കരുവാരകുണ്ട്: കല്കുണ്ട് അല്ഫോന്സ്ഗിരി ജംഗ്ഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെത്തിയ പുലികള്‍ ആറ് ആടുകളെ കൊന്നു.
തടത്തില്‍ യാസിര്‍ ബാബുവിന്റേതാണ് ആടുകള്‍. വീടിനടുത്ത് ആടുകള്‍ക്കു വേണ്ടി നിര്‍മ്മിച്ച താല്കാലിക ഷെഡില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ഓരോന്നായി ഷെഡിനു പുറത്തേക്ക് പുലികള്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് വക വരുത്തിയത്.
കയറിന്റെ കുരുക്കില്‍ കുടുങ്ങി ആടുകളുടെ കഴുത്തിന്റെ ഭാഗം മുറിഞ്ഞ നിലയിലായിരുന്നു. കെട്ടു പൊട്ടിച്ച് ആടുകളെ ദൂരേക്ക് കൊണ്ടു പോകുവാനുള്ള പുലികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വെറ്റിനറി സര്ജന് സജീവ്കുമാര്‍ പറഞ്ഞു.
എന്നാല്‍ കൂട്ടില്‍ കെട്ടാതെ നിര്‍ത്തിയ ഒരാടിനെ ഒരു കിലോമീറ്റര്‍ ദൂരമുള്ള കുന്നിന് ചെരിവിലെത്തിച്ച് പുലികള്‍ ഭക്ഷണമാക്കുകയും ചെയ്തു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു ആടുകളില്‍ ഒരെണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവിക്കുമായിരുന്നുവെന്നും യാസിര്‍ ബാബു പറഞ്ഞു.
എഴുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേ സമയം ആടുകളെ പുലികള്‍ വകവരുത്തിയ സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സംഭവസ്ഥലത്തേക്ക് അവര്‍ തിരിഞ്ഞു നോക്കിയില്ലന്നും നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്.
എന്നാല്‍ കാട്ടുമുയലോ പന്നിയോ അപകടത്തില്‍ പെട്ട് ചത്തെന്നറിഞ്ഞാല്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരെ ഉടനടി സ്ഥലം സന്ദര്‍ശിക്കാനെത്തുമെന്നും ഇത്രയും ഭീകരമായ പ്രശ്നത്തെ അവര്‍ നിസാരവല്‍ക്കരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രദേശത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചാല്‍ പുലിയെ പിടികൂടാമെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട ഓലപാറയില്‍ കഴിഞ്ഞവര്‍ഷം വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്നുപുലികള് അകപ്പെട്ടിരുന്നു.
കിഴക്കേത്തല ടൗണിലും, കുട്ടത്തിയിലും ,അരിമണല്‍ ഭാഗത്തും ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ പുലികളെ നേരിട്ടു കണ്ടിരുന്നു. കല്കുണ്ട് മേഖലയില്‍ ടാപ്പിങ്ങ് തൊഴിലാളികളടക്കമുള്ളവര്‍ പുലികളെ നേരിട്ട് കണ്ടതായും സൂചനയുണ്ട്. കുട്ടികളടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. മലഞ്ചെരുവുകളിലെ പാറയിടുക്കുകളിലും മടകളിലുമാണ് ഇവയുടെ വാസമെന്നും കര്‍ഷകര്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് കുണ്ടോടമലവാരത്ത് മേയാന്‍ വിട്ടിരുന്ന പോത്തുകളെ വകവരുത്തി പുലികള്‍ ഭക്ഷണമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കശാപ്പ് ചെയ്യുന്ന പുലികളെ വനംവകുപ്പധികൃതര്‍ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്നും പുലികള്‍ വകവരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലതാമസമൊഴിവാക്കി നഷ്ടപരിഹാരം ഉടന്‍ വിതരണം നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: