനമായും ചിപ്സ് ഉണ്ടാക്കാനാണ് നേന്ത്രക്കായ ഉപയോഗിക്കുന്നത്. ഒരു കിലോ ചിപ്സിന് 300 രൂപ വരെയാണ് വില. ഓണം-റംസാന് പോലുള്ള ആഘോഷ വേളകളില്‍ വില വന്‍തോതില്‍ കുതിച്ചുയരുകയും ചെയ്യും. ഇതിന്റെ തോല് മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.
സ്വാശ്രയ സംഘവും വന്‍കിട കമ്പനികളും നേരിട്ട് കച്ചവടക്കരാര്‍ ഉറപ്പിച്ചാല്‍ സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭം ഉള്‍പ്പെടെ വന്‍ തുക സംഘത്തിന് തന്നെ ലഭിക്കുകയും അതിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാനും കഴിയും. എന്നിട്ടുപോലും സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനമായ സ്വാശ്രയ കര്‍ഷക സമിതി വന്‍കിട കമ്പനികളുമായി നേരിട്ട് കച്ചവടം ഉറപ്പിക്കാത്തതാണ് ദുരൂഹതയുണ്ടാക്കുന്നത്. സീസണ് ദിവസേന ടണ്‍ കണക്കിന് നേന്ത്രക്കുലകളാണ് മടിക്കൈയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും കയറ്റി അയക്കുന്നത്. കിലോവിന് രണ്ട് രൂപ വെച്ച് കമ്മീഷന് കിട്ടിയാല്‍ തന്നെ പ്രതിദിനം പതിനായിരങ്ങള്‍ കൈമറിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷകര്‍ക്ക് ന്യായവില നല്‍കാതെ സംഘത്തിന്റെ മറവില്‍ വന്‍വെട്ടിപ്പ് നടത്തുന്നതില്‍ പ്രദേശിക നേതാക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് ഉല്പാദകര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: